ജിസാന്‍- തമിഴ്‌നാട് തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണം സ്വദേശി സ്റ്റീഫന്‍ അഗസ്റ്റി (47)ന്റെ മൃതദേഹം സാംതയില്‍ താമസ സ്ഥലത്തിന് സമീപം ഒഴിഞ്ഞ പ്രദേശത്ത് അഴുകിയ നിലയില്‍ കണ്ടെത്തി.
ദുര്‍ഗന്ധം സഹിക്കവയ്യാത്തതിനെ തുടര്‍ന്ന് മൃതദേഹം കണ്ടെത്തിയ സ്വദേശി പൗരന്‍ സാംത പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
ഖമീസ് മുശൈത്തില്‍ ഇലക്്ട്രിക്, പ്ലംബിംഗ് ജോലികള്‍ക്കായി സാംതയിലേക്ക് വന്നതായിരുന്നു സ്റ്റീഫന്‍.
വാരാന്ത്യത്തില്‍ കൂടെ ജോലിചെയ്യുന്നവര്‍ ഖമീസിലേക്ക് മടങ്ങിയെങ്കിലും സ്റ്റീഫന്‍ സാംതയില്‍ തന്നെ തങ്ങുകയായിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്റ്റീഫനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യാത്തതിനാല്‍ സുഹൃത്തുക്കളോടൊപ്പം ഖമീസ് മുൈശത്തില്‍ നിന്നെത്തിയ സഹോദരന്‍ അഗസ്റ്റിന്‍ കനഗരാജ് സാംത പോലീസില്‍ പരാതി നല്‍കിയിരുന്നു.
സാംത ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം സഹോദരന്‍ തിരിച്ചറിഞ്ഞതോടെയാണ് അജ്ഞാത മൃതദേഹം സ്റ്റീഫന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സാംതയില്‍ തന്നെ സംസ്‌കരിക്കും. സ്‌പോണ്‍സറുമായി ബന്ധമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷത്തോളമായി ഹുറൂബിലാണ്.
കാല്‍ നൂറ്റാണ്ടു കാലത്തെ പ്രവാസത്തിനിടയില്‍ അഞ്ചു വര്‍ഷം മുമ്പ് ഒന്നര മാസത്തെ ലീവിന് മാത്രമാണ് നാട്ടില്‍ പോയത്. പിന്നീട് നാടുമായും വീടുമായും ബന്ധം പുലര്‍ത്താറില്ല. അവിവാഹിതനാണ്.
പരേതരായ അഗസ്റ്റിന്‍-അന്നമ്മ ദമ്പതികളുടെ പുത്രനാണ്. സഹോദരങ്ങള്‍: സുഗുമാള്‍, സരോപിന്‍, സര്‍ഗുണ, സത്യ, സഖില. മൃതദേഹം സാംതയില്‍ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. സഹായവുമായി ജിസാന്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി, സാംത കെ.എം.സി.സി പ്രസിഡന്റ് മുനീര്‍ ഹുദവി ഉള്ളണം എന്നവര്‍ രംഗത്തുണ്ട്.