അനുമതിയില്ലാതെ ഹജ് ചെയ്തവര്‍ കുടുങ്ങും;10 വര്‍ഷത്തേക്ക് വരാനാവില്ല

ജിദ്ദ - അനുമതി പത്രമില്ലാതെ ഹജിന് പോയി പിടിയിലായവര്‍ക്ക് 10 വര്‍ഷത്തെ പ്രവേശന വിലക്കാണ് ഏര്‍പ്പെടുത്തുകയെന്ന്  ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.  10 വര്‍ഷം പിന്നിടാതെ ഇവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുമതി പത്രം സമ്പാദിക്കാതെ ഹജിനു പോയവര്‍ നാട്ടില്‍നിന്ന് വീണ്ടും സൗദിയിലേക്ക് മടങ്ങുമ്പോള്‍ എയര്‍പോര്‍ട്ടുകളില്‍ പിടിയിലായിരുന്നു.
അനുമതി പത്രമില്ലാതെ ഹജിനു പോകുന്നവരെ കണ്ടെത്താന്‍ നടത്തിയ വിപുലമായ പരിശോധനയില്‍ നിരവധി പേരെ ഈ വര്‍ഷവും മടക്കി അയച്ചിരുന്നു. പോയ വര്‍ഷങ്ങളിലും ഈ വര്‍ഷവും ഹജിന്റെ സുപ്രധാന ദിവസം ഹജ് പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചവരുടെ വിരലടയാളം രേഖപ്പെടുത്തി ഹജ് നിര്‍വഹിക്കാന്‍ അനുവദിച്ചിരുന്നു. ഇത്തരക്കാരാണ് പിന്നീട് എയര്‍പോര്‍ട്ടുകളിലുംമറ്റും വെച്ച് പിടിയിലായത്.
ഇഖാമ, തൊഴില്‍ നിയമ ലംഘനത്തിന് നാടുകടത്തുന്ന വിദേശികള്‍ക്ക് മൂന്നു വര്‍ഷത്തെ പ്രവേശന വിലക്കാണ് ബാധകം. ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ആശ്രിതര്‍ കഴിയുന്നുണ്ടെങ്കില്‍ അവര്‍ക്ക് ആശ്രിത ലെവി നിര്‍ബന്ധമാണ്.
റീ-എന്‍ട്രി വിസയില്‍ സ്വദേശങ്ങളിലേക്ക് പോകുന്നവരുടെ വിസ ഫൈനല്‍ എക്‌സിറ്റ് വിസയാക്കി മാറ്റാന്‍ കഴിയില്ല. ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി 60 ദിവസമാണ്. ഫൈനല്‍ എക്‌സിറ്റ് ലഭിച്ച് 60 ദിവസത്തിനകം  രാജ്യം വിട്ടിരിക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.


 

Latest News