Sorry, you need to enable JavaScript to visit this website.

സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം- സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. താൻ പറഞ്ഞത് സ്ത്രീ വിരുദ്ധ പരാമർശമാണെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാരിനെതിരായുള്ള വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിലാണ് മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ വിവാദ പരാമർശം നടത്തിയത്. 
സോളാർ കേസ് ഒരിക്കൽ കൂടി വിവാദമാക്കി യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാനാണ് എൽ.ഡി.എഫ് നീക്കം എന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. സോളാർ കേസ് പരാതിക്കാരിയെ യു.ഡി.എഫിനെതിരെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുകയാണ് എൽ.ഡി.എഫ് ചെയ്യുന്നത്. ഓരോ ദിവസവും ഉറങ്ങിയെണീക്കുമ്പോൾ എന്നെയിതാ ബലാത്സംഗം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞ ഒരാളെ യു.ഡി.എഫിന് എതിരായി രംഗത്തിറക്കാൻ പോകുകയാണ്. ബലാത്സംഗത്തിന് ഇരയായെന്ന് പറയുന്ന ഒരു സ്ത്രീയെ അണിയിച്ചൊരുക്കിക്കൊണ്ട് തിരശ്ശീലക്ക് പിന്നിൽ നിർത്തിയിരിക്കുന്നു. എപ്പോഴാണ് ഞാൻ രംഗത്ത് വരേണ്ടതെന്ന് അവർ ചോദിച്ച് കൊണ്ടിരിക്കുന്നു. ഈ കളി ഇവിടെ നടപ്പില്ലെന്ന് മുഖ്യമന്ത്രി ഓർക്കുന്നത് നല്ലതാണ്. 
സർക്കാർ മുങ്ങിച്ചാവാൻ പോകുമ്പോൾ ഒരു അഭിസാരികയെകൊണ്ട് വന്ന് കഥപറയിക്കാമെന്നാണ് ആഗ്രഹമെങ്കിൽ നടക്കില്ല. അത് കേരളം കേട്ട് മടുത്തതാണ്. നിരന്തരം പീഡിപ്പിച്ച് കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാണ് ഒരു സ്ത്രീ രംഗത്ത് വന്നിരിക്കുന്നത്. ഒരു സ്ത്രീ ഒരു തവണ പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞാൽ മനസിലാക്കാം. അത് പിന്നീട് ആവർത്തിക്കില്ല. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒരിക്കൽ ബലാത്സംഗത്തിനിരയായാൽ ഒന്നുകിൽ മരിക്കും, അല്ലെങ്കിൽ പിന്നീട് ആവർത്തിക്കാതെ നോക്കും. സംസ്ഥാനം മുഴുവൻ തന്നെ ബലാത്സംഗത്തിന് വിധേയയാക്കിക്കൊണ്ടിരിക്കുന്നു എന്ന് വിലപിച്ച് കൊണ്ടിരിക്കുന്ന സ്ത്രീയെ നിങ്ങൾ രംഗത്ത് കൊണ്ട് രംഗത്ത് വരാൻ പോകുന്നു. ആത്മാഭിമാനം ഉണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ തെറ്റുകൾ തുറന്ന് പറഞ്ഞ് അധികാരം വിട്ടു പോകണം എന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നതോടെയാണ് ഖേദപ്രകടനവുമായി മുല്ലപ്പള്ളി രംഗത്തെത്തിയത്.
 

Latest News