Sorry, you need to enable JavaScript to visit this website.

പാർക്കിലെ താത്ത 

ഹമീദിന് പുതുജീവൻ നൽകുമെന്ന വാക്ക് വാക്കായി തന്നെ കിടപ്പാണ്. രണ്ടാഴ്ച കൊണ്ട് നല്ലൊരു ജോലി തരപ്പെടുത്തി നൽകുമെന്ന് അന്നത്തെ ആവേശത്തിനു തട്ടിവിട്ടതാണ്. അപ്പോൾ അവനെ സമാധാനിപ്പിക്കുകയായിരുന്നു ആവശ്യം.

ജോലി നഷ്ടപ്പെടുമെന്ന ആധിയിലാണ് ഒരു ലക്ഷം രൂപ കടം വാങ്ങി ഒപ്പിച്ച് ഹമീദ് ദുബായ് വഴി എത്തിയിരിക്കുന്നത്. നാട്ടിൽനിന്നിട്ട് വലിയ കാര്യമില്ലെന്ന് അവന്റെ പക്ഷം. ഓരോ ദിവസം കഴിയുന്തോറും ചെലവ് കൂടിവന്നു. ആവശ്യങ്ങളേറിവന്നപ്പോൾ കടവും വർധിച്ചു. കോവിഡ് കാലമായിട്ടും കല്യാണങ്ങൾക്കും മാമൂലുകൾക്കും ഒട്ടും കുറവില്ലെന്നാണ് ഹമീദിന്റെ അനുഭവം. 
പ്രവാസികളുടെ കീശ കാലിയാക്കിയാണ് വീടിനകത്തും പുറത്തും കൊറോണക്കാലത്തു പോലും ഈ മാമൂലുകളുടെ വേലിയേറ്റം. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കല്യാണാഘോഷവും പാർട്ടികളും. ഒരിക്കലും പഠിക്കാത്ത പ്രവാസികളും കുടുംബങ്ങളുമെന്നാണ് അവന്റെ ദീർഘനിശ്വാസം.

പല വാതിലുകളും മൽബു മുട്ടിനോക്കി. വലിയ സ്വാധീനമില്ലെങ്കിൽപോലും കമ്പനികളിൽ പരിചയക്കാരുണ്ടെങ്കിൽ മാത്രമേ, ഒഴിവുകളുണ്ടെന്ന കാര്യം പോലും ഇപ്പോൾ പുറത്തറിയാനാകുന്നുള്ളൂ. ഹമീദ് പല ഇന്റർവ്യൂകളിലും പങ്കെടുത്തു. ആഴ്ചയിൽ നാല് ഇന്റർവ്യൂവിന് പോയി എന്നത് ഒരുപക്ഷേ റെക്കോർഡായിരിക്കും. പക്ഷേ, എല്ലായിടത്തും കുറഞ്ഞ ശമ്പളം മാത്രം. വലിയ ആനുകൂല്യങ്ങളൊന്നുമില്ല. ജോലി കണ്ടെത്താൻ പാടുപെടുന്നവരെ ചൂഷണം ചെയ്യാനാണ് മിക്ക സ്ഥാപനങ്ങളും ശ്രമിക്കുന്നത്. നേരത്തെ രണ്ടു പേരെ പിരിച്ചുവിട്ടിടത്ത് ഒരാളെ നിയമിച്ച് കാര്യങ്ങൾ നടത്താൻ ശ്രമിക്കുന്ന മുതലാളിമാരും മാനേജർമാരും.

