ദുബായ്- കോവിഡ് പ്രതിരോധത്തിനായി ചൈന വികസിപ്പിച്ചെടുത്ത വാക്‌സിന്‍ കുത്തിവെപ്പിന് വിധേയനായി യു.എ.ഇ സഹിഷ്ണുത-സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനും. ബുധനാഴ്ചയാണ് മന്ത്രി സിനോഫാം ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിച്ചത്. സെപ്റ്റംബറിലാണ് യു.എ.ഇ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉപയോഗിക്കാന്‍ അടിയന്തര അനുമതി നല്‍കിയത്.
വിട്ടുമാറാത്ത രോഗങ്ങളുള്ള ആയിരത്തോളം സന്നദ്ധപ്രവര്‍ത്തകരില്‍ പരീക്ഷിച്ച ശേഷം വലിയ പാര്‍ശ്വഫലങ്ങളില്ലാതെ വാക്‌സിന്‍ ഉപയോഗപ്രദമാകുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അനുമതി. നേരത്തെ, വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ജൂലൈയില്‍ ആരംഭിച്ച് ഓഗസ്റ്റ് 31 ഓടെ രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ചിരുന്നു. ഇക്കാലയളവില്‍ 125 രാഷ്ട്രങ്ങളില്‍നിന്നായി 31,000ല്‍ അധികം ആളുകള്‍ വാക്‌സിനായി ബുക്ക് ചെയ്തിരുന്നു.
ഔദ്യോഗികമായി അനുമതി നല്‍കിയതിന് ശേഷം ശൈഖ് നഹ്‌യാന് പുറമെ ആരോഗ്യമന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ഉവൈസ്, സാംസ്‌കാരിക-വിജ്ഞാന വികസന മന്ത്രി നൗറ അല്‍കഅ്ബി, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖരും കുത്തിവെപ്പിന് വിധേയരായിരുന്നു.