മക്ക - മുഹമ്മദ് നബി (സ) അടക്കമുള്ള പ്രവാചകന്മാര്‍ക്കെതിരായ അവഹേളനത്തെ 180 കോടി വരുന്ന ലോക മുസ്‌ലിംകളുടെ പേരില്‍ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി ഹറം ഇമാമും ഖത്തീബും ഹറംകാര്യ വകുപ്പ് മേധാവിയുമായ ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ച് ഹറമില്‍ നടത്തിയ ഖുതുബയിലാണ് പ്രവാചക നിന്ദയെ ശൈഖ് സുദൈസ് രൂക്ഷമായി അപലപിച്ചത്. പ്രവാചകന്മാരെ അവഹേൡക്കുന്ന കാര്‍ട്ടൂണുകള്‍ ഭീകരതയും വിദ്വേഷവും വെറുപ്പുളവാക്കുന്ന വംശീയതയില്‍ പെട്ട തീവ്രവാദവുമാണ്.
വിശുദ്ധ കേന്ദ്രങ്ങളെയും മതചിഹ്നങ്ങളെയും അപമാനിക്കുന്നതും പരിഹസിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യമല്ല. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്ന മാനുഷിക മൂല്യങ്ങള്‍ കണക്കിലെടുത്തുള്ളതായിരിക്കണം അഭിപ്രായ സ്വാതന്ത്ര്യം. ആ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ ധാര്‍മികാശയത്തിനാണ് അവര്‍ അപകീര്‍ത്തിയുണ്ടാക്കുന്നത്. മാനവസമൂഹങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ അന്തരീക്ഷം വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്ന തീവ്രവാദികളെയാണ് ഇത്തരം അപകീര്‍ത്തികള്‍ സഹായിക്കുന്നത്.
ഇതില്‍ നിന്നെല്ലാം ഇസ്‌ലാം മുക്തമാണ്. ഇസ്‌ലാമിന്റെ മേല്‍ തീവ്രവാദ ആരോപണം ചാര്‍ത്തപ്പെടാവതല്ല. സഹിഷ്ണുത, അനുകമ്പ, പരസ്പര യോജിപ്പ് എന്നിവയുടെ മതമാണ് ഇസ്‌ലാം. ഭീകരത, തീവ്രവാദം, പരിഹാസം, പ്രവാചകന്മാര്‍ക്കിടയില്‍ വ്യത്യാസം കാണിക്കല്‍ എന്നിവ ഇസ്‌ലാമിലില്ല. പ്രവാചകനെതിരായ അവഹേളനങ്ങളില്‍ മുസ്‌ലിംകള്‍ പ്രകോപിതാകരുത്. വികാരങ്ങള്‍ നിയന്ത്രിക്കുകയും സാഹസികതകള്‍ ഒഴിവാക്കുകയും ചെയ്യണം. അവഹേളനങ്ങളും അപകീര്‍ത്തികളും പ്രവാചകന്റെ പദവിയെ ഒരുനിലക്കും ബാധിക്കില്ലെന്നും ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. അബ്ദുറഹ്മാന്‍ അല്‍സുദൈസ് എന്ന പേരില്‍ ഹാഷ്ടാഗ് ആരംഭിച്ച് ട്വിറ്റര്‍ ഉപയോക്താക്കള്‍ സുദൈസിന്റെ ഖുതുബയെ പ്രകീര്‍ത്തിച്ചു.