ന്യൂയോർക്ക്- അടുത്ത ഒമ്പതു മാസത്തേക്ക് കൂടി എണ്ണ ഉൽപാദനം വർധിപ്പിക്കേണ്ടതില്ലെന്ന സൗദി അറേബ്യയുടേയും റഷ്യയുടേയും തീരുമാനത്തിനു പിന്നാലെ ആഗോള വിപണിയിൽ രണ്ട് ശതമാനത്തിലേറെ വില വർധിച്ചു. മൂന്ന് മാസമായി ഉയരുന്ന ഡോളർ വില ഇടിഞ്ഞതും എണ്ണവില വർധനക്ക് കാരണമായി. ബ്രെന്റ് ബാരൽ വില ഒരു ഡോളർ വർധിച്ച് ഇന്നലെ 60 ഡോളറായി. 2015 ജൂലൈക്ക് ശേഷം ഇതാദ്യമായി വില 60.35 ഡോളർ സ്പർശിച്ചു. ഈ വർഷം എണ്ണവില ഏറ്റവും താഴ്ന്ന നിരക്കിൽനിന്ന് 35 ശതമാനമാണ് വർധിച്ചത്.
നയതീരുമാനങ്ങളെടുക്കുന്നതിന് ഒപെക് യോഗം അടുത്ത മാസം 30 ന് ചേരാനിരിക്കെയാണ് എണ്ണ ഉൽപാദനം ഇപ്പോൾ കൂട്ടേണ്ടതില്ലെന്ന് റഷ്യയും സൗദിയും വ്യക്തമാക്കിയത്.