- പാശ്ചാത്യ ലോകത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം ഇരട്ടത്താപ്പാണെന്ന് അബ്ദുറഹ്മാൻ ബിൻ മുസാഅദ് രാജകുമാരൻ
റിയാദ് - ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്‌റോൺ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് നടത്തിയ നിരുത്തരവാദപരമായ പ്രസ്താവന ലോകജനതകൾക്കിടയിൽ വിദ്വേഷ സംസ്‌കാരത്തിന്റെ വ്യാപനം വർധിപ്പിക്കുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽഹജ്‌റഫ് പറഞ്ഞു. ഇത്തരം പ്രസ്താവനകൾ മുസ്‌ലിംകളും ഫ്രഞ്ച് ജനതയും തമ്മിലുള്ള ശക്തമായ ബന്ധത്തിന് സഹായകമാകില്ല. സംസ്‌കാരവും സഹിഷ്ണുതയും, വ്യത്യസ്ത സംസ്‌കാരങ്ങൾ തമ്മിലെ സംവാദവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കേണ്ട സമയത്ത് ഇത്തരം പ്രസ്താവനകൾ പുറത്തുവരുന്നതും പ്രവാചകനെ അവഹേളിക്കുന്ന കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുന്നത് തുടരണമെന്ന ആഹ്വാനവും അംഗീകരിക്കാനാകില്ല.
ലോക നേതാക്കളും ചിന്തകരും അടക്കം സമാധാനവും സഹവർത്തിത്വവും ആഗ്രഹിക്കുന്ന എല്ലാവരും തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വിദ്വേഷ ഭാഷണവും നീരസവും മതനിന്ദയും മതചിഹ്നങ്ങളോടുള്ള അവഹേളനവും നിരാകരിക്കുകയും വേണം. തീവ്രവാദ ഗ്രൂപ്പുകൾ സ്വീകരിക്കുന്ന ഇസ്‌ലാമോഫോബിയയുടെ കെണിയിൽ വീഴുന്നതിനു പകരം ലോകത്തെങ്ങുമുള്ള മുസ്‌ലിംകളുടെ വികാരങ്ങൾ മാനിക്കണമെന്നും ജി.സി.സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.
പാശ്ചാത്യ സമൂഹം വാദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഇരട്ടത്താപ്പാണെന്ന് പ്രശസ്ത എഴുത്തുകാരൻ അബ്ദുറഹ്മാൻ ബിൻ മുസാഅദ് രാജകുമാരൻ പറഞ്ഞു. കാർട്ടൂണുകളിലൂടെ പ്രവാചകനെ അവഹേളിച്ച ഫ്രഞ്ച് അധ്യാപകനെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് അബ്ദുറഹ്മാൻ ബിൻ മുസാഅദ് രാജകുമാരൻ തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രവാചകനെ അവഹേളിക്കുന്ന കാർട്ടൂണുകളെ അഭിപ്രായ സ്വാതന്ത്ര്യമെന്നോണമാണ് ഫ്രഞ്ചുകാർ കാണുന്നത്. അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിച്ചതിന്റെ ഇരയാണ് അധ്യാപകനെന്നും ഫ്രഞ്ചുകാർ കരുതുന്നു. ഹോളോകാസ്റ്റിൽ സംശയം പ്രകടിപ്പിക്കുന്നത് പശ്ചാത്യ ലോകത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല. ഹോളോകാസ്റ്റ് ഇരകളുടെ എണ്ണത്തിൽ സംശയം പ്രകടിപ്പിക്കുന്നതും ഹോളോകാസ്റ്റ് നടത്തിയവർ ആരാണെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യമായി അവർ പരിഗണിക്കില്ല. ഇങ്ങിനെ ചെയ്യുന്നവരെ വിചാരണ ചെയ്ത് ശിക്ഷിക്കും. ഇതിന് അവർക്ക് അവകാശവുമുണ്ട്.
