Sorry, you need to enable JavaScript to visit this website.

കോടിയേരിക്ക് പൊതു രംഗത്ത്  തുടരാന്‍ എന്തര്‍ഹത?  കെ.കെ രമ 

വടകര-ബിനീഷ് കോടിയേരിയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് കെകെ രമ. പാര്‍ട്ടിക്കുവേണ്ടി കുടുംബജീവിതം വേണ്ടെന്നു വച്ച ഗൗരിയമ്മയെ പുറംതള്ളാന്‍ മടി കാണിക്കാതിരുന്ന പാര്‍ടി നേതൃത്വത്തിന് ഇപ്പോള്‍ കുടുംബവും പാര്‍ട്ടിയും രണ്ടാണ്. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരി അറസ്റ്റ് ചെയ്യപ്പെടുന്നത്. തലമുറകളുടെ ബുദ്ധിയും ആരോഗ്യവും കാര്‍ന്നുതിന്നുന്ന ക്രൂരമായ മനുഷ്യത്വ വിരുദ്ധതയുടേയും ലാഭേച്ഛയുടെയും കച്ചവട ബന്ധങ്ങളിലേക്ക് മകന്‍ നയിക്കപ്പെടുമ്പോള്‍ അതിന് മൗനാനുവാദം നല്‍കുന്ന ഒരു പിതാവിന് പൊതുരംഗത്ത് തുടരാന്‍ എന്തര്‍ഹതയാണുള്ളത്? കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയുകയും പൊതുരംഗത്തു നിന്നും മാറി നില്‍ക്കുകയും ചെയ്യണം. ഈ ആത്മവഞ്ചനയില്‍ നിസ്സഹായരായി പോവുന്നുണ്ടാവും ലക്ഷക്കണക്കായ പാര്‍ട്ടി പ്രവര്‍ത്തകര്‍. കാരണം നിസ്വാര്‍ത്ഥരായ അവര്‍ക്കൊന്നും പൊതുജീവിതവും വ്യക്തി ജീവിതവും രണ്ടായിരുന്നില്ല. അങ്ങനെയൊരച്ഛന്റ മകളായതുകൊണ്ട്, അങ്ങനെയൊരു സഖാവിന്റെ പങ്കാളിയായിരുന്നതു കൊണ്ട്, അത്തരം മനുഷ്യര്‍ക്കിടയില്‍ ജീവിക്കുന്നതു കൊണ്ട്, പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴും വീര്‍പ്പുമുട്ടിക്കഴിയുന്ന ആ സഖാക്കളുടെ നോവ് തിരിച്ചറിയാനാവുന്നുണ്ട്. 
സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണന്റെ മേല്‍വിലാസം മുന്‍നിര്‍ത്തി തന്നെയാണ് മകന്‍ ബിസിനസ് രംഗത്തെ വന്‍കിടക്കാരുമായി ബന്ധങ്ങള്‍ സൃഷ്ടിച്ചതും വികസിപ്പിച്ചതും.  സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ കള്ളക്കടത്തു കേസില്‍ അറസ്റ്റിലാവുമ്പോള്‍ സെക്രട്ടറിയുടെ കുടുംബ കാര്യമെന്ന് വിധിയെഴുതുന്ന നേതാക്കളുടെയും ന്യായീകരണക്കാരുടെയും നിലപാടില്‍ വെറുങ്ങലിച്ചു പോവുന്നുണ്ട് നൂറുകണക്കിന് രക്തസാക്ഷികളുടെ പിന്മുറകള്‍. അവരെ പെറ്റ നാടുകള്‍. അവരുടെ ജീവത്യാഗങ്ങളില്‍ അനാഥമാക്കപ്പെട്ട കുടുംബങ്ങള്‍. അവരെറിഞ്ഞുടച്ച സ്വകാര്യ ജീവിതത്തിന്റെ വിലയാണ് നിങ്ങള്‍ വിരാജിക്കുന്ന അധികാരത്തിന്റെയും സുഖലോലുപതയുടേയും മണിമേടകള്‍ എന്ന വസ്തുത പോലും ഈ നേതൃത്വം മറന്നതായി നടിക്കുകയാണ്. വളരെ ചെറിയ പ്രായത്തില്‍ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണന്റെ മേല്‍വിലാസം മുന്‍നിര്‍ത്തി തന്നെയാണ് മകന്‍ ബിസിനസ് രംഗത്തെ വന്‍കിടക്കാരുമായി ബന്ധങ്ങള്‍ സൃഷ്ടിച്ചതും വികസിപ്പിച്ചതും. ക്രിമിനല്‍ പശ്ചാത്തലമുള്ള എത്ര വിവാദ വിഷയങ്ങളില്‍ വളരെ ചെറിയ പ്രായത്തില്‍ ഈ പേര് കേരളം കേട്ടതാണ്? അവ പലതും അണിയറയില്‍ ഒത്തുതീരുകയോ മാഞ്ഞു പോവുകയോ ചെയ്തതും കേരളം കണ്ടതാണ്. 

Latest News