അങ്ങനെയിരിക്കെയാണ് ഒന്നാം പ്രവാസത്തിൽ താൻ ജോലി ശരിയാക്കിക്കൊടുത്ത ഒരാളുടെ കാര്യം മൽബുവിന് ഓർമ വന്നത്. വളരെ പെട്ടെന്നുതന്നെ സ്വന്തം കഴിവുകളും സ്ഥിരോത്സാഹവും കൊണ്ട് അയാൾ കമ്പനിയിൽ പിടിച്ചു കയറിയിരുന്നു.  വളർച്ചയിൽ മൽബുവിന് വലിയ പങ്കൊന്നുമില്ലെങ്കിലും അയാളുടെ ധാരണ മറിച്ചായിരുന്നു. 
ഒഴിവുണ്ടെന്ന വിവരം നൽകുകകയും  അവിടത്തെ ഒരാളുടെ നമ്പർ കൊടുക്കുകയും മാത്രമാണ് മൽബു ചെയ്തത്.  പക്ഷേ, ജോലി ശരിയായത് മൽബു കാരണമാണെന്ന് ആ വിനീതൻ വിശ്വസിക്കുകയും കാണുമ്പോഴൊക്കെ  എടുത്തു പറയുകയും ചെയ്തിരുന്നു. ചിലരൊക്കെ ചെയ്യാറുള്ളതുപോലെ ആ വിനീതനെ വേണമെങ്കിൽ മൽബുവിനും ചൂഷണം ചെയ്യാമായിരുന്നു. 
അതിലൊന്നും താൽപര്യമില്ലാത്ത മൽബു അയാളുടെ പേരു പേലും മറന്നിരുന്നു. ഫോണിൽ നമ്പർ ഇല്ല. കോണ്ടാക്ട് മുഴുവൻ തപ്പി. എത്ര ആലോചിച്ചിട്ടും പേര് ഓർമവരുന്നില്ല. രണ്ടു മൂന്ന് പേരുകൾ സെർച്ച് ചെയ്‌തെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എല്ലാകാര്യങ്ങളിലും നാൾക്കുനാൾ ഓർമ കുറഞ്ഞുവരികയാണ്. സ്വന്തം ഇഖാമ നമ്പർ പോലും ഇപ്പോൾ ചിലപ്പോൾ കൺഫ്യൂഷനാകുന്നു, എടുത്തു നോക്കേണ്ടിവരുന്നു. 

ഫോൺ നമ്പറുകളിൽ മൽബിയുടേത് മാത്രമാണ് കാണാതെ പറയാൻ കഴിയുക. അതാകട്ടെ മൽബി ഇരുത്തി പഠിപ്പിച്ചതാണ്. 
നാട്ടിൽ ഉപേക്ഷിച്ച ഫോണിലാണ് പഴയ നമ്പറുകളെന്ന കാര്യം മൽബുവിന് ഓർമ വന്നു.
അതിരാവിലെ തന്നെ നാട്ടിലേക്ക് വിളിച്ചു.
നിങ്ങളെന്താ ഇന്ന് പതിവില്ലാതെ.. 
നിന്നെ ഓർത്ത് ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചില്ല. 
എന്താ ഓർത്തത്?
എന്തെല്ലാം ഓർക്കാനുണ്ട്. നീയല്ലേ എന്റെ ഊർജം.


ദോശ ചുടാനുണ്ട്. എന്തേലും കാര്യമുണ്ടെങ്കിൽ പറ. കിന്നാരം പിന്നീടാക്കാം.
ഒരാളെ ഇഷ്ടമുണ്ടെങ്കിൽ അക്കാര്യം പറഞ്ഞു കൊണ്ടേയിരിക്കണം. ഇതു പറഞ്ഞു തീർന്നതും
മൽബുവിനെ ഞെട്ടിക്കുന്നതായിരുന്നു മൽബിയുടെ ചോദ്യം. 
സെക്‌സിനല്ലാതെ നിങ്ങൾ എപ്പോഴെങ്കിലും എന്നെ കെട്ടിപ്പിടിച്ചിട്ടുണ്ടോ?
അതെന്താ നീ അങ്ങനെ ചോദിക്കുന്നത്. കെട്ടിപ്പിടിക്കാൻ നീ സമയം തരാറുണ്ടോ.. തിരക്കല്ലേ എപ്പോഴും നിനക്ക്. 
എന്നാൽ നിങ്ങൾ ഹലാൽ ലൗ സ്‌റ്റോറിയൊന്ന് കാണണം. 
നീ എവിടുന്ന് കണ്ടു.

