തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി.സെക്രട്ടറിയുമായ എം.ശിവശങ്കരനെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന കെ.സുരേഷ് കുമാര്‍ ഐ.എ.എസിന്റെ മകന്‍ അനന്തു സുരേഷ്‌കുമാര്‍ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലായി.
മൂന്നാര്‍ ദൗത്യത്തിലുള്‍പ്പടെ കെ.സുരേഷ് കുമാര്‍ എടുത്ത ശക്തമായ നിലപാടുകളെ കുറിച്ച് വ്യക്തമാക്കുന്ന പോസ്റ്റില്‍ ശിവശങ്കരന്റെ അറസ്റ്റ് പ്രകൃതിയുടെ നീതി വിളംബരമാണെന്നാണ് അനന്തു പറഞ്ഞു.
കെ.സുരേഷ് കുമാറിന്റെ മകനാണ് എന്ന് പറയുമ്പോള്‍ തനിക്കുകിട്ടുന്ന സ്‌നേഹവും ബഹുമാനവും ശിവശങ്കരന്റെയോ കോടിയേരി ബാലകൃഷ്ണന്റെയോ പിണറായി വിജയന്റേയോ മക്കള്‍ക്ക് ഈ ജന്മം സ്വപ്നം പോലും കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
എന്റെ അച്ഛന്‍ കെ സുരേഷ് കുമാര്‍ ഐ.എ.എസ്, വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയും ഐ ടി സെക്രട്ടറി ആയും സേവനം അനുഷ്ഠിച്ചിരുന്നു. അതായത് സസ്‌പെന്ഷന്‍ ആവുന്നതിന് തൊട്ട് മുന്‍പ് ശ്രീ ശിവശങ്കരന്‍ വഹിച്ചിരുന്ന തസ്തികകള്‍. അക്കാലത്തായിരുന്നു അച്ഛന്‍ മൂന്നാര്‍ ദൗത്യ സംഘത്തിന്റെ ആദ്യത്തെ തലവനായി നിയമിക്കപെട്ടതും.
കഷ്ടിച്ച് ഒരു മാസമേ അച്ഛന്‍ മുന്നാറില്‍ ഉണ്ടായിരുന്നുള്ളു. പിന്നീട് രാഷ്ട്രീയ-സര്‍ക്കാര്‍ നേതൃത്വത്തിന് വേണ്ടി പക്ഷപാതിത്വത്തോടെ പ്രവര്‍ത്തിക്കണം എന്നുള്ള മുകളില്‍ നിന്നുള്ള ഉത്തരവുകള്‍ ലഭിച്ചപ്പോള്‍, അത് ചെയ്യാന്‍ സൗകര്യപ്പെടില്ല എന്ന് വളരെ വിനയത്തോടെ മുഖ്യമന്ത്രി വി എസ് ഇനെ അറിയിച്ച് അച്ഛന്‍ മൂന്നാറില്‍ നിന്ന് പടിയിറങ്ങി. അതിന് ശേഷമിപ്പോ 15 കൊല്ലം ആകുന്നു.
ഇന്നും മുന്നാറില്‍ പൊളിക്കപ്പെട്ടിട്ടുള്ള വമ്പന്‍ സ്രാവുകളുടെ കയ്യേറ്റങ്ങള്‍ ശ്രി സുരേഷ്‌കുമാര്‍ അന്ന് ആ ഒരു മാസം കൊണ്ട് പൊളിച്ചത് മാത്രമാണ്. ഇന്നും കയ്യേറ്റങ്ങളെ കുറിച്ച് പൊതു സമൂഹവും മാധയമങ്ങളും ചര്‍ച്ച ചെയ്യാനും കാരണം ഇങ്ങനെ ഒക്കെയും ഈ നാട്ടില്‍ ചെയ്യാനാകും എന്ന് അവിടെ ഉണ്ടായിരുന്ന വെറും 28 ദിവസം കൊണ്ട് ശ്രീ കെ സുരേഷ്‌കുമാര്‍ ചെയ്ത് കാണിച്ചത് കണ്ടിട്ടാണ്.
പിന്നീട് കവിയൂര്‍ കേസ് ലോട്ടറി കേസ് മുതലായ സുപ്രധാന വിഷയങ്ങളില്‍ പാര്‍ട്ടി ഇടപെട്ട് കേസുകള്‍ അട്ടിമറിക്കുന്നു എന്ന നിലപാടെടുത്തതിന്റെ പേരില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം അച്ഛന്‍ സസ്‌പെന്‍ഷനില്‍ ആവുകയും തടഞ്ഞു വെക്കപ്പെട്ട പ്രൊമോഷനും ആനുകൂല്യങ്ങള്‍ വര്‍ഷങ്ങളോളം കേസ് നടത്തി പിന്നീട് നേടി എടുക്കുകയും ചെയ്തു.
3 വര്‍ഷം സര്‍വീസ് ബാക്കി നില്‍ക്കെയാണ് അദ്ദേഹം വോളന്ററി റിട്ടയര്‍മെന്റ് എടുത്തത്. ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ മൂന്നാര്‍ ദൗത്യം-ഓണ്‍ലൈന്‍ ലോട്ടറി നിരോധനം-സ്മാര്‍ട്ട് സിറ്റി കരാര്‍-ഫിഷറീസ്-വിദ്യാഭ്യാസ വകുപ്പുകള്‍ ഉള്‍പ്പടെ നിരവധി നിരവധി മേഖലകളില്‍ ശ്രീ കെ സുരേഷ്‌കുമാറിന്റെ വ്യക്തമായ കയ്യൊപ്പ് ഒരിക്കലും മായാത്ത വിധത്തില്‍ രേഖപെടുത്തിയിട്ടുള്ളതായി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. പല മുന്‍നിര മാധ്യമങ്ങള്‍ അടക്കം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെ മൂന്നാര്‍ പൊളിക്കലിന്റെ പേരില്‍ സുരേഷ് കുമാര്‍ നിയമം ലംഖിച്ചു എന്ന ഒരൊറ്റ കോടതി ഉത്തരവോ ഒരൊറ്റ രൂപ പോലും കൈയില്‍ നിന്ന് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നിട്ടോ ഇല്ല.
