മക്ക - വിദേശത്തുനിന്നെത്തുവരുടെ ഉംറ പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ ഉംറ സർവീസ് കമ്പനികളുടെയും വിദേശങ്ങളിലെ ഏജന്റുമാരുടെയും ചുമതലകൾ ഹജ്, ഉംറ മന്ത്രാലയം നിർണയിച്ചു.
സൗദിയിലെത്തുന്നതു മുതൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതു വരെയുള്ള കാലത്ത് പാലിക്കേണ്ട മുൻകരുതൽ നടപടികളെ കുറിച്ച് തീർഥാടകരെ ബോധവൽക്കരിക്കൽ, ഉംറ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത തീർഥാടകരുടെ പേരുവിവരങ്ങളും പാസ്‌പോർട്ടുകളിലെ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തൽ, കൺഫേം ചെയ്ത ടിക്കറ്റുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങളും താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും അടക്കം തീർഥാടകരുമായി ബന്ധപ്പെട്ട വിവരങ്ങൾ സൗദിയിൽ എത്തുന്നതിനു 24 മണിക്കൂർ മുമ്പ് നെറ്റ്‌വർക്ക് സിസ്റ്റങ്ങളിൽ പ്രവേശിപ്പിക്കൽ, എന്നിവയെല്ലാം ഉംറ സർവീസ് കമ്പനികളുടെയും വിദേശങ്ങളിലെ ഏജന്റുമാരുടെയും ഉത്തരവാദിത്തമാണെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
ഈ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിന്റെ ചുമതല സൗദി ഉംറ സർവീസ് കമ്പനികൾക്കും വിദേശ ഏജന്റുമാർക്കുമാണ്. സൗദിയിലെത്തിയാലുടൻ ഹോട്ടലുകളിൽ മൂന്നു ദിവസം ഐസൊലേഷൻ പാലിക്കണമെന്ന് തീർഥാടകരെ സർവീസ് കമ്പനികളും ഏജന്റുമാരും അറിയിക്കണം. വിദേശങ്ങളിൽനിന്ന് എത്തുന്ന തീർഥാടകരെ ഗ്രൂപ്പുകളായി തിരിക്കണം. ഓരോ ഗ്രൂപ്പിലും ചുരുങ്ങിയത് 50 തീർഥാടകർ വീതമാണുണ്ടാവേണ്ടത്. ഓരോ ഗ്രൂപ്പിനും ഉംറ സർവീസ് കമ്പനി ഒരു ഗൈഡിനെ വീതം നിയോഗിക്കുകയും വേണം.
വിമാന ടിക്കറ്റ്, താമസം, യാത്രാ സൗകര്യങ്ങൾ അടക്കം മുഴുവൻ സേവനങ്ങളും അടങ്ങിയ ഏകീകൃത പാക്കേജും ഓരോ ഗ്രൂപ്പിനും ബുക്ക് ചെയ്യണം. വിദേശ ഉംറ തീർഥാടകർക്കുള്ള 'ഇഅ്തമർനാ' ആപ് വഴി ഉംറ, സിയാറത്ത് ബുക്കിംഗ് നടത്തുന്നതിനോടനുബന്ധിച്ചാണ് മുഴുവൻ സേവനങ്ങളും അടങ്ങിയ ഏകീകൃത പാക്കേജും ഓരോ ഗ്രൂപ്പിനും ബുക്ക് ചെയ്യേണ്ടത്. താമസം, യാത്രാ സൗകര്യം, ഫീൽഡ് സേവനങ്ങൾ, ഇൻഷുറൻസ്, ഭക്ഷണം എന്നിവ അടക്കം പാക്കേജുകൾക്ക് അനുസരിച്ച സേവനങ്ങൾ തീർഥാടകർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ചുമതല സൗദി ഉംറ സർവീസ് കമ്പനികൾക്കാണ്. തീർഥാടകർക്ക് ലഭിക്കുന്ന സേവനങ്ങളിൽ വീഴ്ചകളുണ്ടെങ്കിൽ അവ പരിഹരിക്കേണ്ട ചുമതലയും സൗദി ഉംറ സർവീസ് കമ്പനികൾക്കാണ്.
പ്രതിരോധ നടപടികൾക്കും വ്യവസ്ഥകൾക്കും അനുസരിച്ച് ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കാണ് അനുമതി നൽകേണ്ടതെന്നും ഈ രാജ്യങ്ങളിൽനിന്ന് എത്ര തീർഥാടകർക്കു വീതമാണ് അനുമതി നൽകേണ്ടതെന്നുമുള്ള കാര്യങ്ങൾ നിർണയിക്കുന്നതിന് ആരോഗ്യ, വിദേശ മന്ത്രാലയങ്ങളുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും ഹജ്, ഉംറ മന്ത്രാലയം ഏകോപനം നടത്തും. ആരോഗ്യ പ്രോട്ടോകോളുകൾക്കും മുൻകരുതൽ, പ്രതിരോധ നടപടികൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി തീർഥാടകർക്ക് ഗതാഗത, താമസ സേവനങ്ങൾ നൽകുന്ന ഹോട്ടലുകൾക്കും ബസ് കമ്പനികൾക്കും ഹജ്, ഉംറ മന്ത്രാലയം ഇതേ രീതിയിൽ അംഗീകാരം നൽകുകയും വിദേശ ഉംറ തീർഥാടകർക്കുള്ള സെൻട്രൽ ബുക്കിംഗ് എൻജിൻ അംഗീകാരമുള്ള മാർക്കറ്റിംഗ് പോർട്ടലുകൾ വഴി സേവനങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഹോട്ടലുകൾക്കും ബസ് കമ്പനികൾക്കും അവസരമൊരുക്കുകയും ചെയ്യും. കൊറോണ വ്യാപന ഭീഷണി തടയുന്നതിനുള്ള നിയന്ത്രണങ്ങൾക്ക് അനുസൃതമായി സൗദിയിലെ ഉംറ സർവീസ് കമ്പനികളും വിദേശ ഏജന്റുമാരും തമ്മിൽ ഒപ്പുവെക്കുന്ന കരാറുകൾ വിദേശ മന്ത്രാലയവും ഹജ്, ഉംറ മന്ത്രാലയവും ഇ-അറ്റസ്റ്റേഷൻ രീതിയിലാണ് അറ്റസ്റ്റ് ചെയ്യുകയെന്നും ഹജ്, ഉംറ മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കി.