ജിദ്ദ - അടുത്ത മാർച്ച് 14 മുതൽ നടപ്പാക്കുന്ന തൊഴിൽ കരാർ ബന്ധം മെച്ചപ്പെടുത്തൽ പദ്ധതി പ്രകാരം തൊഴിൽ കരാർ കാലാവധിക്കിടെ വിദേശ തൊഴിലാളികളുടെ തൊഴിൽ മാറ്റത്തിന് നഷ്ടപരിഹാരം നൽകൽ അടക്കമുള്ള വ്യവസ്ഥകൾ ബാധകമാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. കരാർ കാലാവധി പൂർത്തിയാകുമ്പോൾ തൊഴിൽ മാറ്റത്തിന് തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. കരാർ കാലാവധിക്കിടെ തൊഴിൽ മാറുന്നതിന് 90 ദിവസ നോട്ടീസ് കാലവും മറ്റു വ്യവസ്ഥകളും പാലിക്കൽ നിർബന്ധമാണ്.
കരാർ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ്, സൗദിയിൽ പ്രവേശിച്ച് ഒരു വർഷം പിന്നിട്ട ശേഷം വിദേശ തൊഴിലാളികൾക്ക് തൊഴിൽ മാറ്റത്തിന് അവകാശമുണ്ടാകും. ഇതിന് തൊഴിൽ കരാറിൽ അനുശാസിക്കുന്ന നഷ്ടപരിഹാര വ്യവസ്ഥ പാലിക്കേണ്ടിവരും. ഇങ്ങിനെ തൊഴിൽ മാറുന്നതിന് 90 ദിവസ നോട്ടീസ് കാലം പാലിക്കലും നിർബന്ധമാണ്. കൂടാതെ തൊഴിൽ നിയമം ലംഘിക്കാനും പാടില്ല.
കരാർ കാലാവധി പൂർത്തിയായ ശേഷമാണെങ്കിൽ തൊഴിൽ മാറ്റത്തിന് നഷ്ടപരിഹാര വ്യവസ്ഥ ബാധകമായിരിക്കില്ല. ആദ്യ കരാർ കാലാവധി പൂർത്തിയായ ശേഷമുണ്ടാക്കുന്ന രണ്ടാമത്തെ തൊഴിൽ കരാറിലും പിന്നീടുള്ള കരാറുകളിലും ആദ്യ വർഷം തന്നെ തൊഴിൽ മാറ്റത്തിന് തൊഴിലാളിക്ക് അവകാശമുണ്ടാകും. തൊഴിൽ മാറ്റത്തിനുള്ള തൊഴിലാളിയുടെയും പുതിയ തൊഴിലുടമയുടെയും യോഗ്യതാ വ്യവസ്ഥകൾക്ക് അനുസരിച്ചാണ് തൊഴിൽ മാറ്റം അനുവദിക്കുക. ഈ സാഹചര്യത്തിലും തൊഴിൽ കരാറിൽ അനുശാസിക്കുന്ന നഷ്ടപരിഹാര വ്യവസ്ഥയും 90 ദിവസ നോട്ടീസ് കാലം പാലിക്കലും തൊഴിലാളിക്ക് ബാധകമായിരിക്കും.
മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവാ പോർട്ടൽ വഴിയാണ് വിദേശ തൊഴിലാളികളുടെ തൊഴിൽ മാറ്റത്തിനുള്ള അപേക്ഷ പുതിയ സ്ഥാപനം നൽകേണ്ടത്. തൊഴിൽ മാറ്റത്തിനുള്ള ആഗ്രഹം സ്ഥിരീകരിക്കുന്നതിനും ഖിവാ പോർട്ടൽ വഴി അപേക്ഷാ നടപടികൾ പൂർത്തിയാക്കുന്നതിനും തൊഴിലാളിക്ക് എസ്.എം.എസ് അയക്കും. ഇതിനു ശേഷം തൊഴിൽ മാറ്റ അനുമതി അറിയിച്ച് ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും മന്ത്രാലയം വിവരം നൽകും.
തൊഴിൽ കരാർ കാലാവധിക്കിടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ വഴി റീ-എൻട്രിക്കുള്ള അപേക്ഷ സ്വയം സമർപ്പിക്കാൻ പുതിയ റീ-എൻട്രി സേവനം തൊഴിലാളികൾക്ക് അവസരമൊരുക്കും. ഇതേപോലെ തൊഴിൽ കരാർ കാലാവധിക്കിടെയും കാലാവധി അവസാനിച്ച ശേഷവും ഫൈനൽ എക്‌സിറ്റിന് അബ്ശിർ വഴി നേരിട്ട് അപേക്ഷ നൽകാനും തൊഴിലാളിക്ക് സാധിക്കും. കരാർ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് ഫൈനൽ എക്‌സിറ്റ് നേടുന്നതിന് തൊഴിലാളിയും തൊഴിലുടമയും തമ്മിൽ ഒപ്പുവെക്കുന്ന തൊഴിൽ കരാർ അനുശാസിക്കുന്നതു പ്രകാരമുള്ള നഷ്ടപരിഹാര വ്യവസ്ഥ ബാധകമായിരിക്കും. തൊഴിൽ കരാർ അവസാനിപ്പിക്കുന്ന കക്ഷിയാണ് നഷ്ടപരിഹാരം വഹിക്കേണ്ടതെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
ഹൗസ് ഡ്രൈവർ, വേലക്കാരി, ഇടയൻ, തോട്ടം ജോലിക്കാരൻ, ഹാരിസ് എന്നീ പ്രൊഫഷനുകളിൽ രാജ്യത്ത് കഴിയുന്നവർക്ക് പുതിയ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. സ്വകാര്യ മേഖലാ ജീവനക്കാർക്കു മാത്രമാണ് പുതിയ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുക. സ്വകാര്യ മേഖലാ ജീവനക്കാരുമായി ബന്ധപ്പെട്ട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വെല്ലുവിളികൾ നേരിട്ടിരുന്നു. ഈ വെല്ലുവിളികൾക്ക് പുതിയ പദ്ധതി വഴി പരിഹാരം കാണുകയാണ് ചെയ്യുന്നതെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.