ഇപ്പോള്‍ അച്ഛന്‍ സ്വപ്നം കണ്ടത് പോലൊരു ഒരു സ്‌കൂള്‍ അച്ഛന്‍ ആരംഭിച്ചു.. അനന്തമൂര്‍ത്തി അക്കാദമി. ഒരു വലിയ അന്തര്‍ദേശിയ അംഗീകാരത്തിന്റെ വക്കിലാണ് ആ സ്‌കൂളിപ്പോള്‍. അധികം വൈകാതെ പൊതുസമൂഹത്തെ അത് അറിയിക്കാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നു. ഇനി സമൂഹത്തിനോട് പറയാനുള്ളതും സമൂഹത്തിനു വേണ്ടി ചെയ്യാനുള്ളതും ഈ വളര്‍ന്ന് വരുന്ന തലമുറയിലൂടെ ശ്രി സുരേഷ്‌കുമാര്‍ ചെയ്യും.
ലക്ഷങ്ങളുടെയോ കോടികളുടെയോ ബാങ്ക് ബാലന്‍സ് അച്ഛന് ഒരിക്കലും ഉണ്ടായിട്ടില്ല ഇപ്പോഴുമില്ല. ലോണ്‍ എടുത്ത് സ്വന്തമായിട്ട് ഒരു കാര്‍ വാങ്ങിയത് പോലും വളരെ വൈകി ആണ്. പക്ഷെ മലയാളികളുള്ള എവിടെയും ചെന്ന് എന്നെ ഒരാള്‍ 'ഇയാള്‍ കെ സുരേഷ്‌കുമാറിന്റെ മകനാണ്' എന്ന് പറഞ്ഞ് പരിചയപെടുത്തിയാല്‍ ഓരോ മലയാളിയില്‍ നിന്നും എനിക്ക് ഇത് വരെ കിട്ടീട്ടുള്ളതും എന്റെ മരണം വരെ എനിക്ക് ഉറപ്പായിട്ട് കിട്ടുകയും ചെയ്യുന്ന ഒരു വലിയ വലിയ വലിയ സ്‌നേഹവും ബഹുമാനവും ഉണ്ട്. എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ ജീവിതം കൊണ്ട് അദ്ദേഹത്തിന്റെ മക്കള്‍ക്ക് വേണ്ടി കരുതി വച്ച ഏറ്റുവോം വലിയ സമ്പാദ്യം.
ജീവന് നേരെ പോലും നിരവധി ഭീഷണികള്‍ ഉണ്ടായപ്പോഴും കോടികളുടെ കൈക്കൂലി പ്രലോഭനങ്ങള്‍ ഉണ്ടായപ്പോഴും നാട്ടിലെ ഒരുമാതിരിപ്പെട്ട എല്ലാ മാഫിയ-രാഷ്രീയ-ഗുണ്ടാ- കൊള്ള സംഘങ്ങളൊക്കെ ഒരുമിച്ച് നിന്ന് ഭീഷണികള്‍ മുഴക്കിയപ്പോഴും നട്ടെല്ല് വളയ്ക്കാതെ അന്തസ്സായിട്ട് ജോലി ചെയ്ത ഒരു മനുഷ്യന്റെ മകന്‍ എന്ന പേരില്‍ എനിക്ക് കിട്ടുന്ന സ്‌നേഹം. ശ്രി ശിവശങ്കരന്റെയോ ശ്രി കോടിയേരി ബാലകൃഷ്ണന്റെയോ ശ്രി പിണറായി വിജയന്റേയോ മക്കള്‍ക്ക് ഈ ജന്മം സ്വപ്നം പോലും കാണാന്‍ സാധിക്കാത്ത ബഹുമാനം. ഈ അച്ഛന്റെ മകനായി പിറക്കാന്‍ സാധിച്ചതില്‍ എന്നത്തേയും പോലെ ഇന്നും ഒരുപാട് ഒരുപാട് അഭിമാനിക്കുന്നു!
ശ്രി ശിവശങ്കരനെതിരായ ഈ കേസ് ഒരുപക്ഷെ പിന്നീട് തേച്ചു മായിക്കപ്പെട്ടേക്കാം. പക്ഷെ ഈ അറസ്റ്റ് പ്രകൃതിയുടെ ഒരു നീതി വിളംബരമാണ്. ആ വഴിക്ക് പോകുന്നവര്‍ക്കൊക്കെ ഈ അവസ്ഥ ഇന്നല്ലെങ്കില്‍ നാളെ ഉറപ്പായിട്ടും സംഭവിച്ചിരിക്കും എന്ന വിളംബരം. അവസാനമായി ശ്രീ ശിവശങ്കരനെ ഞായീകരിക്കാനായി നിയോഗിക്കപ്പെട്ട ഗതികെട്ട പാവപ്പെട്ട ഞായീകരണ തൊഴിലാളികളോട് ഒരു അപേക്ഷ. കാപ്‌സ്യൂളുകള്‍ ഒരുപാട് വേണ്ടി വരും. എന്ന് കരുതി ഒരുപാട് എടുത്ത് വലിച്ച് വാരി കഴിച്ച് വയര്‍ കേടാക്കരുത്. നന്ദി.. നമസ്‌കാരം ! ??