റിയാദ്- എണ്ണ വിപണിയുടെ മോശം കാലം അവസാനിച്ചുവെന്ന് സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സെറവീക്ക് ഓണ്‍ലൈനില്‍ സംഘടിപ്പിച്ച ഇന്ത്യ എനര്‍ജി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ എണ്ണ വിപണിയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യത്തിനാണ് മോശം കാലം കഴിഞ്ഞുവെന്ന ശുഭാപ്തി അദ്ദേഹം പങ്കുവെച്ചത്.
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റി അയക്കുന്ന രാജ്യമായ സൗദിയും ഊര്‍ജ ഉപയോഗം കുതിച്ചുയരുന്ന ഇന്ത്യയും പരസ്പര പൂരകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഇന്ത്യന്‍ സമ്പദ്ഘടനയുടെ പ്രാധാന്യം സൗദി അറേബ്യ മനസ്സിലാക്കുന്നു. വികസന രംഗത്ത് ഇന്ത്യയുടെ കുതിപ്പ് ഇരുരാജ്യങ്ങളുടേയും സമ്പദ്ഘടനകളെ അഭിവൃദ്ധിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.