Sorry, you need to enable JavaScript to visit this website.

ജിദ്ദയുടെ പ്രിയ ഗായകൻ മുഹമ്മദ് റാഫിയുടെ  പ്രവാസത്തിന് തിരശ്ശീല; നാളെ മടങ്ങും 

ജിദ്ദ- ജിദ്ദയുടെ പ്രിയപ്പെട്ട ഗായകനും സഹൃദയനുമായ മുഹമ്മദ് റാഫി പ്രവാസത്തോട് വിടപറഞ്ഞ് നാളെ നാട്ടിലേക്കു മടങ്ങും. ജിദ്ദയുടെ സാംസ്‌കാരിക, കായിക രംഗത്തും സാമൂഹിക രംഗത്തും സജീവ സാന്നിധ്യമായ ഈ കോഴിക്കോട്ടുകാരൻ 34 വർഷത്തെ പ്രവാസത്തിനു വിരാമമിട്ടാണ് നാടണയുന്നത്. ജിദ്ദയിലെ ഒട്ടുമിക്ക വേദികളിലും കളിക്കളങ്ങളിലും റാഫിയുടെ സാന്നിധ്യം ഉണ്ടാവുമെങ്കിലും ബഹളങ്ങളോ പ്രകടനാത്മകതയോ ഇല്ലാതെ ഒതുങ്ങിക്കൂടാനാണ് അദ്ദേഹം എന്നും ഇഷ്ടപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ജിദ്ദയിലെ മലയാളി സമൂഹത്തിനിടയിൽ പ്രിയപ്പെട്ട പാട്ടുകാരനും കളിക്കമ്പക്കാരനുമെന്ന സ്ഥാനം ഉറപ്പിക്കാൻ ഇദ്ദേഹത്തിനായിട്ടുണ്ട്. 
1986 ൽ മദീനയിലാണ് പ്രസത്തിനു തുടക്കമിട്ടത്. അവിടെ രണ്ടു വർഷം കഴിഞ്ഞ ശേഷം തന്റെ തട്ടകം ജിദ്ദയിലേക്കു മാറ്റുകയായിരുന്നു. അന്നു മുതൽ ഇന്നുവരെ ജിദ്ദയിൽ തന്നെയായിരുന്നു കഴിഞ്ഞത്. ജിദ്ദയിലെത്തി പിറ്റെ വർഷം നിസാർ അബ്ദുല്ല മൂസ എസ്റ്റാബ്ലിഷ്‌മെന്റിന്റെ സറ്ററക് എന്ന സ്ഥാപനത്തിൽ ജോലിക്കു കയറി. കഴിഞ്ഞ വർഷംവരെ അവിടെ തുടർന്നു. ജിദ്ദയിലേക്കുള്ള കൂടുമാറ്റത്തിനും താമസത്തിനും ജോലി സമ്പാദിക്കുന്നതിനുമെല്ലാം തുണയായത് ഉറ്റസുഹൃത്തുക്കളായ ജബ്ബാറും യൂസഫ് ഹാജിയുമായിരുന്നു. ആ സൗഹൃദം ഇന്നും അതുപോലെ കാത്തുസൂക്ഷിക്കുന്നു. 
ഫുട്‌ബോൾ കളിയുടെ ആവശേവുമായി കഴിയുന്നതിനിടെയാണ് നാട്ടിൽനിന്നു സൗദിയിലേക്കു പറന്നത്. കോഴിക്കോട് ജില്ലാ ലീഗിൽ കളിച്ച് മികച്ച ഗോൾകീപ്പർ എന്ന കീർത്തിക്ക് അർഹനായ റാഫിക്ക് അന്നു ഫുട്‌ബോൾ വിട്ടുള്ള മറ്റൊരു കളിയുണ്ടായിരുന്നില്ല. യംഗ് ചലഞ്ചേഴ്‌സ്, യംഗ്‌സ്‌റ്റേഴ്, ഇൻഡിപെന്റൻസ്് എന്നീ ടീമുകൾക്കുവേണ്ടി കേരളത്തിന്റെ പല മൈതാനങ്ങളിലും പോയി ബുട്ടണിഞ്ഞിട്ടുണ്ട്. ജിദ്ദയിലെത്തിയപ്പോൾ തന്റെ പഴയ കളിപുറത്തെടുക്കാനുള്ള അവസരം കൈവന്നു. അന്നത്തെ കാക്കി ഗ്രൗണ്ടിൽ വാശിയേറിയ ടൂർണമെന്റുകൾ അരങ്ങേറുന്ന കാലമായിരുന്നു അത്. പ്രമുഖ ടീമുകളായ ഏഷ്യാന, മമ്പാട് യുനൈറ്റഡ് എന്നീ ടീമുകൾക്കുവേണ്ടി കളിക്കളത്തിലിറങ്ങി ഫുട്‌ബോളിനോടുള്ള താൽപര്യം