കൊച്ചി - റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ഇളമാട് ഇടത്തറപ്പണ രേവതി ഹൗസിൽ ദിവാകരൻ നായർ (65) കൊച്ചിയിലെത്തിയത് കിട്ടാനുള്ള പണം വാങ്ങാനെന്ന് വെളിപ്പെടുത്തി കുടുംബം.
കഴിഞ്ഞ ദിവസം ഇൻഫോപാർക്കിന് സമീപമാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരിമുകൾ–ഇൻഫോപാർക്ക് റോഡിൽ ബ്രഹ്മപുരത്ത് കെഎസ്ഇബിയുടെ പ്ലോട്ടിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ദീർഘനാളായി കിട്ടാനുണ്ടായിരുന്ന പണം വാങ്ങാനാണ് ശനിയാഴച് രാവിലെ ദിവാകരൻ തന്റെ കാറിൽ കൊച്ചിയിൽ എത്തിയത്. വാഹനം തകരാറിലായെന്നും ഇതു ശരിയാക്കുന്നതിനു താമസം ഉള്ളതിനാൽ മുറിയെടുത്തു താമസിക്കുകയാണെന്നും പറഞ്ഞു വൈകിട്ടോടെ ബന്ധുക്കളെ വിളിച്ചതായി പറയുന്നു.
മുഖത്തും ദേഹത്തും പരുക്കേറ്റ പാടുകളുണ്ട്. ചെരിപ്പ് ഇല്ലാത്ത നിലയിലായിരുന്നു. ഫോൺ, പഴ്സ് എന്നിവ കണ്ടെത്താനായിട്ടില്ല. പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇൻഫോപാർക്ക് പൊലീസിൽ വിവരം അറിയിച്ചത്. പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും എഴുതി സൂക്ഷിച്ചിരുന്ന നമ്പറുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.
മരണത്തിൽ വീട്ടുകാർ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. ഇളമാട് രാജീവ്ഗാന്ധി റസിഡന്റ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ്, കർഷക കോൺഗ്രസ് ജില്ലാകമ്മിറ്റി അംഗം, ഐഎൻടിയുസി ഇളമാട് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികായിരുന്നു ദിവാകരന്‍ നായർ.