ദോഹ- സംഘപരിവാർ ശക്തികൾ ഇന്ത്യൻ ജനതയെ ഭീതിവത്കരിക്കുന്നു എന്ന് തൃശൂർ ഡി.സി.സി. പ്രസിഡന്റ് ടി.എൻ. പ്രതാപൻ അഭിപ്രയപ്പെട്ടു. ഓരോ പൗരന്റെയും സ്വകാര്യ ജീവിതത്തിനു പോലും ഭീഷണി നേരിടുന്നു. ഇന്ത്യൻ ജനതയെ ചേരി തിരിച്ചു വർഗീയ വത്കരിക്കാനുള്ള വർഗീയ ശക്തികളുടെ അജണ്ടയുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അതിൽ നിന്ന് ഇന്ത്യൻ ജനതയെ മോചിപ്പിക്കാൻ പോരാടുന്ന കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരണമെന്നു അദ്ദേഹം പറഞ്ഞു. ഇൻകാസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി.എൻ. പ്രതാപൻ.
ഇൻകാസ് തൃശൂർ ജില്ലാ പ്രസിഡന്റ് നാസർ കറുകപ്പാടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി. വൈസ് പ്രെസിഡന്റുമാരായ ജോസ് വള്ളൂരും അഡ്വ. ജോസഫ് ടാജറ്റും സംസാരിച്ചു.
ഇന്ത്യൻ സമൂഹത്തെ സംഘപരിവാർ ശക്തികളിൽ നിന്ന് മോചിപ്പിക്കേണ്ടത് ഓരോ കോൺഗ്രസുകാരന്റെയും ഉത്തരവാദിത്തമാണെന്നും അതിനു ഇന്ദിരാ ഗാന്ധിയുടെ ജീവിതവും ആശയവും നമുക്കു വഴികാട്ടിയാണെന്നും ജോസ് വെള്ളൂർ അഭിപ്രായപ്പെട്ടു. പ്രവാസ ലോകത്തെ കൂട്ടായ്മ ഇന്ത്യൻ ജനതക്ക് ഐക്യത്തിന്റെ പ്രസക്തി വിളിച്ചോതുന്നതാണെന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന വൻ ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. ഖത്തറിന്റെ ഭക്ഷ്യ സ്വയംപര്യാപ്ത ശ്രമങ്ങൾക്ക് പിന്തുണ പകരുന്നതിന്റെ ഭാഗമായി പങ്കെടുത്ത എല്ലാവർക്കും പച്ചക്കറി തൈകൾ വിതരണം ചെയ്തു. ജോർജ് അഗസ്റ്റിൻ സ്വാഗതവും എ.പി. മണികണ്ഠൻ നന്ദിയും പറഞ്ഞു.