തിരുവനന്തപുരം- ആയുധശേഖരം പ്രദർശിപ്പിക്കുകയും കലാപാഹ്വാനം നടത്തുകയും ചെയ്തതിന് ഹിന്ദു സേനാ നേതാവ് പ്രതീഷ് വിശ്വനാഥിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി. ആയുധം പ്രദർശിപ്പിച്ചതിനും കലാപാഹ്വാനം നടത്തിയതിനും പ്രതീഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം നൽകിയ പരാതിയിലെ ആവശ്യം.
കഴിഞ്ഞ കുറെ കാലങ്ങളായി ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമ ഇടങ്ങളിൽ സ്പർധ പരത്തുന്ന തരത്തിൽ സവിശേഷമായി മുസ്‌ലിം സമൂഹത്തിനെതിരെ വെറുപ്പ് ഉൽപാദിപ്പിക്കുന്ന പ്രചാരണങ്ങൾ നടത്തുന്ന വ്യക്തിയാണ് പ്രതീഷ് വിശ്വനാഥെന്ന് പരാതിയിൽ പറയുന്നു.
ഒക്ടോബർ 24ന് പ്രതീഷ് വിശ്വനാഥിന്റെ പേജിൽ നിന്ന് മഹാനവമി പൂജയുമായി ബന്ധപ്പെട്ട് പബ്ലിഷ് ചെയ്തിട്ടുള്ള പോസ്റ്റിൽ വൻ ആയുധ ശേഖരമാണ് പൊതു സമൂഹത്തിന് മുന്നിൽ പ്രകോപനപരമായ അടിക്കുറുപ്പോട് കൂടി പ്രദർശിപ്പിച്ചിട്ടുള്ളത്.
തോക്കുകളും വാളുകളും അടങ്ങുന്ന മാരകായുധങ്ങൾ സൂക്ഷിക്കുകയും പൊതു സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുള്ള പ്രതീഷ് വിശ്വനാഥിന്റെ പ്രവൃത്തി ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. അതോടൊപ്പം ചേർത്തിട്ടുള്ള അടിക്കുറിപ്പിലെ പ്രയോഗങ്ങൾ ആയുധമേന്തി അക്രമം പ്രവർത്തിക്കുവാനുള്ള കലാപ ആഹ്വാനമാണ്.
'ആയുധം താഴെ വെക്കാൻ ഇനിയും സമയം ആയിട്ടില്ല. ശത്രു നമുക്കിടയിൽ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്' എന്നതടക്കമുള്ള പ്രയോഗങ്ങൾ സമൂഹത്തിൽ മത സമൂഹങ്ങൾ തമ്മിൽ സ്പർധ വളർത്തി അക്രമവും അരാജകത്വവും വളർത്തുവാനും അത് വഴി വർഗീയ കലാപമുണ്ടാക്കുവാനും പ്രതീഷ് വിശ്വനാഥ് കഴിഞ്ഞ കുറെ കാലങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്. നേരത്തെയും സമൂഹ മാധ്യമങ്ങൾ വഴി പ്രതീഷ് വിശ്വനാഥ് നടത്തിയിട്ടുള്ള ദൂരവ്യാപക പ്രത്യഘാതങ്ങൾ സൃഷ്ടിക്കുന്ന പരാമർശങ്ങൾക്കും പ്രതീഷ് വിശ്വനാഥിന്റെ പ്രവൃത്തികൾക്കുമെതിരെ പരാതികൾ നൽകിയെങ്കിലും ശക്തമായ നടപടികൾ ഉണ്ടാവാത്തത് കാരണമാണ് ഇത്തരം പ്രവൃത്തികൾ നിർലോഭം തുടരുന്നത്. പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. പ്രതീഷ് വിശ്വനാഥിന്റെ ആയുധ ശേഖരത്തെ കുറിച്ച് ഊർജിതമായ അന്വേഷണം നടത്തണമെന്നും ആയുധം ശേഖരിച്ചതിനും അത് പൊതു സമൂഹത്തിന് മുന്നിൽ സ്പർധ വളർത്തുന്നതും കലാപാഹ്വാനം നടത്തുന്ന തരത്തിലുള്ള അടിക്കുറിപ്പോട് കൂടി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനും അയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.