ഒരു എഴുത്തുകാരിയുടെ പതിനേഴ് പുസ്തകങ്ങളുടെ പ്രകാശനം
ബൃന്ദ പുനലൂർ രചിച്ച പതിനേഴു പുസ്തകങ്ങളുടെ പ്രകാശനം രാജ്ഭവനിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം നിർവഹിച്ചു. കഥ, കവിത, നോവൽ, ബാലസാഹിത്യം, ലേഖനങ്ങൾ, ഓർമ-അനുഭവക്കുറിപ്പുകൾ തുടങ്ങിയ വിഭാഗങ്ങളിലെ 17 പുസ്തകങ്ങളാണ് പുറത്തിറക്കിയത്.
'17 പുസ്തകങ്ങൾ ഇത് ഒരു വലിയ കാര്യമാണ്. ഇത് ഒരു റെക്കോർഡ് ആയിരിക്കുമല്ലോ. എന്റെ അഭിനന്ദനങ്ങൾ. ഇക്കൂട്ടത്തിൽ കുട്ടികൾക്കായുള്ള പുസ്തകങ്ങൾ കൂടി ഉള്ളത് വലിയ കാര്യമാണ്. കുട്ടികൾക്കായുള്ള രചനകൾ വളരെ കുറവാണ്. കൂടുതൽ എഴുതുക.' -ഗവർണർ പറഞ്ഞു.
പ്രണയത്തിന്റെ മാന്ത്രിക ഗീതകങ്ങൾ, ഉടലെഴുത്ത്, പ്രേമത്തിന്റെ ഉൽപത്തി പുസ്തകം, ജാനകിക്കാട്, മുന്തിരിക്കടൽ, കടലുമ്മ, എഴുത്തുമുറി, സ്വാമി വിവേകാനന്ദൻ, പ്രണയത്തിന്റെ ആത്മകഥ, പ്രണയക്കുറിപ്പുകൾ, അക്ഷരഭൂമിക, പ്രണയമോഹനം, ഗ്രീക്ക് ബാല കഥകൾ, പ്രണയം ജീവിതം, ഉപ്പു മനുഷ്യർ, മായിക, മാർജാര ചരിതം എന്നീ ടൈറ്റിലുകളാണ് വായനക്കാരിലേക്കെത്തുന്നത്.
ഉപ്പു മനുഷ്യർ
കാലം, മനുഷ്യൻ, പരിസ്ഥിതി, ജീവിതം തുടങ്ങിയവയിലൂടെ സഞ്ചരിക്കുന്ന 32 കവിതകൾ. ജീവിതത്തിന്റെ തീക്ഷ്ണ നേരുകളെ സ്പർശിച്ചുകൊണ്ട് വേറിട്ട ശക്തമായ ഒഴുക്കുകൾ നടത്തുകയാണ് ഈ സമാഹാരത്തിലൂടെ ബൃന്ദ. കാവ്യ തൂലികയുടെ കരുത്തു വിളിച്ചോതുന്ന കവിതകൾ. അവതാരിക: ഡോ. എസ്.രാജശേഖരൻ.
പ്രണയത്തിന്റെ മാന്ത്രിക ഗീതകങ്ങൾ
പ്രണയത്തെക്കുറിച്ചുള്ള 101 ഗീതകങ്ങൾ. 'മറ്റൊരാളും പറഞ്ഞിട്ടില്ലാത്തതു പോലെ, മറ്റാരും വ്യാഖ്യാനിച്ചിട്ടില്ലാത്തതു പോലെ, മുൻപ് അധികമാരും അനുഭവിച്ചിട്ടില്ലാത്തതു പോലെ തന്റെ പ്രണയ കവിതകളെ തീവ്രവും വേറിട്ടതുമാക്കാൻ ബൃന്ദയ്ക്ക് കഴിഞ്ഞിരിക്കുന്നു.' അവതാരിക: രഞ്ജി പണിക്കർ.
പ്രണയമോഹനം
ദീർഘ കവിതകൾ ഉൾപ്പെടെ 23 പ്രണയകവിതകൾ. 'ഞെട്ടിക്കുന്ന പ്രണയ ഭാഷയാണ് ബൃന്ദയുടെ കവിതകളിൽ. അനാഥത്വത്തിൽ നിന്ന് സനാഥയാകുന്ന ഒരു ശരത്കാലമേഘം പോലെ, നിലാത്തുണ്ടു പോലെ ഈ കവിതകൾ നമ്മെ പിൻതുടരും' അവതാരിക: കൈതപ്രം, പഠനം: ദിനേശ് വർമ.
പ്രേമത്തിന്റെ ഉൽപത്തി പുസ്തകം
ദീർഘ പ്രണയകാവ്യം. 'ബൃന്ദയുടെ കവിതകളിൽ അനുരാഗത്തിന്റെ ആഴങ്ങളിൽ മുത്തു തേടുന്ന പെണ്ണെഴുത്ത് ഞാൻ കാണുന്നു. ചിന്തയിൽ വരുന്നത് തുറന്നെഴുതാനുള്ള എഴുത്തുകാരിയുടെ തന്റേടത്തെ ഞാൻ അഭിനന്ദിക്കുന്നു.' അവതാരിക: ഷാജി കൈലാസ്. പഠനം: ഡോ. കെ.എസ്.കൃഷ്ണകുമാർ.
