- ബ്രസീൽ 2-മാലി 0
കൊൽക്കത്ത - ഉടനീളം ആക്രമിച്ചെങ്കിലും ഭാഗ്യമില്ലാതെ പോയ മാലിയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോൽപിച്ച് ബ്രസീൽ അണ്ടർ-17 ലോകകപ്പ് ഫുട്‌ബോളിൽ മൂന്നാം സ്ഥാനം നേടി. ഭാഗ്യ ഗോളിൽ അലനും അവസാന വേളയിൽ യൂറി ആൽബർടോയുമാണ് ബ്രസീലിനു വേണ്ടി സ്‌കോർ ചെയ്തത്.
ലൂസേഴ്‌സ് ഫൈനലിൽ ആദ്യ പകുതി മാലിയുടേതായിരുന്നു. ബൂബക്കർ ഹൈദര, ക്യാപ്റ്റൻ മുഹമ്മദ് കമാറ, സലാം ജിദ്ദു എന്നിവരെല്ലാം അപായഭീഷണി മുഴക്കിയെങ്കിലും ഫിനിഷിംഗിലെ പാളിച്ചകളും ഗോൾകീപ്പർ ഗബ്രിയേൽ ബ്രസാവോയുടെ മികവും കാരണം ബ്രസീൽ രക്ഷപ്പെട്ടു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ നിരുപദ്രവകരമായ ഷോട്ടിലാണ് ബ്രസീൽ ലീഡ് നേടിയത്. അലൻ പോസ്റ്റിലേക്ക് ഉരുട്ടിവിട്ട പന്ത് എങ്ങനെയോ ഗോളി യൂസുഫ് കോയ്റ്റയുടെ കൈയിൽനിന്ന് വഴുതി പോസ്റ്റിൽ കയറി. ഗോൾ മടക്കാൻ മാലി പഠിച്ച പണി പതിനെട്ടും പയറ്റി. അതിനിടെ പകരക്കാരൻ ആൽബർടോയിലൂടെ എൺപത്തെട്ടാം മിനിറ്റിൽ ബ്രസീൽ തന്നെയാണ് വീണ്ടും ഗോളടിച്ചത്.
ലോകകപ്പിലും ലോകകപ്പിനായി ഒരുങ്ങിയ രണ്ടര വർഷത്തിനിടയിലും ബ്രസീൽ കളിച്ച ഏറ്റവും മോശം മത്സരമായിരുന്നു ലൂസേഴ്‌സ് ഫൈനലെന്ന് കോച്ച് കാർലോസ് അമേദിയു സമ്മതിച്ചു.