വരാപ്പുഴ- കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിനു പകരം ആംബുലന്‍സില്‍ എത്തിച്ചത് കാലിപ്പെട്ടി. കടമക്കുടി പഞ്ചായത്തിലെ കോതാടാണ് സംഭവം. കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച പ്രിൻസ് സിമേന്തി എന്നയാളുടെ മൃതദേഹമാണ് പെട്ടിയിലാക്കാൻ മറന്നത്.
പനിയെത്തുടർന്നാണ് കഴിഞ്ഞദിവസം ചേരാനല്ലൂർ ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച പ്രിന്‍സ് അൽപ്പസമയത്തിനകം മരിച്ചിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ബന്ധുക്കളും സുഹൃത്തുക്കളുമായ നാലുപേർ ചേർന്നാണ് പ്രിൻസിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിലെത്തിയത്. മൃതദേഹം വെക്കാനായി പെട്ടി ആശുപത്രി അധികൃതരെ ഏൽപ്പിക്കുകയും ചെയ്തു. മൃതദേഹം കൊണ്ടുപോകുന്നതിന് അനുമതി ലഭിച്ചതോടെ ആംബുലൻസിൽ പെട്ടി കയറ്റിവച്ച് ചടങ്ങുകൾ നടക്കുന്ന കോതാട് തിരുഹൃദയ പള്ളിയിൽ എത്തിച്ചു.
ചടങ്ങുകൾക്കായി തുറന്നുനോക്കിയപ്പോഴാണ് മൃതദേഹമില്ലെന്ന് മനസ്സിലായത്. ഉടൻതന്നെ അതേ ആംബുലൻസിൽ ബന്ധുക്കള്‍ ആശുപത്രിയിലെത്തി.
അരമണിക്കൂറിനകം തന്നെ പ്രിൻസിന്റെ മൃതദേഹമെത്തിച്ച് പള്ളി സെമിത്തേരിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിച്ചു.