ബൃന്ദ പുനലൂർ രചിച്ച പതിനേഴു പുസ്തകങ്ങളുടെ പ്രകാശനം രാജ്ഭവനിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു.
മുന്തിരിക്കടൽ
നൂറ്റൊന്ന് ചെറു കവിതകൾ. അലയൊടുങ്ങാത്ത പ്രണയത്തിന്റെ മുന്തിരിക്കടൽ വാക്കുകളുടെ കുന്നിക്കുരുവിൽ ഒതുക്കി വയ്ക്കുന്ന മാന്ത്രിക സിദ്ധിയാണ് ബൃന്ദയുടെ ഈ കാവ്യജാലം. അവതാരിക: പായിപ്ര രാധാകൃഷ്ണൻ. പി.കെ പാറക്കടവ് എഴുതുന്നു: 'ഇത് വാക്കുകൾ കൊണ്ട് വരച്ച ചിത്രങ്ങൾ. ചിത്രങ്ങൾക്ക് ചിറകുകൾ. ചിറകുകൾക്ക് വർണങ്ങൾ. ഇവിടെ വാക്കുകൾ പറക്കുന്ന പൂമ്പാറ്റകളാകുന്നു.
കടലുമ്മ
ഉമ്മകളെക്കുറിച്ച് 101 കവിതകൾ. ഉമ്മകളുടെ ഉദ്യാനമാണ് ഈ പുസ്തകം.
അവതാരിക: ബാലു കിരിയത്ത്.
പ്രണയക്കുറിപ്പുകൾ
പ്രണയ കവിതകളുടെയും കുറിപ്പുകളുടെയും സമാഹാരം. 'എന്റെ പ്രണയീ, ഏത് ഏകാന്തതയെയും നീ വസന്തം കൊണ്ട് മോടി പിടിപ്പിക്കുന്നു. ആഴത്തിൽ സ്‌നേഹിക്കാൻ ഒരാൾ മതിയെന്ന് ഉരുവിട്ട് പ്രണയത്തിന്റെ കണ്ണെത്താത്ത ആഴങ്ങൾ എനിക്ക് കാട്ടിത്തരുന്നു... തുടങ്ങിയുള്ള കുറിപ്പുകൾ.
പ്രണയം ജീവിതം
ആത്മ വിവരണങ്ങൾ ഉൾക്കൊണ്ട 24 ലേഖനങ്ങൾ. 'ബൃന്ദയുടെ ആത്മകഥാപരമായ ഈ കുറിപ്പുകളിൽ അക്ഷരങ്ങൾ വാക്കുകളായി രൂപാന്തരം പ്രാപിക്കുമ്പോൾ തീക്കാറ്റായി മാറുന്നു. എഴുത്തിൽ എന്നും തീക്ഷ്ണത നിലനിർത്തുന്ന സ്വതസിദ്ധമായ ശൈലി പ്രത്യേകം ശ്രദ്ധയമാണ്. പ്രണയാതുരമായ മനസ്സുകളാണ് മനുഷ്യർക്കെല്ലാം . പ്രണയത്തിന് പ്രായമില്ലെന്ന് പറഞ്ഞ ചിന്തകനെ നമിക്കാം. ബൃന്ദയുടെ പ്രണയം ജീവിതം വായനക്കാരുടെ മനസ്സിൽ പുതിയ അനുഭൂതികൾ സൃഷ്ടിക്കും'
അവതാരിക: പന്ന്യൻ രവീന്ദ്രൻ.
പ്രണയത്തിന്റെ ആത്മകഥ
പ്രണയം, കവിത, അനുഭവം... ആത്മകഥാപരമായ പത്ത് ലേഖനങ്ങൾ, കവിതകൾ. പ്രണയം ആത്മാവിന്റെ ധ്യാനമാണ്. അവനവന്റെ ശരിയായ ഇടം. പ്രാണന്റെ ഉപാധികളില്ലാത്ത ഉടമയ്ക്കു മുന്നിലാണ് ഒരാൾ സ്വയം വെളിപ്പെടുന്നത്.
ഉടലെഴുത്ത്
പതിമൂന്ന് ലേഖനങ്ങളുടെ സമാഹാരം. 'ബൃന്ദ എഴുതിയ ഈ ഉടലെഴുത്ത് പ്രണയത്തെ മാത്രം സാക്ഷി നിർത്തിയും മറ്റൊന്നിലേക്കും ഇമ പോലും മാറ്റിനിർത്താതെയും മലയാളത്തിലെഴുതിയ ഏറ്റവും മികച്ച പ്രണയ പുസ്തകമാണ് ഇതെന്ന് ഞാൻ വിശ്വസിക്കുന്നു.' -അവതാരിക: ഹരികൃഷ്ണൻ (തിരക്കഥാകൃത്തും മനോരമ ലീഡർ റൈറ്ററും).
