റാസല്‍ഖൈമ- ട്രാഫിക് നിയമലംഘകരെ പിടികൂടാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്മാര്‍ട്ട് ക്യാമറകളും റഡാറുകളും സ്ഥാപിച്ചതായി റാസല്‍ഖൈമ പോലീസ് അറിയിച്ചു. നിയമലംഘകരില്‍നിന്ന് 400 മുതല്‍ 1500 ദിര്‍ഹം വരെ പിഴ ഈടാക്കും. ആറ് ബ്ലാക്ക് പോയന്റുകള്‍ ഇവരുടെ ലൈസന്‍സില്‍ രേഖപ്പെടുത്തുമെന്ന് റാസല്‍ഖൈമ ട്രാഫിക് ആന്റ് പട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ബ്രിഗേഡിയര്‍ അഹ്മദ് അല്‍നഖ്ബി അറിയിച്ചു. തിരക്കേറിയ ജംഗ്ഷനുകളിലും ഇടുങ്ങിയ റോഡുകളിലുമായാണ് റഡാറുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമിതവേഗത്തില്‍ വാഹനമോടിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനം തടയുന്നതിന്റെ ഭാഗമായി റഡാറുകളെ കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സൈന്‍ ബോര്‍ഡുകളും പ്രതിഷ്ഠിച്ചിട്ടുണ്ട്.