സൗദിയിലെ തൊഴിൽ പരിഷ്‌കാരങ്ങൾ, അറിയേണ്ടതെല്ലാം
റിയാദ് - സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് വിദേശ തൊഴിലാളികൾക്ക് ഏറെ അനുഗ്രഹമായി മാറുന്ന വൻ പരിഷ്‌കാരങ്ങൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴിൽ മാറ്റ സ്വാതന്ത്ര്യം, റീ-എൻട്രി, ഫൈനൽ എക്‌സിറ്റ് വിസ പരിഷ്‌കാരം എന്നീ മൂന്നു പ്രധാന സേവനങ്ങളാണ് പുതുതായി ആരംഭിക്കുന്നത്. തൊഴിൽ കരാർ കാലാവധി അവസാനിക്കുമ്പോൾ തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു ജോലിയിലേക്ക് മാറാൻ തൊഴിൽ മാറ്റ സേവനം അവസരമൊരുക്കുന്നതായി മന്ത്രാലയം പറഞ്ഞു. ഇങ്ങിനെ ജോലി മാറുന്നതിന് നോട്ടീസ് കാലാവധിയും മറ്റു വ്യവസ്ഥകളും പാലിക്കൽ നിർബന്ധമാണ്.
സ്വതന്ത്രമായി വിദേശ യാത്ര നടത്താൻ പുതിയ റീ-എൻട്രി സേവനം സ്വകാര്യ മേഖലാ ജീവനക്കാരെ അനുവദിക്കുന്നു. ഇങ്ങിനെ രാജ്യം വിടുന്നതിനു വേണ്ടി വിദേശ തൊഴിലാളികൾ റീ-എൻട്രിക്ക് അപേക്ഷിക്കുമ്പോൾ ഇലക്‌ട്രോണിക് രീതിയിൽ തൊഴിലുടമക്ക് അറിയിപ്പ് ലഭിക്കും. തൊഴിൽ കരാർ കാലാവധി പൂർത്തിയായാലുടൻ തൊഴിലുടമയുടെ അനുമതി കൂടാതെ രാജ്യം വിടാൻ ഫൈനൽ എക്‌സിറ്റ് സേവനം തൊഴിലാളികളെ അനുവദിക്കുന്നു. ഇങ്ങിനെ തൊഴിലാളികൾക്ക് ഫൈനൽ എക്‌സിറ്റ് നൽകുന്നതിനെ കുറിച്ച് തൊഴിലുടമയെ ഇലക്‌ട്രോണിക് രീതിയിൽ അറിയിക്കും. തൊഴിൽ കരാർ റദ്ദാക്കി ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടാനും വിദേശ തൊഴിലാളികൾക്ക് അവസരമുണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ കരാർ റദ്ദാക്കുന്നതു മൂലമുള്ള മുഴുവൻ അനന്തര ഫലങ്ങളും തൊഴിലാളി വഹിക്കേണ്ടിവരും. ഈ സേവനങ്ങളെല്ലാം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിലും മാനവശേഷി മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോം ആയ ഖിവയിലും ലഭ്യമായിരിക്കും. തൊഴിൽ കരാറിൽ ഉൾപ്പെട്ട വ്യത്യസ്ത കക്ഷികളുടെ അവകാശങ്ങൾ പരിഗണിക്കുന്ന നിർണിതമായ വ്യവസ്ഥകൾക്ക് അനുസൃതമായി നടപ്പാക്കുന്ന പുതിയ സേവനങ്ങൾ അടുത്ത വർഷം മാർച്ചിൽ പ്രാബല്യത്തിൽ വരും.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ദേശീയ പരിവർത്തന പ്രോഗ്രാമിന്റെ ഭാഗമായ തൊഴിൽ കരാർ ബന്ധം മെച്ചപ്പെടുത്തുന്ന പദ്ധതിയാണ് മാനവശേഷി, വികസന മന്ത്രാലയം ഇന്നലെ പുറത്തിറക്കിയത്. ആകർഷകമായ തൊഴിൽ വിപണി കെട്ടിപ്പടുക്കൽ, മാനവശേഷി ശാക്തീകരണം, വികസനം, തൊഴിൽ അന്തരീക്ഷം വികസിപ്പിക്കൽ എന്നിവയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. പുതിയ പദ്ധതി പ്രകാരമുള്ള സേവനങ്ങൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശ തൊഴിലാളികൾക്കും ലഭിക്കും. തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനും കാര്യക്ഷമത മെച്ചപ്പെടുത്താനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായും ഈ രംഗത്ത് നേരത്തെ നടത്തിയ ശ്രമങ്ങളുടെ പൂർത്തീകരണമെന്നോണവുമാണ് പുതിയ പദ്ധതിയെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. വേതന സുരക്ഷാ പദ്ധതി, തൊഴിൽ കരാറുകൾ ഇലക്‌ട്രോണിക് രീതിയിൽ രജിസ്റ്റർ ചെയ്യൽ, തൊഴിൽ സംസ്‌കാരം ഉയർത്തുന്നതിനുള്ള പദ്ധതി, തൊഴിൽ തർക്കങ്ങൾക്ക് അനുരഞ്ജനത്തിലൂടെ പരിഹാരം കാണുന്നതിനുള്ള പദ്ധതി എന്നിവ അടക്കമുള്ള പദ്ധതികൾ മന്ത്രാലയം നേരത്തെ നടപ്പാക്കിയിരുന്നു.