നാലു വർഷത്തിനിടെ വിതരണം ചെയ്തത് ആറു കോടി
ജിദ്ദ- സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരമുള്ള മരണാനന്തര കുടുംബ സഹായം 6 ലക്ഷം രൂപയാക്കി ഉയർത്തി. നിലവിൽ അഞ്ചു ലക്ഷമാണ്. 2018 വർഷം മുതലാണ് പുതുക്കിയ തുക പ്രാബല്യത്തിൽ വരിക. അടുത്ത വർഷത്തേക്കുള്ള പദ്ധതിയുടെ കാമ്പയിൻ നവംബർ ഒന്നിന് ആരംഭിക്കും. രണ്ട് മാസം നീണ്ടുനിൽക്കുന്ന കാമ്പയിൻ ഡിസംബർ 31 ന് സമാപിക്കും.
നവംബർ മൂന്നാം വാരം മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ നടക്കുന്ന 38 ാം വാർഷിക പരിപാടിയിൽ നടപ്പു വർഷത്തെ മരണാനന്തര ആനുകൂല്യത്തിന് അർഹരായ മുപ്പതോളം കുടുംബങ്ങൾക്കുള്ള ഫണ്ട് വിതരണം ചെയ്യുമെന്ന് നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടിയും ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ടും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2014 ൽ പദ്ധതി തുടങ്ങുമ്പോൾ 16,000 അംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 36,000 അംഗങ്ങളുണ്ട്. നാലു വർഷത്തിനിടെ കുടുംബനാഥന്റെ മരണം മൂലം അനാഥരായ 96 പ്രവാസി കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകി. കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായി മാരകരോഗത്തിന് അടിപ്പെട്ടവർക്ക് പ്രത്യേക ചികിൽസാ സഹായങ്ങളും നൽകി വരുന്നു. മാരക രോഗികളായ 250 ഓളം പേർക്ക് ഒരു കോടിയോളം രൂപ വിതരണം ചെയ്തതായി അവർ വെളിപ്പെടുത്തി.
പദ്ധതിയിൽ അംഗങ്ങളാകുന്നതിന് ജാതി, മത, രാഷ്ട്രീയ പരിഗണനകൾ നോക്കാറില്ല. ആർക്കും പദ്ധതിയിൽ അംഗങ്ങളാവാം. ചട്ടങ്ങളും നിയമങ്ങളും പാലിച്ച് ലളിതവും സുതാര്യവുമായി നടത്തുന്ന പദ്ധതി എന്ന നിലയിൽ പ്രവാസി സമൂഹത്തിന്റെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞതായി അവർ അവകാശപ്പെട്ടു.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റികൾ മുഖേന നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഏരിയ, ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ മേൽനോട്ടത്തിലാണ് നടക്കുക. പദ്ധതിയിൽ അംഗമാകാൻ ഉദ്ദേശിക്കുന്നവർ നിശ്ചിത ഫോറത്തിൽ പേര്, ഇഖാമ നമ്പർ, വീട്ടുപേര്, നാട്ടിലെ സ്ഥലം, ജില്ല, നാട്ടിലെ മൊബൈൽ നമ്പർ, സൗദിയിലെ മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ രേഖപ്പെടുത്തണം. നാട്ടിൽ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മേൽ സൂചിപ്പിച്ച വിവരങ്ങൾ നിർബന്ധമാണ്.
പദ്ധതിയിൽ അംഗമാകുന്നവരുടെ വിവരങ്ങൾ ഓൺലൈൻ ഡാറ്റാ ബേസിലൂടെ പരിശോധിക്കാൻ അവസരം ഒരുക്കും. ഇതിനായി ംംം.ാ്യസാരര.ീൃഴ വെബ്‌സൈറ്റിൽ ഇഖാമ നമ്പർ, അംഗത്വ നമ്പർ ഇവയിലേതെങ്കിലും നൽകി അംഗത്വ വിവരം പരിശോധിക്കാം. ഇന്റർനെറ്റ് ബ്രൗസറുകൾക്കു പുറമെ സ്മാർട്ട് ഫോണുകളിലും സപ്പോർട്ട് ചെയ്യുന്ന തരത്തിലാണ് വെബ്‌സൈറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സപ്പോർട്ട് ചെയ്യും വിധം മികച്ച സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ സാധാരണക്കാർക്കും ഗ്രഹിക്കാനായി മലയാളം മലയാളത്തിലും ലഭ്യമാണ്.
കെ.എം.സി.സി കേരള ട്രസ്റ്റിലാണ് പദ്ധതി വിഹിതം നിക്ഷേപിച്ചിരിക്കുന്നത്. വിശ്വാസ്യതയും സുതാര്യതയും ഉറപ്പു വരുത്തുന്നതിന് അംഗങ്ങൾക്കും എസ്.എം.എസ് സന്ദേശം അയക്കുന്നതിനും സംവിധാനമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സാരരമൌറശ@ഴാമശഹ.രീാ വിലാസത്തിൽ മാത്രമാണ് അയക്കേണ്ടതെന്നും നേതാക്കൾ അറിയിച്ചു. സെൻട്രൽ കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും സുരക്ഷാ പദ്ധതി നടത്തുന്നുണ്ടെന്നും ഇങ്ങനെ ചേരുന്നവർ മരണപ്പെട്ടാൽ കുടുംബത്തിന് 11 ലക്ഷം രൂപവരെ സഹായം ലഭിക്കുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു.
ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് പുതിയ കമ്മിറ്റി ഉടൻ ഉണ്ടാവുമെന്നും അതുകൂടി പൂർത്തിയാക്കുന്നതോടെ നാഷണൽ കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തുമെന്നും നേതാക്കൾ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കെ.എം.സി.സിക്ക് പാർട്ടി നേതൃത്വം അർഹിക്കുന്ന പരിഗണന നൽകുന്നുണ്ടെന്നും കെ.എം.സി.സി അംഗങ്ങളായിരിക്കെ പലർക്കും നിയമസഭാംഗങ്ങളാകാൻ കഴിഞ്ഞിട്ടുണ്ടെന്നും അതിനാൽ പരിഭവമില്ലെന്നും അവർ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ട്രഷറർ സി. ഹാഷിം എഞ്ചിനീയർ, ഓർഗനൈസിങ് സെക്രട്ടറി എ.പി ഇബ്രാഹിം മുഹമ്മദ്
ജിദ്ദ, മക്ക കമ്മിറ്റി ഭാരവാഹികളായ അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, സി.കെ. ഷാക്കിർ, കുഞ്ഞിമോൻ കാക്കിയ എന്നിവരും പങ്കെടുത്തു.