പ്രവാചകൻ മുഹമ്മദ് നബി(സ)യോടും മറ്റേതൊരു പ്രവാചകനോടുമുള്ള അവഹേളനം അഭിപ്രായ സ്വാതന്ത്ര്യമായി കണ്ട് മുസ്‌ലിംകൾ അംഗീകരിക്കില്ല എന്ന കാര്യവും ഇതിന് തങ്ങൾക്ക് അവകാശമുണ്ടെന്ന കാര്യവും അവർ മനസ്സിലാക്കണം. ഫ്രഞ്ചുകാർ ഇപ്പോൾ നടത്തുന്നത് വിദ്വേഷകരമായ പശ്ചാത്യ തീവ്രവാദമാണ്. അത് വിദ്വേഷകരമായ തീവ്രവാദത്തിലേക്ക് നയിക്കുമെന്നും അബ്ദുറഹ്മാൻ ബിൻ മുസാഅദ് രാജകുമാരൻ പറഞ്ഞു.
ഫ്രാൻസും മുസ്‌ലിം ലോകവും തമ്മിലുള്ള ബന്ധത്തിന് കോട്ടംതട്ടിക്കുന്ന നിലയിൽ കക്ഷിരാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി ചില ഫ്രഞ്ച് നേതാക്കൾ നടത്തുന്ന ഔദ്യോഗിക രാഷ്ട്രീയ പ്രസ്താവനകളിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ ആശ്ചര്യം പ്രകടിപ്പിച്ചു. ഫ്രഞ്ച് നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ വിദ്വേഷത്തിന് വളം വെക്കുകയാണ് ചെയ്യുന്നത്. പ്രവാചകനെ അവഹേളിക്കുന്ന കാർട്ടൂണുകൾ തുടർച്ചയായി പ്രസിദ്ധീകരിക്കുന്നത് ഒ.ഐ.സി നിരീക്ഷിച്ചുവരികയാണ്. ഇസ്‌ലാമിലെയും ക്രിസ്തു മതത്തിലെയും ജൂത മതത്തിലെയും പ്രവാചകരെ അവഹേളിക്കുന്നത് അപലപിക്കുന്നത് ഒ.ഐ.സി തുടരും. മതത്തിന്റെ പേരിൽ ചെയ്യുന്ന ഏതു തീവ്രവാദ പ്രവർത്തനങ്ങളെയും വീണ്ടും അപലപിക്കുന്നതായി ഒ.ഐ.സി പറഞ്ഞു.
ഫ്രഞ്ച് അധ്യാപകൻ സാമുവൽ പാറ്റിയെ നിഷ്ഠുരമായി വധിച്ച സംഭവത്തെ ഒ.ഐ.സി നേരത്തെ അപലപിച്ചിട്ടുണ്ട്. ഇസ്‌ലാമിനും മതത്തിന്റെ സഹിഷ്ണുതാ മൂല്യങ്ങൾക്കും വേണ്ടിയല്ല ഇത്തരമൊരു കൃത്യം നടത്തിയത്. ഒരു വ്യക്തിയോ ഒരു ഗ്രൂപ്പോ ചെയ്ത ഭീകരപ്രവർത്തനമാണിത്. നിയമം അനുസരിച്ച് അവരെ ശിക്ഷിക്കൽ അനിവാര്യമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ മതചിഹ്നങ്ങളെയും ഏതെങ്കിലും മതങ്ങളെയും അവഹേളിക്കുന്നത് ന്യായീകരിക്കാനുള്ള ശ്രമങ്ങളെയും ഒ.ഐ.സി അപലപിച്ചിട്ടുണ്ട്.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഭീകരതയുമായി ബന്ധിപ്പിക്കുന്നതിനെയും സംഘടന അപലപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 150 കോടിയിലേറെ വരുന്ന മുസ്‌ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും മുസ്‌ലിം സമൂഹങ്ങളെ ലക്ഷ്യമിടുകയും ചെയ്യുന്ന വിവേചനപരമായ നയങ്ങൾ പുനഃപരിശോധിക്കണമെന്ന് ഒ.ഐ.സി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ ജനൽ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു.