തിരുവനന്തപുരം- റെയ്ഡിനിടെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന ബിനീഷ് കോടിയേരിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൂജപ്പുര പോലീസ് കേസെടുത്തു. റെയ്ഡിന് പിന്നാലെ വീട്ടിൽ നിന്നിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുനിർത്തിയാണ് പോലീസ് നോട്ടീസ് നൽകിയത്.
തങ്ങൾക്ക് ബിനീഷിന്റെ ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും റെയ്ഡിന് വന്ന ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ വേണമെന്നും പോലീസ് അറിയിക്കുകയായിരുന്നു. തുടർന്ന് വിവരങ്ങൾ കൈമാറാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ച ശേഷമാണ് ഇ.ഡിയുടെ വാഹനത്തെ പോകാൻ അനുവദിച്ചത്. നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നാണ് ബന്ധുക്കൾ പരാതി നൽകിയതെന്നും റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൂജപ്പുര സി.ഐ വ്യക്തമാക്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലും കുടുംബം പരാതി നൽകി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചുവെന്നും ബിനീഷ് കോടിയേരിയുടെ കുടുംബം ആരോപിച്ചിരുന്നു.