കോഴിക്കോട്- സർക്കാർ സർവീസുകളിൽ മുന്നോക്ക വിഭാഗങ്ങൾക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ കാന്തപുരം എ. പി വിഭാഗം. രാഷ്ട്രീയ ലക്ഷ്യത്തോടെ ഒരുക്കിയ വൻ ചതിയാണ് മുന്നോക്ക സംവരണത്തിലൂടെ നടപ്പാക്കിയിരിക്കുന്നതെന്ന് എ. പി വിഭാഗം മുഖപത്രമായ സിറാജിന്റെ മുഖപ്രസംഗത്തിൽ ആരോപിച്ചു.
ദളിത് പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ അനുവദിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ അതിനുള്ള പ്രതിബന്ധങ്ങൾ എത്ര ദുഷ്‌കരമാണെന്ന് ബോധ്യമുള്ളതാണെന്നും അതിനാൽ സാമ്പത്തിക സംവരണം പുനപരിശോധിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെട്ടു.
സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരിൽ സംവരണത്തിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ കുഴിച്ചുമൂടുകയാണ് ചെയ്തത്. രാജ്യത്തെ ജനസംഖ്യയുടെ നാലിൽ മൂന്ന് ശതമാനം വരുന്ന ജനവിഭാഗത്തെ നിശബ്ദമാക്കിക്കൊണ്ടാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരിൽ സംവരണത്തിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ കുഴിച്ച് മൂടിയിരിക്കുന്നത്. സംവരണം സമ്പത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രചരിപ്പിക്കുന്നതിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ രാജ്യത്തിന്റെ ചരിത്രത്തെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. സംവരണം അട്ടിമറിക്കാൻ സർക്കാരുകൾ നിരത്തിയ കാരണങ്ങളും അതിന് വെച്ച ഉപാധികളും ഏത് മാനദണ്ഡ പ്രകാരമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
സംവരണ വിഭാഗങ്ങളുടെ അവസരങ്ങൾ കവർന്നെടുക്കില്ലെന്ന് ആണയിടുന്ന സർക്കാർ പൊതുവിഭാഗത്തിലെ പത്ത് ശതമാനത്തിന് പകരം മുഴുവൻ സീറ്റിലെയും പത്ത് ശതമാനം മുന്നാക്കക്കാർക്ക് നീക്കിവെക്കുന്നത് വഞ്ചനാപരമാണ്. ഏത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നാക്ക സംവരണം പത്ത് ശതമാനമാക്കിയതെന്ന് സർക്കാർ വ്യക്തമാക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ എം.ബി.ബി.എസ്, മെഡിക്കൽ പി.ജി വിഭാഗങ്ങളിലുൾപ്പെടെ നിലവിലെ സംവരണ സമുദായങ്ങളെക്കാൾ മീതെ മുന്നാക്ക സംവരണം വന്നത് ഏത് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണെന്നും ലേഖനത്തിൽ ചോദിക്കുന്നു. എസ്.എൻ.ഡി.പിക്ക് പുറമെ കാന്തപുരം വിഭാഗവും സംവരണ നയത്തിനെതിരെ രംഗത്തെത്തിയത് സർക്കാറിന് തിരിച്ചടിയാണ.്