കോഴിക്കോട്- കൂടത്തായി കേസില്‍ ഒന്നാം പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അന്വേഷണ സംഘം സുപ്രീം കോടതിയെ സമീപിക്കും. ആറ് കേസുകളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഒരു കേസില്‍ ജാമ്യം അനുവദിച്ചാല്‍ പോലും കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഈ നടപടി. കൂടത്തായി കൊലപാതക പരമ്പര കേസിലെ വിചാരണ നടപടികള്‍ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം 26 ലേക്ക് മാറ്റി.
ഒക്ടോബര്‍ നാലിനാണ് ഒരു കുടുബത്തിലെ ആറ് മരണങ്ങളിലെ ദുരൂഹതയുടെ കാരണം തേടി അന്വേഷണ സംഘം കല്ലറകള്‍ തുറന്നത്. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ അടക്കം ചെയ്ത സിലി, മകള്‍ ആല്‍ഫൈന്‍, കൂടത്തായി ലൂര്‍ദ്ദ് മാത പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്ത പൊന്നാമറ്റം വീട്ടില്‍ ടോം മാത്യൂ, ഭാര്യ അന്നമ്മ, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യൂ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് ഒക്ടോബര്‍ നാലിന് പുറത്തെടുത്തത്. ഇതോടെ ആറ് മരണവും കൊലപാതകമെന്ന് നാടറിഞ്ഞു.
പിന്നീട് പുറത്ത് വന്നത് 14 വര്‍ഷത്തിനിടെ നടന്ന ആറ് കൊലപാതകങ്ങളുടേയും കൊലപാതക ശ്രമങ്ങളുടെയും ഞെട്ടിക്കുന്ന കഥകളായിരുന്നു. പൊന്നാമറ്റം റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി ജോസഫ് സ്വത്തിന് വേണ്ടി ഭര്‍ത്താവിനേയും രക്ഷിതാക്കളേയും സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇവരുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച മഞ്ചാടിയില്‍ മാത്യുവിനെയും ഇതേ രീതിയില്‍ കൊലപ്പെടുത്തി.
പിന്നീട് ബന്ധുവായ ഷാജുവിനെ വിവാഹം കഴിക്കാന്‍ ഷാജുവിന്റെ ഭാര്യ സിലിയേയും മകള്‍ ഒന്നര വയസ്സുകാരി ആല്‍ഫൈനേയും സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലപ്പെട്ട റോയ് മാത്യുവിന്റെ സഹോദരന്‍ റോജോ റൂറല്‍ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. ജോളി, ജോളിയുടെ ബന്ധു എംഎസ് മാത്യൂ, സ്വര്‍ണ്ണപ്പണിക്കാരനായ പ്രജു കുമാര്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. ഒരു വര്‍ഷത്തിനിപ്പുറം ആറ് കൊലപാതകങ്ങളില്‍ രണ്ടെണ്ണത്തിന്റെ വിചാരണ തുടങ്ങി. റോയ് സിലി വധക്കേസുകളിലാണ് വിചാരണ. മറ്റ് നാല് കേസുകളിലും കുറ്റപത്രവും നല്‍കിയിട്ടുണ്ട്.