മുസാഫിർ
മൗലാനാ ഇനാം ഖുറേഷി എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഴുപതുകളിലെ ഏതോ ഒരു ആഴ്ചയിൽ, എ.എസിന്റേയോ നമ്പൂതിരിയുടെയോ എന്നോർമയില്ല, മനോഹരമായ ഇല്ലസ്‌ട്രേഷനോടെ അച്ചടിച്ച് വന്ന കഥയാണ് കുഞ്ഞബ്ദുല്ലയുടെ ഞാൻ വായിച്ച ആദ്യകഥ. അന്ന് ഹൈസ്‌കൂൾ വിദ്യാർഥിയായിരുന്ന ഞാൻ മാതൃഭൂമിയുടെ ബാലപംക്തി പേജിൽ നിന്നാരംഭിച്ച് താളുകൾ ഇടത്തോട്ടാണ് മറിച്ചുകൊണ്ടിരുന്നത്. മൗലാനാ ഇനാം ഖുറേഷിയുടെ ചിത്രം പെട്ടെന്ന് എന്റെ കാഴ്ചയെ പിടിച്ചു നിർത്തി. പിന്നെ ആ തലക്കെട്ടിന്റെ പുതുമ. അതിലേറെ, അതെഴുതിയ ആളുടെ പേരിന്റെ കൗതുകം പുനത്തിൽ കുഞ്ഞബ്ദുല്ല.
വീണ്ടും 'പുനത്തിൽ കഥകൾ' വന്നു. മായിൻകുട്ടി സീതി എന്ന കഥയും മാതൃഭൂമിയിലാണ് പ്രസിദ്ധീകരിച്ചത് നമ്പൂതിരിയുടെ വര, ആ കഥയ്ക്ക് കസവ് ചാർത്തി. മദ്രസാധ്യാപകനായ മായിൻകുട്ടി സീതിയെപ്പോലുള്ള നിരവധി മൊല്ലാക്കമാർ, കടത്തനാട്ടിൽ മാത്രമല്ല, ഞങ്ങളുടെ ഏറനാട്ടിലും ഇഷ്ടം പോലെയുണ്ടായിരുന്നു.
തുപ്പല് കൂട്ടി സ്ലേറ്റ് മായ്‌ക്കെടാ എന്നൊക്കെയുള്ള വരികൾ രസകരമായിരുന്നു. പിന്നെ വരുന്നു, സ്മാരകശിലകൾ, അലിഗഡിലെ തടവുകാരൻ, മരുന്ന്, മേഘക്കുടകൾ,
പരലോകം.. അസാധാരണ ശക്തിയുള്ള കഥാപാത്രങ്ങൾ, വൈവിധ്യമാർന്ന കഥാപരിസരം, ലളിതമായി കഥ പറഞ്ഞു പോകുന്ന രചനാപാടവം..
ദുബായിൽ എസ്.കെ. പൊറ്റെക്കാടിനോടൊപ്പം കുഞ്ഞബ്ദുല്ല നടത്തിയ സൗഹൃദ സന്ദർശനത്തിനിടെയാണ് ആദ്യമായി ഞങ്ങൾ തമ്മിൽ കാണുന്നത്. ഇ.എം. ഹാഷിം, നസീം പുന്നയൂർ, പി.കെ. പാറക്കടവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നെത്തിയ രണ്ട് സാഹിത്യകാരൻമാർക്കും സ്വീകരണം. ദീർഘകാല പരിചിതരെപ്പോലെയാണ് കുഞ്ഞബ്ദുല്ല ഞങ്ങളോട് ഇടപെട്ടത്. പല്ല് തേക്കാൻ നാട്ടിൽ നിന്ന് ഉമിക്കരി പൊതിഞ്ഞുകണ്ടുവന്ന, തടിയൻ പുസ്തകത്തിൽ, യാത്രക്കിടെയുള്ള ഓരോ സംഭവവും വള്ളിപുള്ളി വിടാതെ എഴുതുന്ന, പൊറ്റെക്കാടിന്റെ നിഷ്‌കളങ്കതയെപ്പറ്റി പറഞ്ഞായിരുന്നു പുനത്തിൽ സംസാരം തുടങ്ങിയത്. ഇതൊക്കെ കേട്ട് പൊറ്റെക്കാടും പൊട്ടിച്ചിരിച്ചു.
പിന്നീട് കുഞ്ഞബ്ദുല്ല, സൗദി അറേബ്യയിലെത്തി. ദമാമിലെ ദാറുൽഹനാൻ ക്ലിനിക്കിൽ സുഹൃത്ത് ഡോ. ബാബു അയച്ചുകൊടുത്ത വിസയിലെത്തിയ അദ്ദേഹം കുറച്ചുകാലം ദമാമിൽ ജോലി ചെയ്തു. ഞാനന്ന് ജിദ്ദയിലുണ്ട്.
അദ്ദേഹം വിളിച്ച് പറഞ്ഞു: എനിക്കൊന്ന് ഉംറ ചെയ്യണം. ഞാനും അബൂബക്കറും കൂടി (ടി.പി. അബൂബക്കർ, കേരളദേശം വാരികാ പത്രാധിപർ) ജിദ്ദയിൽ വരുന്നുണ്ട്.
ഞാനും സുഹൃത്തുക്കളായ വി. ഖാലിദ്, ഹനീഫ കൊച്ചന്നൂർ എന്നിവരും ജിദ്ദ എയർപോർട്ടിൽ ഇരുവരേയും സ്വീകരിച്ചു. കണ്ണൂർക്കാരനായ ഹാഷിംക്കയോടൊപ്പമായിരുന്നു (ബങ്കർ ഇന്റർനാഷനൽ) പുനത്തിലും അബൂബക്കറും താമസിച്ചത്. പിറ്റേന്ന് ഞാനും ഖാലിദും കൂടി രണ്ടുപേരെയും കൊണ്ട് മക്കയിലേക്ക് പോയി. ഉംറയുടെ നിർവൃതിയിൽ അദ്ദേഹം പറഞ്ഞു: എനിക്ക് ഇതേക്കുറിച്ച് എഴുതണം, കുറച്ച് റഫറൻസ് ഗ്രന്ഥങ്ങൾ സംഘടിപ്പിക്കണം..
ജിദ്ദയിലെ ചില ചെറു സ്വീകരണങ്ങൾ, കൂടിക്കാഴ്ചകൾ എന്നിവയ്ക്കു ശേഷം നാലാം നാൾ ദമാമിലേക്ക് മടങ്ങിയ പുനത്തിൽ അധികകാലം സൗദിയിൽ തുടർന്നില്ല. (നഷ്ടജാതകം എന്ന പുസ്തകത്തിൽ ഞങ്ങളോടൊപ്പമുള്ള മക്കാ യാത്രാനുഭവങ്ങൾ പുനത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്). 'കന്യാവന'ങ്ങളുടെ പിറവിയും ആ നോവലിൽ മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാതയിൽ നിന്നുള്ള വരികൾ മോഷ്ടിച്ചുവെന്ന പരാതിയുമൊക്കെ ഇക്കാലത്താണുണ്ടായത്. കലാകൗമുദിയിൽ ഖണ്ഡശ പ്രസിദ്ധീകരിച്ച കന്യാവനങ്ങൾ, കുറച്ച് കൂടി സാവകാശത്തോടെ എഴുതിയിരുന്നെങ്കിൽ, ഒരു പക്ഷേ മരുന്നിനേയും സ്മാരകശിലകളേയും പിന്നിലാക്കുമായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
പ്ലാഗിയാരിസമെന്ന ആരോപണത്തിന്റെ ശരശയ്യയിൽ പിടയുന്ന ആ നല്ല മനുഷ്യൻ പറഞ്ഞു: ആരാണിതിന് പിന്നിലെന്ന് എനിക്കറിയാം.
ഒറ്റപ്പാലത്ത് വെച്ചായിരുന്നു 'മരുന്ന്' എഴുതിത്തീർത്തത്. ഞങ്ങളുടെ പൊതു സുഹൃത്തായ, കുടുംബാഗത്തെപ്പോലെ ഞങ്ങളൊക്കെ സ്‌നേഹിക്കുന്ന പി.ടി. നരേന്ദ്രമേനോൻ എന്ന ബാബുവേട്ടനാണ് പുനത്തിലിന് നോവലെഴുതാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തത്.
പാലാട്ട് റോഡിലെ ഒരു സുഹൃത്തിന്റെ ഒഴിഞ്ഞുകിടന്ന വീട്, കാഥികന്റെ പണിപ്പുരയായി.
നല്ല പാചകക്കാരനുമാണ് കുഞ്ഞബ്ദുല്ല.
ബാബുവേട്ടന്റെ അമ്മ പറഞ്ഞു കൊടുത്ത ഒരു കഥയിൽ നിന്ന് 'നാരി മികച്ചിടം' ( മനോരമ വാർഷികപ്പതിപ്പ്) എന്നൊരു നോവലെറ്റും, നോവലെഴുത്തിനിടെ, പിറന്നു.
ഇതിനിടെ സകുടുംബം ഞങ്ങളൊരു ഡൽഹിയാത്ര നടത്തി. ബാബുവേട്ടന്റെ കുടുംബം, പുനത്തിൽ, എന്റെ കുടുംബം പത്ത് നാൾ ദൽഹി ഇന്ത്യാ ഇന്റർനാഷനൽ സെന്ററിൽ താമസം. അന്ന് ഉപരാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണന്റെ ഔദ്യോഗിക വസതിയിൽ ഡിന്നർ. എം.എ. ബേബിയും സ്വരലയയും. നസീറുദ്ദീൻ ഷായുമായുള്ള കൂടിക്കാഴ്ച. ഭാരതി ശിവജിയുടെ മോഹിനിയാട്ടം.. ഓരോ രാത്രിയിലും കുഞ്ഞബ്ദുല്ലയുടെ തമാശക്കഥകൾ. ഇടയ്ക്ക് തപ്പിത്തടഞ്ഞുള്ള കുഞ്ഞിക്കയുടെ വർത്തമാനങ്ങൾ പൊട്ടിച്ചിരിയുടെ അലകളുയർത്തി. കോഴിക്കോട് പ്രസ് ക്ലബിൽ എന്റെ പുസ്തകപ്രകാശനത്തിന് (ഒലീവ് മരങ്ങൾ ചോര പെയ്യുന്നു) കുഞ്ഞിക്ക വന്നു, പ്രസംഗിച്ചു. എം.വി ദേവനോടൊപ്പമാണ് വന്നത്. ദേവൻ സാറാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഇതിനിടയ്ക്ക് വ്യക്തിപരമായ കുറെ സങ്കടങ്ങൾ. മകൾ നാസിയുടെ വിവാഹമോചനം. അതിന്റെ വ്യവഹാരങ്ങൾ. നാസിയുടെ രണ്ടാം വിവാഹത്തിന്റെ ആലോചനകളം ആദ്യ വിവാഹത്തിന്റെ സെറ്റിൽമെന്റുമൊക്കെ നടന്നത് ഒറ്റപ്പാലത്ത് ബാബുവേട്ടന്റെ തറവാട്ടിലായിരുന്നു. ഭാഗ്യത്തിന് ആ കല്യാണം ശുഭകരമായി. മണ്ണാർക്കാട് കല്ലടി കുടുംബത്തിൽ നിന്നുള്ള ജലീൽ, കുഞ്ഞബ്ദുല്ലയുടെ നല്ല മരുമകനും ഉത്തമ സുഹൃത്തുമായി.
മക്കൾ നബുവും ആസാദും നല്ല നിലയിലായി. പക്ഷേ പ്രതിഭയുടെ ധൂർത്തപുത്രനെന്ന പോലെ ജീവിതത്തിൽ തികഞ്ഞ അരാജകവാദിയുമായി പുനത്തിൽ. പലപ്പോഴും കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീണു. ഏകാന്തവൃദ്ധൻ എന്ന് അദ്ദേഹം അവസാന നാളുകളിൽ സ്വയം വിശേഷിപ്പിച്ചു.
അവസാനം കുഞ്ഞിക്കയെ കണ്ടത് ഒന്നര വർഷം മുമ്പ് കോഴിക്കോട് സ്പാൻ ഹോട്ടലിൽ. ഏറെ പരിക്ഷീണനായിരുന്നു. രോഗം ആ മനുഷ്യസ്‌നേഹിയെ കീഴടക്കാൻ തുടങ്ങിയിരുന്നു. ചുറുചുറുക്കും ഊർജസ്വലതയുമുണ്ടായിരുന്ന അദ്ദേഹത്തിന് പരസഹായം അപരിഹാര്യമായി മാറി.
ശൈശവത്തിൽ തന്നെ കുഞ്ഞബ്ദുല്ല പ്രിയപ്പെട്ട ഉമ്മയെ കാണുന്നത് ചങ്ങലയിൽ ബന്ധിതയായാണ് മുഴുഭ്രാന്ത് വന്ന ഉമ്മ. ഉന്മാദത്തിന്റെ ഉച്ചവെയിലിലും ആ ഉമ്മ മകനെ ഉപദ്രവിച്ചില്ല.
ആ ഉമ്മയോടൊപ്പം ഇനിയുറക്കം. ആചാരവെടിയ്ക്കിടെ, മടപ്പള്ളി ഖബറിടത്തിലെ പച്ചമണ്ണ് ആ വലിയ എഴുത്തുകാരനെ, ഏറ്റുവാങ്ങി.
ഖബറിനു മീതെ നൊച്ചിൽച്ചെടി നട്ടു, മീസാൻ കല്ല് നാട്ടി. (മീസാൻ കല്ലിന് സ്മാരകശിലകൾ എന്ന് പേര് മാറ്റം നിർദേശിച്ചത് പുനത്തിലിന്റെ ഗുരു എം.ടി). അവിടെ മേഘക്കുടകൾ നിവർന്നില്ല.. തുലാമഴ മാറി നിന്നുവോ? കരയ്ക്കടിഞ്ഞ സ്വർണമൽസ്യം പോലെ പൂക്കുഞ്ഞൂബി വന്നോ?
അദ്രമാന്റെ കുതിരയുടെ കുളമ്പടി. എറമുള്ളാന്റെ ബാങ്ക് വിളി.
പൂക്കുഞ്ഞുബിയും കുഞ്ഞിക്കയോട് കഥ പറയാനുണ്ടാകുമിനി. പള്ളിപ്പറമ്പിൽ ഖാൻ ബഹദൂർ പൂക്കോയതങ്ങളുടെ ആജ്ഞകളുയർന്നുവോ? കാരക്കാട് റെയിൽവെ സ്‌റ്റേഷനിൽ നിന്ന് അവസാനവണ്ടിയുടെ ചൂളം വിളിയുയർന്നു.