എന്ത് ന്യായീകരണം പറഞ്ഞാലും ഏതെങ്കിലും ചില തദ്ദേശ സ്ഥാപനങ്ങളിൽ എന്തെങ്കിലും ചില നേട്ടങ്ങൾക്കു വേണ്ടി വെൽഫയർ പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതു മുസ്‌ലിം ലീഗിന് ഗുണകരമല്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളത്തിലെ നിരവധി പഞ്ചായത്തുകളിൽ വെൽഫയർ പാർട്ടിക്ക് എൽ ഡി എഫുമായി സഖ്യമുണ്ടായിരുന്നുവെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. സിപിഎം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നേരിട്ടു ചർച്ച നടത്തിയാണ് അന്ന് സഖ്യമുണ്ടാക്കിയതെന്നാണ് വെൽഫയർ പാർട്ടി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ പുതിയ വെളിപ്പെടുത്തൽ!
ഇപ്പോൾ സി പി എം നേതാക്കൾ വെൽഫയർ പാർട്ടി മത തീവ്രവാദ പാർട്ടിയാണെന്നും ഇത്തരം മത തീവ്ര പാർട്ടിയുമായി യുഡിഎഫ് തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി വർഗീയ ദ്രുവീകരണം നടത്തി വോട്ടു നേടാൻ ശ്രമിക്കുകയാണെന്നും ആരോപിക്കുന്നു! പല ഇസ്‌ലാമിക രാജ്യങ്ങളിലും നിരോധനം ഉള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും ഈ മതമൗലിക വാദികളെ ഒറ്റപ്പെടുത്തണമെന്നുമാണ് ഇടതുപക്ഷം പ്രത്യേകിച്ച് സി പി എം നേതാക്കൾ ഇപ്പോൾ പറയുന്നത് ഇത് ഭൂരിപക്ഷ വോട്ടുകളിൽ കണ്ണും നട്ടു അത് നേടിയെടുക്കാനാണെന്നണ് പ്രതിപക്ഷത്തിന്റെ വാദം.
ജമാഅത്തെ ഇസ്‌ലാമി എന്ന മതമൗലികവാദ സംഘടനയുമായി തെരഞ്ഞെടുപ്പു മുന്നണി ഉണ്ടാക്കാനുള്ള യു ഡി എഫ് തീരുമാനം കോൺഗ്രസിലെ മതേതരവാദികൾ ചെറുക്കണം എന്നാണ് സി പി എം പോളിറ്റ് ബ്യുറോ അംഗം എം എ ബേബിയുടെ അഭ്യർത്ഥന.
കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് പുതിയൊരു പതനം ആയിരിക്കും ജമാഅത്തെ ഇസ്‌ലാമിയോ ആർ എസ് എസോ അവർ നടത്തുന്ന രാഷ്ട്രീയ പാർട്ടികളോ മുഖ്യധാരാ രാഷ്ട്രീയ മുന്നണികളിൽ വരുന്നത് എന്നും അദ്ദേഹം വിലയിരുത്തുന്നു.
യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ജമാഅത്തെ ഇസ്‌ലാമി അമീറിനെ സന്ദർശിച്ചത് ഇതിന്റെ സൂചനയായി അദ്ദേഹം കാണുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജമാഅത്ത് സഹായത്താലാണ് വടകര പാർലമെന്റ് മണ്ഡലത്തിൽ കെ മുരളീധരൻ ജയിച്ചതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ 1977 മുതൽ പല തെരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്‌ലാമി എന്ന ഈ മതമൗലികവാദ സംഘടനയുടെ വോട്ടു ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കു പരസ്യമായും രഹസ്യമായും ലഭിച്ച കാര്യം ഇടതുപക്ഷ നേതാക്കൾ ബോധപൂർവം മറക്കുന്നു.