ഞാൻ കണ്ടില്ല. കണ്ടതുപോലെ അവളുടെ വായിൽനിന്ന് കേട്ടു. അപ്പുറത്തെ ആയിശ കഥമുഴുവൻ പറഞ്ഞുതന്നു. അവളുടെ വീട്ടിൽ ആമസോൺ പ്രൈമുണ്ട്.
നിങ്ങൾ അവിടെ കള്ള സി.ഡി ഇറങ്ങുന്നതുവരെ കാത്തിരുന്നോ.. 
ഇതിപ്പോ ഹലാലായതുകൊണ്ട് കള്ള സി.ഡി ഇറങ്ങുമോ എന്നുപോലും ഉറപ്പില്ല: മൽബു പറഞ്ഞു. അതിരിക്കട്ടെ, ഞാൻ വിളിച്ചത് ഒരു നമ്പറിനുവേണ്ടിയാണ്. എന്റെ പഴയ ഫോണുണ്ട് അവിടെ. ഇവിടെ ആയിരുന്നപ്പോൾ നിന്റെ കൈയിലായിരുന്നല്ലോ അത്. അതിലൊരു നമ്പറുണ്ട്. ടെട്രാപാക്ക് എന്ന് സേവ് ചെയ്തിട്ടുണ്ടാകും. 
മൽബി വേഗം നമ്പർ കണ്ടുപിടിച്ച് നൽകി. ഐ.ടി വിവരത്തിൽ മൽബുവിനേക്കൾ മുന്നിലാണ് മൽബി.
നമ്പർ രാവിലെ തന്നെ കിട്ടിയെങ്കിലും വിളിക്കാൻ ഒമ്പതു മണിവരെ കാത്തിരുന്നു. മൽബു വിളിച്ചപ്പോൾ അങ്ങേതലയ്ക്കൽ എടുത്തത് ഒരു സ്ത്രീ.
പരിചയമില്ലാത്ത നമ്പറിൽനിന്ന് വിളിച്ചതുകൊണ്ട് മൽബു ആദ്യംതന്നെ സ്വയം പരിചയപ്പെടുത്തി. അപ്പോൾ അവർക്ക് ആളെ പിടികിട്ടി. 
മൽബിയുടെ ഭർത്താവല്ലേ, മൽബിയും കുട്ടികളും എങ്ങനെയിരിക്കുന്നു തുടങ്ങിയ സുഖാന്വേഷണങ്ങളും. 
നമ്പർ മാറിയെന്ന് ഉറപ്പായ മൽബു വീണ്ടും മൽബിയെ വിളിച്ചു. 

അത് റോംഗ് നമ്പറാണ്. പക്ഷേ നിന്നെ അറിയുന്ന ഏതോ ഒരു സ്ത്രീയാണ്. ഒന്നകൂടി നോക്കിക്കേ.. 
പൊട്ടിച്ചിരിയായിരുന്നു പിന്നീട്. 
സോറീട്ടോ.. അത് ടെട്രാപാർക്കല്ല. താത്ത പാർക്കാണ്. ഞാൻ അവിടെ ആയിരുന്നപ്പോൾ പാർക്കിൽവെച്ച് പരിചയപ്പെട്ട ഒരു താത്തയുടെ നമ്പറാണ് അങ്ങനെ സേവ് ചെയ്തത്. 
സംസാരത്തിനിടയിൽ മൽബുവിന്റെ മുഖത്ത് പുഞ്ചിരി വിടരുന്നത് കണ്ട ഹമീദ് ചോദിച്ചു.
ആ..ആ.. എന്താ രാവിലെ തന്നെ ഒരു പുഞ്ചിരിയും സന്തോഷവും. കോള് വല്ലതും അടിച്ചോ?
എങ്ങനെ ചിരിക്കാതിരിക്കും. ടെട്രപാക്കുകാരനെ വിളിച്ചപ്പോൾ ഫോൺ എടുത്തത് പാർക്കിലെ താത്ത. 
 

Latest News