ഗള്‍ഫ് പ്രതിസന്ധി: സല്‍മാന്‍ രാജാവിന്  കുവൈത്ത് അമീറിന്റെ കത്ത്

കുവൈത്ത് സിറ്റി- ഗള്‍ഫ് പ്രതിസന്ധിയും പ്രാദേശിക വെല്ലുവിളികളും ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ ഉന്നയിച്ച് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍സബാഹ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന് കത്തയച്ചു. അമീറിന്റെ രേഖാമൂലമുള്ള സന്ദേശം കുവൈത്ത് വിദേശമന്ത്രി അഹ്മദ് അല്‍ നാസറാണ് സൗദി വിദേശമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന് കൈമാറി.

ഖത്തറുമായി മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്ള രാഷ്ട്രീയ വിയോജിപ്പ് പരിഹരിക്കണമെന്നാണ് കത്തിലെ പ്രധാന ഉള്ളടക്കമെന്നാണ് സൂചന. പുറമെ സൗദിയുമായുള്ള ഏകോപനത്തിന്റെ ആവശ്യകതയും കത്തില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്.

2017 ജൂണിലാണ് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്ര, ഗതാഗത ബന്ധം വിച്ഛേദിച്ചത്. തര്‍ക്കം പരിഹരിക്കാന്‍ കുവൈത്ത് നടത്തിയ മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.  

ഖത്തറും അയല്‍രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഖാലിദ് അല്‍സബാഹ് പ്രസ്താവിച്ചിരുന്നു. ഭീകരസംഘടനകളുമായി ബന്ധം വിച്ഛേദിക്കണമെന്നത് ഉള്‍പ്പെടെ നിരവധി ഉപാധികള്‍ അംഗീകരിക്കണമെന്ന് സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് പറഞ്ഞ് ഖത്തര്‍ ഈ ഉപാധികളെല്ലാം നിരസിക്കുകയായിരുന്നു. 

Latest News