മറ്റൊരു രസകരമായ വസ്തുത കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിലെ സഖ്യമാണ്. മലപ്പുറം ജില്ലയിൽ മാത്രം 2015 ൽ സി.പി.എമ്മും വെൽഫയർ പാർട്ടിയും മുന്നണിയായി മഞ്ചേരി മുനിസിപ്പാലിറ്റിയിലും കൂടാതെ 25 ലധികം പഞ്ചായത്തുകളിൽ മത്സരിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ കൊടുവള്ളി, മുക്കം മുനിസിപ്പാലിറ്റികൾ അടക്കം ഒന്നര ഡസനോളം തദ്ദേശ തെരഞ്ഞെടുപ്പിൽ അവർ തമ്മിൽ സഖ്യമുണ്ടായിരുന്നു. ഇടതുപക്ഷം ഭരിക്കുന്ന മുക്കം മുനിസിപ്പാലിറ്റിയിലും കൊടിയത്തൂർ പഞ്ചായത്തിലും ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുന്ന ചങ്ങരോത്ത് പഞ്ചായത്തിലും ഇടതുപക്ഷ വോട്ടുകളോടെ വിജയിച്ച വെൽഫയർ പാർട്ടി പ്രതിനിധികൾ ഇടതുപക്ഷത്തു തന്നെ ഇപ്പോഴുമുണ്ട്.
എം എ ബേബിയുടെയും അച്യുതാനന്ദന്റെയും, ഡോ. തോമസ് ഐസക്കിന്റെയും തട്ടകമായ ആലപ്പുഴ ജില്ലയിലെ അരൂകുറ്റി, പാണാവള്ളി പഞ്ചായത്തുകളിൽ ഇതേ ധാരണയിൽ മത്സരിച്ച വെൽഫയർ പാർട്ടി സ്ഥാനാർത്ഥികളിൽ ഓരോ മെമ്പർമാർ വിജയിച്ചു. തൃശൂർ ജില്ലയിൽ ധാരണയിൽ മത്സരിച്ച മതിലകത്തെ ഒരു ബ്ലോക്ക് വാർഡിൽ വെൽഫയർ പാർട്ടി തെരഞ്ഞെടുക്കപ്പട്ടു.
പാലക്കാട് ജില്ലയിൽ പട്ടാമ്പി മുനിസിപ്പാസിറ്റി ഉൾപ്പെടെ വ്യാപകമായ സഖ്യമുണ്ടായിരുന്നു. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഒരു സീറ്റും പിരായിരി, ആലത്തൂർ പഞ്ചായത്തിലും വെൽഫയർ പാർട്ടിയുടെ ഓരോ സ്ഥാനാർത്ഥികളും വിജയിച്ചു.
കണ്ണൂർ ജില്ലയിൽ കണ്ണൂർ കോർപറേഷൻ, ഇരിട്ടി മുനിസിപ്പാലിറ്റി, വളപട്ടണം, മുണ്ടേരി, ഇരിക്കൂർ പഞ്ചായത്ത് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സജീവമായി വെൽഫയർ പാർട്ടി ഇടതുപക്ഷത്തിനു വേണ്ടി വോട്ടു ചെയ്തു വളപട്ടണം പഞ്ചായത്തിൽ ഒരു സീറ്റിൽ വെൽഫയർ പാർട്ടി ജയിച്ചു.
എന്നാൽ ചില പഞ്ചായത്തുകളിൽ യു ഡി എഫിന്റെ പരാജയത്തിനും ഇടതുപക്ഷത്തിന്റെ വിജയത്തിനും അവരുടെ വോട്ടുകൾ സഹായകമായിട്ടുണ്ട്. ഇക്കാര്യം വെൽഫയർ പാർട്ടി നേതാക്കൾ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
രാഷ്ട്രീയ കൂട്ടുകെട്ടിന് അനുസരിച്ചു ആരേയും വർഗീയവാദികളും തീവ്രവാദികളുമാക്കാം; അഴിമതിക്കാരാക്കാം, ദിവസങ്ങൾകൊണ്ട് അവരെ പുണ്യാളരും വിശുദ്ധരുമാക്കാം. ഇത് ഇരു മുന്നണികളും ആവർത്തിക്കുന്നു.
വെൽഫയർ പാർട്ടി ഉണ്ടായ കാലം മുതലേ ഞങ്ങൾ ഇടതുപക്ഷവുമായി മാത്രമേ സഹകരിച്ചിട്ടുള്ളൂ. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്തു ഈ മതമൗലിക വാദം പാതാളത്തിൽ പോയതുകൊണ്ടാണോ, കഴിഞ്ഞ അഞ്ച് വർഷവും ഈ തീവ്രവാദികളുടെ കൂടെ പല പഞ്ചായത്തുകളും ഇടതുപക്ഷം ഭരിച്ചതെന്നും ജമാഅത്തുകാർ തിരിച്ചു ചോദിക്കുന്നു.
