കുവൈത്ത് സിറ്റി - കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ലംഘിക്കുന്ന വിദേശികള്‍ക്കും മറ്റു നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കും അല്‍സ്വഫാ ചത്വരത്തില്‍ വെച്ച് പരസ്യമായി ചാട്ടയടി നല്‍കണമെന്ന് കുവൈത്തിലെ മുന്‍ എം.പി അബ്ദുറഹ്മാന്‍ അല്‍ജീറാന്‍ ആവശ്യപ്പെട്ടത് വിവാദമാകുന്നു. പഴയകാലത്ത് കുവൈത്തില്‍ നിയമലംഘകര്‍ക്ക് ചാട്ടയടി നല്‍കുന്നത് പതിവായിരുന്നു. നിയമലംഘകരെ കണ്ടെത്തിയാലുടന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിടികൂടി ചാട്ടയടി നല്‍കുകയായിരുന്നു പതിവ്. ഇതോടെ നിയമലംഘകര്‍ നിയമ ലംഘനം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങും.
ഇന്ത്യയില്‍ പോലീസുകാര്‍ കൈയില്‍ ലാത്തിയുമായാണ് നടക്കുന്നത്. നിയമലംഘകരെ കണ്ടാലുടന്‍ റോഡിലിട്ട് പോലീസുകാര്‍ അടിക്കും. ഇതാണ് മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിച്ച് ഇന്ത്യക്കാര്‍ റോഡിലൂടെ നടക്കാന്‍ കാരണം.
കുവൈത്തില്‍ കൊറോണ മഹാമാരിക്കിടെ വിദേശികള്‍ പരിധികള്‍ ലംഘിക്കുന്നു. രാജ്യത്ത് വിദേശികള്‍ സുരക്ഷാ വകുപ്പുകള്‍ക്ക് സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ചില്ലറയല്ല. ചില പ്രദേശങ്ങളില്‍ പോലീസുകാര്‍ പ്രവേശിക്കുന്നത് തടയാനും വിദേശികള്‍ ശ്രമിക്കുന്നുണ്ട്. വിദേശികളുടെ ആക്രമണങ്ങളില്‍ നിന്ന് സ്വന്തം ജീവന്റെ കാര്യത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ഭയക്കുന്നു. ഈ സാഹചര്യത്തില്‍ വിദേശികള്‍ക്കെതിരെ കടുത്ത ശിക്ഷാ മുറകള്‍ പ്രയോഗിക്കുക മാത്രമാണ് പോംവഴി. മദ്യപാനം, വ്യഭിചാരം പോലെ ഇസ്‌ലാമിക ശരീഅത്ത് ശിക്ഷകള്‍ പ്രത്യേകം നിര്‍ണയിക്കാത്ത, സ്ത്രീകളെ ശല്യം ചെയ്യല്‍ പോലുള്ള കേസുകളില്‍ വിദേശികള്‍ക്ക് ഉടനടി ശിക്ഷകള്‍ നടപ്പാക്കണം. ഇത്തരക്കാര്‍ക്ക് പരസ്യമായി ചാട്ടയടി നല്‍കുന്നത് പരിധികള്‍ പാലിക്കാന്‍ വിദേശികളെ പ്രേരിപ്പിക്കും. ഭരണഘടനയും നിയമവും നിലവിലുള്ള രാജ്യത്താണ് തങ്ങള്‍ കഴിയുന്നതെന്ന ബോധം ഇത് വിദേശികളിലുണ്ടാക്കും. മറ്റുള്ളവര്‍ക്കു മുന്നില്‍ വെച്ച് ഒരാള്‍ക്ക് പരസ്യമായി ചാട്ടയടി നല്‍കിയാല്‍ അവശേഷിക്കുന്നവര്‍ നിയമ ലംഘനങ്ങള്‍ നടത്താന്‍ മുതിരില്ല.
ശിക്ഷാ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നത് കൂടുതല്‍ വലിയ കുറ്റകൃത്യങ്ങള്‍ നടത്താന്‍ അവര്‍ക്ക് പ്രേരകമാകും. കൊലപാതകം നടത്തുന്ന വിദേശികള്‍ നേരെ എയര്‍പോര്‍ട്ടിലേക്ക് പോയി 30 ദീനാര്‍ ചെലവഴിച്ച് രാജ്യം വിടുകയാണ്. ഇത്തരം സംഭവങ്ങള്‍ കുവൈത്തിലുണ്ടായിട്ടുണ്ട്. രാജ്യത്ത് അഴിമതി എവിടെയെത്തിയിട്ടുണ്ടെന്നും കുവൈത്തിലെ നിയമങ്ങള്‍ എത്ര നിസ്സാരമായാണ് വിദേശികള്‍ കാണുന്നതെന്നുമാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്നും അബ്ദുറഹ്മാന്‍ അല്‍ജീറാന്‍ പറഞ്ഞു.