നിലനിർത്തി. ഏറെക്കാലം കളി തുടർന്നുവെങ്കിലും അതിനിടെയുണ്ടായ പരിക്ക് കളിയിൽനിന്ന് പിന്നോട്ടടുപ്പിക്കുകയായിരുന്നു. പിന്നീട് ഹിഫുസ്‌റഹ്്മാൻ സിഫ് പ്രിസിഡന്റായിരിക്കെ സിഫിന്റെ ഭാഗമായി മാറി. സിഫ് ടെക്‌നിക്കൽ കമ്മിറ്റിയിൽ അംഗമായി കളിക്കളത്തിനു പുറത്തിരുന്നു കളിക്കാരെ വിലയിരുത്തലും നിയന്തണവുമെല്ലാമായി ഫുട്‌ബോളിനൊപ്പം തന്നെ നിന്നു. ഇന്നും ജിദ്ദയിൽ നടക്കുന്ന ഏതു ടൂർണമെന്റിന്റെയും കളിക്കളത്തിനു പുറത്തെ കളിയുടെ നിയന്ത്രണത്തിന്റെ ഭാഗമായി റാഫിയുണ്ടാവും. 
കളിയും ജോലിയുമെല്ലാമായി തിരക്കോടു തിരക്കായിരുന്നപ്പോഴും സംഗീതത്തോടുള്ള തന്റെ അഭിരുചി തേച്ചു മിനുക്കാനും വേദികളിൽ നിന്നു വേദികളിലെത്തി സ്വതസിദ്ധ സ്വരമാധുരിയിൽ ഗാനമാലപിക്കാനും റാഫി സമയം കണ്ടെത്തിയിരുന്നു. പാട്ടുകാർക്കിടയിലെ കിടമത്സരമൊന്നും റാഫിയെ ഒരു നിലക്കും ബാധിച്ചിരുന്നില്ല. വിവിധ സാംസ്‌കാരിക സംഘടനകളുടെ ഭാഗഭാക്കായികൊണ്ടുതന്നെ ഒട്ടുമിക്ക വേദികളിലും റാഫി ഇടം നേടിയിരുന്നു. ജിദ്ദയിൽ വന്ന കാലത്ത് ജിദ്ദയുടെ സംഗീത രംഗത്തെ സമ്പന്നമാക്കിയിരുന്ന ബ്രദേഴ്‌സ് ഓർക്കസ്ട്രയുടെ ഭാഗമായി മാറിയാണ് സംഗീതത്തോടുള്ള താൽപര്യം കാത്തുസൂക്ഷിച്ചത്. എം.എസ്. അലിയും ജമാൽ പാഷയും മൻസൂറും ചേർന്ന സംഘം റാഫിയെ തങ്ങളുടെ ഓർക്കസ്ട്രയുടെ ഭാഗമാക്കി മാറ്റിയത് കലാരംഗത്തെ കഴിവുകളുടെ പ്രകടനത്തിനും സഹായകരമായി. പിന്നീട് കാലിക്കറ്റ് മ്യൂസിക് ക്ലബ് രൂപമെടുത്തപ്പോൾ അതിന്റെ അമരക്കാരനായി മാറി. എട്ടു വർഷമായി കാലിക്കറ്റ് മ്യൂസ് ക്ലബിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചുവരികയാണ്. കേരള കലാസാഹിതി, ഹിറ്റ്‌സ് ആന്റ് ബിറ്റ്‌സ്, നവോദയ, ജീവ തുടങ്ങിയ സംഘടനകളുടെ ഭാഗമായി മാറിയും വിവിധ സ്ഥാനങ്ങൾ വഹിച്ചു.  
ദീർഘകാലം കുടുംബം ജിദ്ദയിലുണ്ടായിരുന്നു. ലൈലയാണ് ഭാര്യ. റാസില, ഷംസില, റിഷാൻ മുബാറക്, ഹിന ഷെറിൻ എന്നിവർ മക്കളും മുഹാജിർ (ജിദ്ദ), സർജിത് (ഖത്തർ) എന്നിവർ മരുമക്കളുമാണ്. മൂത്തമകൾ റാസിലയോടും മരുകമൻ മുഹാജിറിനോടുമൊപ്പമാണ് ഇപ്പോൾ ജിദ്ദയിൽ താമസിക്കുന്നത്. ജോലിയിൽനിന്ന് ഇറങ്ങിയ ശേഷം പലവിധ പ്രതിസന്ധികളെ നേരിടേണ്ടിവന്നത് മടക്കയാത്ര ദീർഘിപ്പിക്കുകയായിരുന്നു. അതെല്ലാം അതിജീവിച്ച് സംതൃപ്തിയോടുകൂടിയാണ് റാഫിയുടെ മടക്കം. 

Latest News