റിയാദ് - മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് മേഖലയില്‍ 20,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന് കണ്‍സള്‍ട്ടന്‍സിയുടെ സഹായം തേടാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. അടുത്ത വര്‍ഷാവസാനത്തിനു മുമ്പായി മാര്‍ക്കറ്റിംഗ് തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുന്നതിന് മതിയായ പരിചയസമ്പത്തും ലൈസന്‍സുമുള്ള കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കാനാണ് നീക്കം. മാര്‍ക്കറ്റിംഗ് മേഖലാ തൊഴിലുകളില്‍ സ്വദേശികള്‍ക്ക് മിനിമം നാലായിരം റിയാല്‍ വേതനം ഉറപ്പാക്കും.
സ്വകാര്യ മേഖലയില്‍ മാര്‍ക്കറ്റിംഗ് ജോലികള്‍ സൗദിവല്‍ക്കരിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും മാനവശേഷി വികസന നിധിയും മാര്‍ക്കറ്റിംഗ് അസോസിയേഷനും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. മാര്‍ക്കറ്റിംഗ് ജോലികളില്‍ സൗദി യുവതീയുവാക്കളെ പരിശീലനങ്ങളിലൂടെ പ്രാപ്തരാക്കാനും ഈ മേഖലയില്‍ സ്വദേശികള്‍ക്ക് സുസ്ഥിര തൊഴിലുകള്‍ ലഭ്യമാക്കാനുമാണ് തീരുമാനമെടുത്തത്.
ഗുണനിലവാര മാനദണ്ഡങ്ങളും പ്രൊഫഷനല്‍ അക്രഡിറ്റേഷനും വികസിപ്പിക്കാനും തൊഴില്‍ കമ്പോളത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് സൗദികളുടെ നൈപുണ്യനിലവാരം ഉയര്‍ത്താനും ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു. സ്വകാര്യ മേഖലയില്‍ മാര്‍ക്കറ്റിംഗ് ജോലികള്‍ സൗദിവല്‍ക്കരിക്കാന്‍ മൂന്നു വകുപ്പുകളും സഹകരിച്ച് പ്രവര്‍ത്തിക്കും.
മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു പകരം സ്വദേശികളെ നിയമിക്കുന്നതിനായി സൗദികളുടെ കഴിവുകളും തൊഴില്‍ നൈപുണ്യവും പരിപോഷിപ്പിക്കും. തൊഴില്‍ വിപണിക്ക് ആവശ്യമായ കഴിവുകളും അറിവുകളും ആര്‍ജിക്കാന്‍ സ്വദേശികളെ സഹായിക്കുകയും മത്സരക്ഷമത ഉയര്‍ത്തുകയും ചെയ്യും. മാര്‍ക്കറ്റിംഗ് മേഖലയില്‍ മുന്‍ഗണന നല്‍കേണ്ട തൊഴിലുകള്‍ നിര്‍ണയിക്കുന്നതിനും പരിശീലന പ്രോഗ്രാമുകള്‍ തയാറാക്കുന്നതിനും സംയുക്ത കര്‍മ സമിതി രൂപീകരിക്കാന്‍ മൂന്നു വകുപ്പുകളും തീരുമാനിച്ചിട്ടുണ്ട്.