കോഴിക്കോട്- സ്വർണ്ണക്കടത്ത് കേസിൽ തനിക്ക് ഒരു ബന്ധവുമില്ലെന്നും ഈ പ്രതികളെ ഒരു നിലക്കും അറിയില്ലെന്നും കാരാട്ട് റസാഖ് എം.എൽ.എ. പ്രതികൾ പോലും തനിക്കെതിരെ മൊഴി നൽകിയിട്ടില്ല. പ്രതിയുടെ ഭാര്യയാണ് തനിക്കെതിരെ മൊഴി നൽകിയത് എന്നാണ് വാർത്ത. പ്രതിയുടെ ഭാര്യ നൽകിയ മൊഴിയെ പറ്റി നിയമനടപടി സ്വീകരിക്കുമെന്നും കാരാട്ട്് റസാഖ് പറഞ്ഞു. ഈ പ്രതികളെ പറ്റി അറിയുന്നത് തന്നെ പത്രത്തിൽ വാർത്തകൾ വന്ന ശേഷമാണ്. ഇത്തരത്തിൽ പെട്ട മോശം ബിസിനസുകളുമായി പങ്കില്ല. സത്യസന്ധമായ അന്വേഷണവുമായി മുന്നോട്ടുപോകുകയാണെങ്കിൽ തന്നെ പ്രതിയാക്കാൻ കഴിയില്ല. രാഷ്ട്രീയ ഗൂഢാലോചന ഉണ്ടോ എന്ന് പറയാനാകില്ല. ആരോപണം ആർക്കുവേണമെങ്കിലും ഉന്നയിക്കാമെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും റസാഖ് വ്യക്തമാക്കി. പ്രതികളാണ് മൊഴി നൽകേണ്ടതെന്നും പ്രതിയുടെ ഭാര്യയല്ല നൽകേണ്ടതെന്നും റസാഖ് വ്യക്തമാക്കി.