ജാനകിക്കാട്
പത്തു കഥകളുടെ സമാഹാരം. മാധവിക്കുട്ടിക്കു ശേഷം സ്ത്രീ-പുരുഷ ബന്ധങ്ങളെ, കാമനകളെ, രതിയുടെ താളയുന്മാദങ്ങളെ പരാഗ രേണുക്കൾ തൂവുന്ന സുഗന്ധ വാഹിനിയായ ഒരു പുഷ്പം പോലെ എഴുതി ഫലിപ്പിക്കുവാൻ ബൃന്ദയ്ക്ക് സാധിക്കുന്നു. അവതാരിക: യു.എ.ഖാദർ.
എഴുത്തുമുറി
പ്രശസ്തരായ 15 എഴുത്തുകാരുമായുള്ള അഭിമുഖം, അവരുടെ എഴുത്തുമുറികളിലൂടെയുള്ള സഞ്ചാരം.
അക്ഷരഭൂമിക
ആത്മീയം, സാഹിത്യം, ഗാനരചന തുടങ്ങി വിവിധ മേഖലകളിലെ പത്ത് വ്യക്തിത്വങ്ങളുടെ അക്ഷര ലോകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ.
ഗ്രീക്ക് ബാലകഥകൾ
കുട്ടികൾക്കായി 30 ഗ്രീക്ക് കഥകൾ.
സ്വാമി വിവേകാനന്ദൻ
കുട്ടികൾക്കായി സ്വാമി വിവേകാനന്ദന്റെ ജീവചരിത്രം.
മാർജാര ചരിത്രം
പീയുഷ് എന്ന എന്റെ വളർത്തു പൂച്ചയുടെയും അതിന്റെ തലമുറയുടെയും കഥകൾ.
മായിക
നിഗൂഢതകളുടെ ലോകത്തിലൂടെ സ്വപ്ന പുസ്തകം തേടി അലയുന്ന ഒരു യുവതിയുടെ ഭ്രമകൽപനകളും കണ്ടെത്തലുകളും അനാവരണം ചെയ്യുന്ന നോവൽ.
ബൃന്ദ പുനലൂർ
കൊല്ലം ജില്ലയിലെ പുനലൂർ സ്വദേശം.
കവി, കഥാകാരി, നോവലിസ്റ്റ് കോളമിസ്റ്റ്.
മുമ്പ് 13 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തീക്കുപ്പായം, പ്രണയ ജാലകം, രഹസ്യ സമ്മാനങ്ങൾ, അവൻ പൂമ്പാറ്റകളുടെ തോട്ടത്തിലേക്ക് ചിറകു വിടർത്തുന്നു (കവിതാ സമാഹാരങ്ങൾ), ലിപ്‌ലോക്ക് (ദീർഘ കവിത), വായിച്ചെടുക്കാൻ കഴിയാത്തത്, ഡ്രാക്കുള പ്രണയിക്കുന്നു, പുതിയ പത്രോസ് (കഥകൾ), ഓർമയുടെ മുനമ്പങ്ങൾ, രാത്രിയിലെ കടൽ (ലേഖനങ്ങൾ), എ.അയ്യപ്പൻ നരകത്തിന്റെ വിശുദ്ധ കവിത (ഓർമ), ഡയലോഗ്, എഴുത്തുമുറി (അഭിമുഖങ്ങൾ) എന്നിവയാണ് മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.
മുന്തിരിക്കടൽ എന്ന ശീർഷകത്തിൽ ഫേസ്ബുക്കിൽ മുടങ്ങാതെ നൂറു ദിവസം നൂറു കവിതകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കവിതകൾക്കായി പ്രണയമോഹനം എന്ന യു-ട്യൂബ് ചാനൽ ഉണ്ട്. കവിതകളിലെ ഇമേജറികളെ ആസ്പദമാക്കി ചിത്രകാരൻ ശരത്ചന്ദ്രലാൽ ചിത്രങ്ങളുടെ സീരീസ് ചെയ്തിട്ടുണ്ട്. പ്രണയ ജാലകം എന്ന ഓഡിയോ ആൽബം ചെയ്തു. ലിപ്‌ലോക്ക് എന്ന ദീർഘ കവിത കെ.ജയകുമാർ ഐ. എ.എസ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. വിശ്വമലയാള സമ്മേളനത്തിൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് പുസ്തക പുരസ്‌കാരം, മലയാറ്റൂർ പ്രൈസ്, ജേസി ഫൗണ്ടേഷൻ പുരസ്‌കാരം, പായൽ ബുക്‌സ് കവിതാ അവാർഡ്, പച്ചമഷി പുരസ്‌കാരം, മിനിമോൾ മെമ്മോറിയൽ ട്രസ്റ്റ് പുരസ്‌കാരം, പ്രചോദ കഥാ പുരസ്‌കാരം,
വി. ബാലചന്ദ്രൻ സ്മാരക കവിതാ അവാർഡ്, പ്രൊഫ.മീരാക്കുട്ടി സ്മാരക കവിതാ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.