Sorry, you need to enable JavaScript to visit this website.

ഒളിച്ചോടിയെന്ന് വ്യാജവാർത്ത; ശോഭ സുരേന്ദ്രൻ പരാതി നൽകി

പാലക്കാട്- താൻ വ്യവസായിക്കൊപ്പം ഒളിച്ചോടിയെന്ന് വ്യാജവാർത്ത നൽകിയ ഓൺലൈൻ പത്രത്തിനെതിരെ പോലീസിൽ പരാതി നൽകിയതായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. തന്റെ പേരും മറ്റു വിശദാംശങ്ങളും വാർത്തയിൽ നൽകിയിട്ടില്ലെങ്കിലും മനസിലാകുന്ന തരത്തിലാണ് വാർത്ത നൽകിയതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ശോഭ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയിൽ ആയുധമായി മാറിയ പിതൃശൂന്യ ഓൺലൈൻ മാധ്യമത്തിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കു പരാതി നൽകി. വിലാസമോ ഫോൺ നമ്പറോ സ്വന്തം വിവരങ്ങൾ വെളിപ്പെടുത്തുന്ന ഒരു വരി പോലുമോ ഇല്ലാത്ത ഓൺലൈൻ മാധ്യമമാണ് ഇന്നു രാവിലെ മുതൽ എനിക്കെതിരേ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്ത പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് അവരേക്കുറിച്ച് ഇത്തരമൊരു വിശേഷണം നൽകുന്നത്. അവരുടെ നുണ സമൂഹമാധ്യമങ്ങളിൽ ചില നീചമനസ്സുകൾ ഏറ്റെടുത്തിട്ടുമുണ്ട്. വാർത്ത പ്രസിദ്ധീകരിച്ചവർക്കും അത് പ്രചരിപ്പിക്കുന്നവർക്കും എതിരായി ശക്തമായ നിയമനടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. സൈബർ നിയമത്തിലെ പുതിയ ഭേദഗതിയും വ്യക്തിഹത്യക്കെതിരേ അത് പൊലീസിനു നൽകുന്ന അധികാരങ്ങളും ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങൾക്കതിരേയാണ്. സ്ത്രീത്വത്തെ അവഹേളിക്കുകയും ദീർഘകാലത്തെ പൊതുപ്രവർത്തനത്തിലൂടെ സമൂഹത്തിൽ നേടിയെടുത്ത ഇടം കളങ്കപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന കള്ളവാർത്തയാണ് ഇത്. അതിൽ പേരെടുത്തു പറയുന്നില്ലല്ലോ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, വ്യക്തമായി മനസ്സിലാകുന്ന വിവരങ്ങളെല്ലാം ഉൾപ്പെടുത്തി അതിനൊപ്പം ഒരു വ്യാജവിവരം കൂടി ചേർത്തിട്ടു പേരു പറഞ്ഞില്ലല്ലോ എന്ന് പറയുന്നതിൽ അർത്ഥമൊന്നുമില്ല.
ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്ന് വാർത്തയ്ക്കു പിന്നിലുള്ളവരാരും കരുതേണ്ടതില്ല. ഞാൻ ഇവിടെത്തന്നെയുണ്ട്.
 

Latest News