Sorry, you need to enable JavaScript to visit this website.

സ്വർണ്ണക്കടത്തിന് പിന്നിൽ യു.എ.ഇ പൗരൻ ദാവൂദെന്ന് റമീസിന്റെ മൊഴി

കൊച്ചി- നയതന്ത്ര പാഴ്‌സൽ സ്വർണ്ണക്കടത്തിന് പിന്നിൽ യു.എ.ഇ പൗരൻ ദാവൂദ് അൽ അറബിയെന്ന വ്യവസായി ആണെന്ന് കേസിലെ മുഖ്യപ്രതി കെ.ടി റമീസ്. കസ്റ്റംസിനും ദേശീയ അന്വേഷണ ഏജൻസിക്കും എൻഫോഴ്‌സ്‌മെന്റിനും നൽകിയ മൊഴിയിലാണ് റമീസ് ഇക്കാര്യം പറഞ്ഞത്. അതേസമയം, കൊടുവള്ളി സ്വദേശികളും ജനപ്രതിനിധികളുമായ കാരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും സ്വർണക്കടത്തിൽ പങ്കില്ലെന്നാണു റമീസിന്റെ മൊഴി. ഇരുവരെയും നേരിട്ടു കണ്ടിട്ടില്ല, ചാനൽ വാർത്തകളിൽ കണ്ട പരിചയം മാത്രമേയുള്ളൂവെന്നും റമീസ് നൽകിയ മൊഴിയിലുണ്ട്. 
എന്നാൽ മറ്റൊരു പ്രതി സന്ദീപ് നായരും ഭാര്യയും കാരാട്ട് റസാഖ്, ഫൈസൽ എന്നിവർക്കു വേണ്ടിയാണു 'റമീസ് ഭായ്' സ്വർണക്കടത്തു നടത്തുന്നതെന്നു മൊഴി നൽകിയത്. 
30 കിലോ സ്വർണം ഒളിപ്പിച്ച പാഴ്‌സൽ തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞുവച്ച വിവരം അറിഞ്ഞ റമീസ് അഭിഭാഷകന്റെ സാന്നിധ്യത്തിൽ സന്ദീപിനെയും പി.എസ്.സരിത്തിനെയും തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിൽ കണ്ടതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കസ്റ്റംസ് സ്വർണം പിടിച്ചാൽ സരിത് കുറ്റം ഏൽക്കണമെന്നും അതിനു പ്രതിഫലം നൽകാമെന്നും റമീസ് ഉറപ്പു നൽകി. പരമാവധി ശിക്ഷ ഒരു വർഷത്തെ കരുതൽ തടവാണെന്നും ഡൽഹിയിൽ സ്വാധീനം ചെലുത്തി 6 മാസം കഴിയുമ്പോൾ പിഴയടച്ചു മോചനം ഉറപ്പാക്കാമെന്നും റമീസ് അറിയിച്ചു.
 

Latest News