തിരുവനന്തപുരം- കേരളത്തിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണംഏർപ്പെടുത്തി ഗസറ്റ് വിജ്ഞാപനമിറങ്ങി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മറ്റു സംവരണങ്ങളിൽ ഉൾപ്പെടാത്തവരുമായ മുന്നാക്ക വിഭാഗക്കാർക്കു സർക്കാർ ജോലിയിൽ 10 ശതമാനമാണ് സംവരണം. ഇനിമുതലുള്ള എല്ലാ പിഎസ്‌സി നിയമനങ്ങൾക്കും സംവരണം ബാധകമാണ്.
മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും, സംസ്ഥാന സർക്കാർ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നില്ല. ഇനി കെഎസ്എസ്ആർ ഭേദഗതി ചെയ്യും. ജസ്റ്റിസ് ശശിധരൻ നായർ അധ്യക്ഷനായ കമ്മിറ്റിയുടെയും പിഎസ്‌സിയുടെയും ശുപാർശകൾ പരിഗണിച്ചു കൊണ്ടാണ് കെഎസ്എസ്ആറിൽ ഭേദഗതി വരുത്തുക. മുന്നാക്ക സംവരണംപൊതുവിഭാഗത്തിൽ നിന്നായതിനാൽ മറ്റു സംവരണ വിഭാഗങ്ങളിലെ നിയമനത്തെ ഇതു ബാധിക്കില്ല. നാല് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക. 2019 ജനുവരിയിൽ കേന്ദ്രം പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും 10 ശതമാനം സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു.