റിയാദ്- സ്വകാര്യ മേഖലയിൽ മാർക്കറ്റിംഗ് ജോലികൾ സൗദിവൽക്കരിക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും മാനവശേഷി വികസന നിധിയും മാർക്കറ്റിംഗ് അസോസിയേഷനും ധാരണാപത്രം ഒപ്പുവെച്ചു. മാർക്കറ്റിംഗ് ജോലികളിൽ സൗദി യുവതീയുവാക്കളെ പരിശീലനങ്ങളിലൂടെ പ്രാപ്തരാക്കാനും ഈ മേഖലയിൽ സ്വദേശികൾക്ക് സ്ഥിരം തൊഴിലുകൾ ലഭ്യമാക്കാനും ഗുണനിലവാര മാനദണ്ഡങ്ങളും പ്രൊഫഷനൽ അക്രഡിറ്റേഷൻ വികസിപ്പിക്കാനും തൊഴിൽ കമ്പോളത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സൗദികളുടെ നൈപുണ്യനിലവാരം ഉയർത്താനും ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു.
മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയുടെ സാന്നിധ്യത്തിൽ മാനവശേഷി വികസന നിധി ഡയറക്ടർ ജനറൽ തുർക്കി അൽജഅ്‌വീനി, മാർക്കറ്റിംഗ് അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽറാജ്ഹി, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ ക്ലയന്റ് എക്‌സ്പീരിയൻസ് ആന്റ് കോർപറേറ്റ് കമ്യൂണിക്കേഷൻ എക്‌സിക്യൂട്ടീവ് ജനറൽ സൂപ്പർവൈസർ അബ്ദുൽ അസീസ് അൽശംസാൻ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. സ്വകാര്യ മേഖലയിൽ മാർക്കറ്റിംഗ് ജോലികൾ സൗദിവൽക്കരിക്കാൻ മൂന്നു വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കും.
മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കു പകരം സ്വദേശികളെ നിയമിക്കുന്നതിന് സൗദികളുടെ കഴിവുകളും തൊഴിൽ നൈപുണ്യങ്ങളും പരിപോഷിപ്പിക്കുകയും മത്സരക്ഷമത ഉയർത്തുകയും തൊഴിൽ വിപണിക്ക് ആവശ്യമായ കഴിവുകളും അറിവുകളും ആർജിക്കാൻ അവരെ സഹായിക്കുകയും ചെയ്യും.
മാർക്കറ്റിംഗ് തൊഴിൽ മേഖലയുടെ നിലവിലെ അവസ്ഥയെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പഠിച്ച് വിശകലനം ചെയ്യും. ഈ മേഖലയിൽ സൗദിവൽക്കരിക്കാൻ ലക്ഷ്യമിടുന്ന തൊഴിലുകളിൽ സ്വദേശികൾക്ക് പരിശീലനം നൽകുന്നതിനുള്ള പ്രോഗ്രാമുകൾ തയാറാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തും.
മാനവശേഷി വികസന നിധി സൗദിയിലെ എല്ലാ പ്രവിശ്യകളിലും എംപ്ലോയ്‌മെന്റ് ഫോറങ്ങൾ സംഘടിപ്പിക്കുകകയും സൗദിവൽക്കരണ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് സ്വകാര്യ മേഖലക്ക് പിന്തുണ നൽകുകയും മാർക്കറ്റിംഗ് അസോസിയേഷൻ നടത്തുന്ന പരിശീലന പദ്ധതികൾക്ക് ധനസഹായം നൽകുകയും ചെയ്യും.
പരിശീലന പദ്ധതികൾക്ക് രൂപംനൽകുകയും സൗദിവൽക്കരിക്കേണ്ട തൊഴിലുകൾ നിർണയിക്കുകയും മാർക്കറ്റിംഗ് വിദഗ്ധർക്ക് ലൈസൻസ് നൽകുന്നതിനുള്ള നിയമങ്ങൾക്കായി ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തുകയുമാണ് മാർക്കറ്റിംഗ് അസോസിയേഷൻ ചെയ്യുക. മാർക്കറ്റിംഗ് വിദഗ്ധരായ സൗദികളെ വാർത്തെടുക്കുന്നതിന് സഹായകമായ പാഠ്യ, പരിശീലന പദ്ധതികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൡ പുതുതായി ആരംഭിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായും അസോസിയേഷൻ ഏകോപനം നടത്തും.
സൗദികൾക്ക് തൊഴിൽ ലഭ്യമാക്കാനും തൊഴിലവസരങ്ങൾ മുന്നോട്ടുവെക്കുന്ന സ്ഥാപനങ്ങളുമായി യുവാക്കളുടെ ആശയവിനിമയം എളുപ്പമാക്കാനും പ്രവർത്തിക്കുന്ന മാർക്കറ്റിംഗ് അസോസിയേഷൻ, കമ്പനികളുമായും വിവിധ വകുപ്പുകളുമായും ഏകോപനം നടത്തി വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിന് മേൽനോട്ടവും വഹിക്കും.
മാർക്കറ്റിംഗ് മേഖലയിൽ സൗദിവൽക്കരണത്തിന് മുൻഗണന നൽകേണ്ട തൊഴിലുകൾ നിർണയിക്കുന്നതിനും പരിശീലന പ്രോഗ്രാമുകൾ തയാറാക്കി നടപ്പാക്കുന്നതിന് സമയബന്ധിത പദ്ധതി തയാറാക്കുന്നതിനും വെല്ലുവിളികളും പ്രതിബന്ധങ്ങളും നിരീക്ഷിച്ച് പരിഹരിക്കുന്നതിനും സംയുക്ത കർമ സമിതി രൂപീകരിക്കാൻ മൂന്നു വകുപ്പുകളും തീരുമാനിച്ചിട്ടുണ്ട്.