Sorry, you need to enable JavaScript to visit this website.

ഗതാഗത നിയമ ലംഘനം:  പിഴകൾ വീണ്ടും ഉയർത്തുന്നു

റിയാദ് - ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ ഉയർത്താൻ, ഇതുമായി ബന്ധപ്പെട്ട ട്രാഫിക് നിയമാവലിയിൽ ഭേദഗതികൾ വരുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്. പരിഷ്‌കരിച്ച നിയമാവലി വൈകാതെ പ്രഖ്യാപിക്കും. 
എതിർദിശയിൽ വാഹനമോടിക്കുന്നതിനുള്ള പിഴയും നമ്പർ പ്ലേറ്റില്ലാതെ വാഹനമോടിക്കുന്നതിനുള്ള പിഴയും ആറായിരം റിയാൽ വീതമായി പുതിയ നിയമാവലിയിൽ ഉയർത്തുമെന്നാണ് സൂചന. അമിത വേഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, എതിർദിശയിൽ വാഹനമോടിക്കുക പോലുള്ള നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷകളെല്ലാം പുതിയ നിയമാവലിയിൽ വലിയ തോതിൽ ഉയർത്തുമെന്നാണ് ലഭ്യമായ വിവരം. 
ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ കഴിഞ്ഞ വർഷം പലമടങ്ങ് വർധിപ്പിച്ചിരുന്നു. ചില ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ പതിനായിരം റിയാൽ വരെയാക്കിയിരുന്നു. വാഹനാഭ്യാസ പ്രകടനം നടത്തുന്നവർക്കുള്ള പിഴ 20 ഇരട്ടിയായാണ് ഉയർത്തിയത്. വാഹനാഭ്യാസ പ്രകടനം നടത്തി ആദ്യ തവണ പിടിയിലാകുന്നവർക്ക് 20,000 റിയാൽ പിഴ ചുമത്തി വാഹനം പതിനഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ സൂക്ഷിക്കും. തടവു ശിക്ഷ വിധിക്കുന്നതിന് ഡ്രൈവർമാർക്കെതിരായ കേസ് കോടതിക്ക് കൈമാറും. രണ്ടാമതും വാഹനാഭ്യാസ പ്രകടനം നടത്തി കുടുങ്ങുന്നവർക്ക് 40,000 റിയാൽ പിഴ ചുമത്തും. അഭ്യാസ പ്രകടനത്തിന് ഉപയോഗിച്ച വാഹനം ഒരു മാസത്തേക്ക് കസ്റ്റഡിയിലെടുക്കും. തടവു ശിക്ഷ തീരുമാനിക്കുന്നതിന് കേസ് കോടതിക്ക് കൈമാറും. മൂന്നാമതും ഇതേ നിയമ ലംഘനം നടത്തുന്നവർക്ക് 60,000 റിയാൽ പിഴ ചുമത്തും. ഇവരുടെ വാഹനം കണ്ടുകെട്ടുന്നതിന് കേസ് കോടതിക്ക് കൈമാറും. വാടക്കെടുത്ത റെന്റ് എ കാറുകളോ മോഷ്ടിച്ച കാറുകളോ ആണ് അഭ്യാസ പ്രകടനത്തിന് ഉപയോഗിക്കുന്നതെങ്കിൽ അവ കണ്ടുകെട്ടില്ല. പകരം വാഹനത്തിന്റെ വിലക്ക് തുല്യമായ തുക പിഴ ചുമത്തും. വാഹനാഭ്യാസ പ്രകടനം നടത്തുന്നവർക്ക് 1000 റിയാലാണ് നേരത്തെ പിഴ ചുമത്തിയിരുന്നത്.
അപകട സ്ഥലങ്ങളിൽനിന്ന് രക്ഷപ്പെടുന്ന ഡ്രൈവർമാർക്ക് 10,000 റിയാൽ വരെ പിഴയും മൂന്നു മാസത്തിൽ കുറയാത്ത തടവും ലഭിക്കും. അപകട സ്ഥലത്ത് വാഹനം നിർത്തുകയും അപകടത്തെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് വിവരം നൽകാതിരിക്കുകയും പരിക്കേറ്റവരെ സാധ്യമായ രീതിയിൽ സഹായിക്കാത്തവർക്കുമാണ് ഈ ശിക്ഷ ലഭിക്കുക. 
വാഹനാപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ നിയമ വിരുദ്ധമായി റിപ്പയർ ചെയ്യുന്നവർക്ക് ഷോപ്പുകൾക്കുള്ള പിഴയും കുത്തനെ ഉയർത്തിയിട്ടുണ്ട്. ആദ്യ തവണ 10,000 റിയാൽ മുതൽ അര ലക്ഷം റിയാൽ വരെയാണ് ഇത്തരം വർക്ക് ഷോപ്പുകൾക്ക് വിധിക്കുക. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും. മൂന്നാമതും നിയമ ലംഘനം നടത്തുന്ന വർക്ക് ഷോപ്പുകൾക്ക് രണ്ടാം തവണ ചുമത്തിയതിന്റെ ഇരട്ടി തുക പിഴ ചുമത്തുകയും വർക്ക് ഷോപ്പ് എന്നെന്നേക്കുമായി അടപ്പിക്കുകയും ചെയ്യും. 
മറ്റുള്ളവരുടെ വാഹന ഉടമസ്ഥാവകാശ രേഖ (ഇസ്തിമാറ), ഡ്രൈവിംഗ് ലൈസൻസ് എന്നിവ പണയം വെക്കുകയോ പണയം സ്വീകരിക്കുകയോ ചെയ്യുന്നവർക്ക് ആയിരം റിയാൽ മുതൽ രണ്ടായിരം റിയാൽ വരെ പിഴ ചുമത്തും. ലൈസൻസില്ലാത്ത വാഹന ഷോറൂമുകൾക്കുള്ള പിഴ ഒരു ലക്ഷം റിയാലായി ഉയർത്തിയിട്ടുണ്ട്. ലൈസൻസ് നേടുന്നതു വരെ സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്യും. ലൈസൻസുള്ള കാർ ഷോറൂമുകൾ നടത്തുന്ന നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ 1,500 റിയാൽ മുതൽ അര ലക്ഷം റിയാൽ വരെയായി ഉയർത്തിയിട്ടുണ്ട്. 
നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി പിഴ ചുമത്തും. മൂന്നാമതും നിയമ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് രണ്ടാം തവണ ചുമത്തിയ പിഴ തുകയുടെ ഇരട്ടി തുക പിഴ ചുമത്തും. നാലാമതും നിയമ ലംഘനം നടത്തുന്ന ഷോറൂമുകളുടെ ലൈസൻസ് റദ്ദാക്കും. വിദേശങ്ങളിൽ വെച്ച് വാഹനങ്ങൾ വിൽക്കുകയോ പാടെ നശിക്കുകയോ ചെയ്താൽ അക്കാര്യം രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുകയും ഇസ്തിമാറയും നമ്പർ പ്ലേറ്റുകളും തിരിച്ചേൽപിക്കുകയും വേണം. ഇത് ലംഘിക്കുന്നവർക്ക് പതിനായിരം റിയാലിൽ കൂടാത്ത തുക പിഴയാണ് ശിക്ഷ. 


 

Latest News