Sorry, you need to enable JavaScript to visit this website.

ലീഗ്- സമസ്ത പ്രശ്‌നം തീർത്തു

പരസ്യപ്രസ്താവനകള്‍ക്ക് വിലക്ക്

സംയമനം പാലിക്കണമെന്ന് പൊതുവികാരം

മലപ്പുറം- മുസ്ലിം ലീഗും സമസ്തയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചു. മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ നടന്ന ചർച്ചയിലാണ് പ്രശ്‌നപരിഹാരത്തിന് വഴി തെളിഞ്ഞത്. ഇരുവിഭാഗം നേതാക്കളും പരസ്യപ്രസ്താവനകൾ നടത്തരുതെന്നും വിവാദവിഷയങ്ങളിൽ പൊതുചർച്ച നടത്തരുതെന്നുമാണ് തീരുമാനം. വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഹൈദരലി തങ്ങൾ നിർദ്ദേശിച്ചു. യൂത്ത് ലീഗ് നേതൃത്വത്തെ നിയന്ത്രിക്കണമെന്ന് സമസ്തയിലെ യുവപണ്ഡിതർ യോഗത്തിൽ ആവശ്യപ്പെട്ടു. നിലവിലുള്ള സഹചര്യത്തിൽ ഭിന്നതയുണ്ടാകുന്നത് ഇരുസംഘടനകൾക്കും ദോഷമാകുമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങണമെന്ന് ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. നിസാര വിഷയങ്ങൾ ഊതിവീർപ്പിച്ച് സോഷ്യൽ മീഡിയകളിലും പൊതുവേദികളിലും ചർച്ചക്ക് വെക്കുന്നത് ആർക്കും ഗുണം ചെയ്യില്ലെന്നും സഹചര്യം മനസിലാക്കണമെന്നും കുഞ്ഞാലിക്കുട്ടി നിർദ്ദേശിച്ചു. 

ഇതേ വിഷയത്തിൽ നടന്ന രണ്ടാമത്തെ യോഗമാണിത്. കഴിഞ്ഞയാഴ്ച്ചയും സമസ്തയിലെയും ലീഗിലെയും നേതാക്കൾ പാണക്കാട്ട് ഒത്തുചേർന്നിരുന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് ലീഗും സമസ്തയും തമ്മിൽ ഭിന്നത ഉടലെടുത്തത്. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ആശംസയർപ്പിക്കുന്നതിനിടെ ഇ.ടി മുഹമ്മദ് ബഷീർ എം.പി നടത്തിയ പരാമർശം സുന്നി വിരുദ്ധമാണെന്ന്് ആരോപിച്ച് സമസ്തയിലെ ഒരു വിഭാഗം രംഗത്തെത്തി. ഇതോടെയാണ് ഇരു സംഘടനകളും വിഭാഗവും തമ്മിൽ പ്രതിസന്ധി മൂർച്ചിച്ചത്. ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ വിവാദം കത്തിപ്പടർന്നതോടെ മുസ്്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഇടപെട്ട് ചർച്ചക്ക് നേതൃത്വം നൽകുകയായിരുന്നു.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, എം.ടി.അബ്ദുല്ല മുസ്ലിയാർ, പി.കെ.കുഞ്ഞാലിക്കുട്ടി, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, ഉമ്മർ മുസ്ലിയാർ കൊയ്യോട്, ഇടി.മുഹമ്മദ് ബഷീർ, കെ.പി.എ.മജീദ്, പി.വി.അബ്ദുൽ വഹാബ്, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, നാസർ ഫൈസി കൂടത്തായി, കെ.മോയിൻകുട്ടി മാസ്റ്റർ, പി.എ.ജബ്ബാർ ഹാജി എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

Latest News