ഈ ജമാഅത്തെ ഇസ്‌ലാമി മുൻകാലങ്ങളിൽ ഇടതുപക്ഷത്തെ സഹായിച്ചപ്പോൾ, ഈ സഖാക്കൾക്ക് എന്തായിരുന്നു അഭിപ്രായം. നാലു വോട്ടിനു വേണ്ടി ഏറ്റവും കൂടുതൽ അടവുനയം പ്രയോഗിച്ച പാർട്ടിയുടെ ഈ അടവ് പ്രതികരണം ജനങ്ങൾക്ക് മനസ്സിലാകുമെന്നാണ് ഒരു ജമാഅത്ത് നേതാവ് പ്രതികരിച്ചത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു പാർട്ടികളുമായി സഖ്യമുണ്ടായിരുന്നു എന്നതുകൊണ്ട് ഈ തെരഞ്ഞെടുപ്പിൽ അവരുമായി ഞങ്ങൾക്കും സഖ്യമുണ്ടാക്കാമെന്നാണ് യു ഡി എഫിലെ ചിലരുടെ ന്യായീകരണം. പ്രാദേശിക തലത്തിൽ ചില നീക്കുപോക്കുകൾ നടത്തിയതായും സ്ഥിരീകരിക്കാത്ത വാർത്തകളും കാണുന്നു. എന്നാൽ ലീഗ് വിരോധികളായ ചില മുസ്‌ലിം കോൺഗ്രസ് നേതാക്കളും ഈ തെരഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ റോളൊന്നുമില്ലാത്ത കോൺഗ്രസിലെ ഒരു ന്യൂനപക്ഷവും ഈ നയത്തോട്ട് യോജിക്കുന്നില്ല. ഈ പുതിയ കൂട്ടുകെട്ട് ഹിന്ദു വർഗീയതയുടെ ഏകീകരണം ഒന്നു കൂടി ത്വരിതമാക്കുഠ. കോൺഗ്രസിൽ ഉള്ള വർഗീയവാദികളായവർ ഇത് മുതലാക്കാക്കി ബിജെപിയിലേക്ക് ചേക്കേറുമെന്നും അവർ പറയുന്നു.
ജമാഅത്തെ ഇസ്‌ലാമി (അത് രൂപീകരണം മുതൽ തന്നെ ഒരു മതസംഘടന എന്നതിലുപരി ഒരു രാഷ്ട്രീയ സംഘടനയായിരുന്നു) പ്രവർത്തകരുടെ തന്നെ പൂർണ പിന്തുണയില്ലാതെ രാഷ്ട്രീയ സംഘടനയാണ് വെൽഫയർ പാർട്ടി. അവരുമായുള്ള ഏതു നീക്കുപോക്കും ആ പാർട്ടിക്ക് അൽപം രാഷ്ട്രീയ നേട്ടവും ആർക്കും അസ്പർശ്യരെല്ലെന്ന മാന്യതയും നൽകും.
അതുകൊണ്ട് എന്തെങ്കിലും നേട്ടം മുസ്‌ലിം ലീഗിന് ഉണ്ടാവുകയില്ലെന്നു മാത്രമല്ല ഭൂരിപക്ഷം മുസ്‌ലിം ലീഗ് അനുയായികളായ സുന്നി, മുജാഹിദ് വിഭാഗത്തിൽ അസ്വസ്ഥത സൃഷ്ട്രിക്കും. മുസ്‌ലിം സമുദായത്തിൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള സമസ്ത വിഭാഗത്തിന് അവരുടെ ഭാഷയിൽ ഒരു ശതമാനം പോലും സമുദായ പിന്തുണയില്ലാത്ത ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സംഘടനയുമായുള്ള ധാരണയെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളതാണ്.
മുജാഹിദ് വിഭാഗത്തിനും ഇതിനോട് പ്രത്യക്ഷമായി വിയോജിപ്പുണ്ട്. അവർ തുറന്നു പറയുന്നില്ലെന്ന് മാത്രം.
കേരളത്തിൽ ലീഗിന്റെ ചെലവിൽ ജമാഅത്തിന് വളരാൻ കളമൊരുക്കുമെന്നു അവർ തിരിച്ചറിയുന്നു. ഇതേ അഭിപ്രായമുള്ളവർ കോൺഗ്രസിലും ലീഗിലുമുണ്ട്. ഇത്തരം ഒരു സഖ്യം നിലവിൽ വരികയാണെങ്കിൽ അത് ലീഗിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായ നടപടിയായിരിക്കും.