ആദ്യമായി പത്രത്തിൽ പേരച്ചടിച്ചുവന്നത് മൽബുവിന് ഓർമയുണ്ട്. അതൊരു ക്രൂരകൃത്യത്തിന്റെ ഫലമായിരുന്നുവെന്നതിൽ കുറ്റബോധവുമുണ്ട്. തന്റേതല്ലാത്ത കാരണത്താൽ സംഭവിച്ച ക്രൂരത. പത്രങ്ങളിൽ പേരുവരാൻ പലരും പല ക്രൂരകൃത്യങ്ങളും ഇപ്പോഴും ചെയ്യാറുണ്ട്.
കോവിഡ് കാലത്ത് ദുരിതത്തിലായ പാവങ്ങൾക്ക് ഭക്ഷണപ്പൊതി നീട്ടുമ്പോൾ എത്രയെത്ര പ്രമുഖരാണ് കഴുത്തു നീട്ടുന്നത്. പടമെടുക്കുന്നയാൾ ക്യാമറ വീശി എടുക്കേണ്ടിവരും. എന്നിട്ടും ഫോട്ടോയിൽ കുടുങ്ങാത്തവർ പിന്നീട് ഫോട്ടോഷോപ്പ് വഴി കൂട്ടിച്ചേർക്കാൻ സംഘാടകർക്കു പിന്നാലെ കൂടും.
പത്രങ്ങളിൽ വരുന്ന ഫോട്ടോകൾ സൂക്ഷിച്ചുനോക്കിയാലറിയാം ആരൊക്കെ കഴുത്തു നീട്ടി, ആരൊക്കെ പിന്നീട് ചേർക്കപ്പെട്ടു എന്നൊക്കെ.
കേരള ഹൗസിൽ ചർച്ച പൊടിപൊടിക്കുമ്പോഴാണ് മൽബുവിന് സ്വന്തം പേര് പത്രത്തിൽ വന്ന ചരിത്രം ഓർമ വന്നത്. നാട്ടിൽ ഇത്തിരി സേവനപ്രവർത്തനങ്ങളുമായി നടക്കുന്ന കാലമായിരുന്നു അത്.
അങ്ങനെയിരിക്കെയാണ് ഒരാൾ നാളെ നിന്റെ പേര് പത്രത്തിൽ വരുമെന്നു പറഞ്ഞത്. എങ്ങനെയെന്ന് ചോദിച്ചപ്പോൾ അത് വലിയൊരു സാമൂഹിക പ്രവർത്തനത്തിന്റെ പേരിലായിരിക്കുമെന്നായിരുന്നു മറുപടി. പത്രത്തിൽവരാൻ മാത്രം വലിയ സേവന പ്രവർത്തനമൊന്നും അടുത്ത കാലത്ത് നടത്തിയിട്ടില്ലല്ലോ എന്നോലിചിക്കുമ്പോഴേക്കും മൽബുവിനു മുന്നിലേക്ക് പത്രം എത്തിക്കഴിഞ്ഞിരുന്നു.
സാമൂഹിക പ്രവർത്തകൻ ഇടപെട്ടു, ശൈശവ വിവാഹം കോടതി തടഞ്ഞു എന്നായിരുന്നു വാർത്ത. ഒരിക്കൽ പോലും കാണുകയോ അറിയുകയോ ചെയ്യാത്ത ഏതോ ഗൾഫുകാരന്റെ വിവാഹം മുടക്കിയ വകയിൽ ലഭിച്ച സാമൂഹിക പ്രവർത്തകനെന്ന ഖ്യാതിയുമായി ആ പത്രക്കട്ടിംഗ് ഗൾഫിലേക്കുവരുന്നതുവരെ സൂക്ഷിച്ചിരുന്നു.
വിവാഹം മുടങ്ങിയ ഗൾഫുകാരൻ അരിശം തീർക്കാൻ വരുമെന്ന് കരുതി കുറച്ചു കാലം പേടിച്ചിരുന്നെങ്കിലും ആരും അന്വേഷിച്ചു വന്നില്ല. ചിലർ തുറിച്ചു നോക്കുമ്പോൾ തോന്നിയിരുന്നു, ഇത് ആ കേസാണോ എന്ന്.
വെറുതയല്ല അയാൾ വരാതിരുന്നത്. വിവാഹം മുടങ്ങിയ അതേ പെൺകുട്ടിയുമായി അയാൾ കുളു മണാലിയിൽ ഹണിമൂൺ ട്രിപ്പ് പോയിരുന്നുവെന്ന് പിന്നീടറിഞ്ഞു.
പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്ന നിയമത്തെ കുറിച്ചാണ് റൂമിലെ ചർച്ച. അവസാനം ഇടപെടാമെന്ന് കരുതിയിരിക്കുകയാണ് മൽബു. വെറും ചർച്ചയാണെങ്കിലും ടെലിവിഷനിൽ കാണുന്നതുപോലെ ആക്രോശമാക്കാൻ അന്തേവാസികളിൽ ചിലരൊക്കെ ശ്രമിക്കാറുണ്ട്. ചിലരുടെ രൂപഭാവങ്ങൾ കണ്ടാൽ ചാനലിൽനിന്ന് ഇറങ്ങിവന്നതു പോലെ തോന്നും. ബഹിഷ്‌കരിച്ച് ഹാളിൽനിന്ന് നേരെ റൂമിലേക്ക് പോയി ഇരിക്കപ്പൊറുതിയില്ലാതെ തിരിച്ചുവരുന്നവരുണ്ട്. അക്കൂട്ടത്തിലൊരാളാണ് ഹമീദ്.
നിങ്ങളൊന്നും സംസാരിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞ് മുറിയിലേക്ക് കയറിപ്പോകും. അൽപസമയം കഴിഞ്ഞ് ഇറങ്ങിവന്ന് വാദമുഖങ്ങൾ നിരത്തും. റൂമിൽ പോയി പുതിയ വാദങ്ങൾ എടുത്തുകൊണ്ടുവന്നതാണെന്നാണ് തോന്നുക.
കേരള ഹൗസിലെ അന്തേവാസികളിലാർക്കും ഇപ്പോൾ പെൺമക്കളുടെ വിവാഹ പ്രായത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. കാരണം ആർക്കുമില്ല വിവാഹപ്രായമെത്തിയ മക്കൾ.
അവരുടെ വാദങ്ങൾ കത്തിക്കയറുന്നതിനിടെയാണ് മൽബിയുടെ ഫോൺ.
പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതിനെ കുറിച്ച് എന്താ നിന്റെ അഭിപ്രായം.
എന്താ വീണ്ടും കെട്ടാൻ പരിപാടിയുണ്ടോ? അതും 21 കാരിയെ.
അതല്ല, ഇവിടെ റൂമിൽ ചർച്ച പൊടിപൊടിക്കുകയാണ്. ഒരു അഭിപ്രായം കാച്ചാനിരിക്കുമ്പോഴാണ് നിന്റെ വിളി.
ഇതോണ്ടൊരു കുന്തവും സംഭവിക്കാനില്ല: മൽബി പറഞ്ഞു. പെൺകുട്ടികളുടെ വിവാഹം മുടങ്ങാനും പോകുന്നില്ല.
തെളിച്ചു പറ. എനിക്ക് ആ പോയിന്റ് പറഞ്ഞ് ഇവരെ ഞെട്ടിക്കാനുള്ളതാണ്: മൽബു കാതുകൂർപ്പിച്ചു.
പെണ്ണുങ്ങളുടെ കാര്യം പറയാൻ പെണ്ണുങ്ങൾക്കാണല്ലോ കൂടുതൽ അവകാശം. എല്ലാ കാര്യത്തിലുമെന്ന പോലെ വിവാഹ പ്രായത്തിന്റെ കാര്യം പെണ്ണുങ്ങളോടെന്നല്ല, കേന്ദ്ര സർക്കാർ ആരോടും ചർച്ച ചെയ്തിട്ടില്ല. ജനാധിപത്യ സർക്കാരിന്റെ തനി ഫാസിസം. 21 വയസ്സിനുമുമ്പ് പെൺകുട്ടികളെ വിവാഹം ചെയ്തയച്ചാൽ കേസാകൂലേ.. മൽബു മൽബിയോട് ചോദിച്ചു.
ഒരു ചുക്കും സംഭവിക്കില്ല. 21 വയസ്സായാൽ രജിസ്റ്റർ ചെയ്താൽ മതീല്ലോ. അതുവരെ കോഹാബിറ്റേഷനും ലിവിംഗ് ടുഗതറും നടത്താം.
എന്നുവെച്ചാൽ..
പെണ്ണിന്റെ വാപ്പയും വരനും രണ്ടു സാക്ഷികളുമുണ്ടെങ്കിൽ വിവാഹമായി. അതൊരു കരാറാണല്ലോ? പിന്നെ ചെക്കനും പെണ്ണിനും മൂന്ന് വർഷം ലിവിംഗ് ടുഗതറാക്കാം. ഒരു പോലീസും പിടിക്കില്ല. നിയമ തടസ്സവുമില്ല. കോഹാബിറ്റേഷൻ കഴിഞ്ഞ്
സാവധാനം മതി പഞ്ചായത്തിൽ രജിസ്ട്രേഷൻ..
മൽബീ എവിടുന്നു കിട്ടുന്നു നിനക്ക് ഇമ്മാതിരി ഐഡിയ. സമ്മതിച്ചിരിക്കുന്നു.
ഇനിയിപ്പോ നിങ്ങള് സമ്മതിച്ചിട്ടുവേണോ അത്. മൽബി അപ്പോഴും ഇപ്പോഴും എപ്പോഴും കിടിലൻ തന്നെയാ..
പുതിയ വിവരം ലഭിച്ച മൽബു കേരള ഹൗസിലെ ചർച്ചയുടെ അവസാനം അതങ്ങു കാച്ചി.
കാഞ്ഞബുദ്ധി തന്നെയെന്ന് മൽബുവിനും കിട്ടിയൊരു കിടിലൻ കൈയടി.