ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോവേണ്ടവനാണ് മനുഷ്യൻ. ഇന്ന് യുവത്വത്തിന്റെ പ്രസരിപ്പിൽ നീണ്ടു നിവർന്ന് നടക്കുന്നവരും നാളെ മുതുക് വളഞ്ഞ വാർദ്ധക്യത്തിന്റെ നൊമ്പരങ്ങൾ പേറേണ്ടവരാണ് എന്നത് യാഥാർഥ്യമാണ്. വയസ്സും പ്രായവും മുമ്പോട്ട് ഗമിക്കുക മാത്രമേ ചെയ്യൂ. അതിനു അർദ്ധവിരാമമില്ല. ജീവൻ നിലച്ചുപോകുന്ന പൂർണ്ണവിരാമം മാത്രമേയുള്ളൂ. മനുഷ്യവളർച്ചയുടെ വിവിധ ഘട്ടങ്ങളുടെ നിമ്നോന്നതികളെ കുറിച്ച് ഖുർആൻ പറയുന്നു: "നിങ്ങളെ ബലഹീനമായ അവസ്ഥയില്‍ നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവന്‍ ശക്തിയുണ്ടാക്കി. പിന്നെ അവന്‍ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി." (30:54). സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയില്ലാതിരുന്ന, കുഞ്ഞായിരുന്ന കാലത്ത് മാതാപിതാക്കളുടെയും ഉറ്റവരുടെയും സ്നേഹപരിലാളനകളാൽ സുരക്ഷിതനായി വളർന്നു വലുതായി, ജീവിതത്തിലെ ഇരുട്ടും വെളിച്ചവും കണ്ടും കൊണ്ടുമറിഞ്ഞ്, സുഖങ്ങളും പ്രാരാബ്ധങ്ങളും അനുഭവിച്ച് പ്രായമേറെ കഴിയുമ്പോൾ വീണ്ടും മക്കളുടെയും ഉറ്റവരുടെയും സ്നേഹപരിലാളനകളില്ലാതെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് മനുഷ്യൻ മടങ്ങുന്നു. ബലഹീനതയ്ക്ക് ശേഷം ശക്തി; ശക്തിയ്ക്ക് ശേഷം ബലഹീനത എന്ന ഖുർആന്റെ പ്രയോഗം എത്ര കൃത്യമാണ്!
ശൈശവത്തിന്റെ ബലഹീനത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതുപോലെ വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവർക്കും പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകാൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യന്റെ ജീവിതം സാർത്ഥകമാകൂ. പ്രായത്തിന്റെ അവശതകൾ അനുഭവിച്ച്, ചർമങ്ങൾക്ക് ചുളിവ് വീണ്, എല്ലുകൾക്ക് തേയ്മാനം സംഭവിച്ച്, മുതുകു നിവർത്താൻ പോലും സാധിക്കാതെ കഷ്ടപ്പെടുന്ന 'മുതിർന്ന പൗരന്മാർ' എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന വൃദ്ധ സമൂഹത്തിന്റെ പരിപാലനം ആരുടെ കടമയാണ് എന്ന തർക്കം സമൂഹത്തിൽ വ്യാപകമാണ്. മക്കളാണോ മരുമക്കളാണോ സഹോദരങ്ങളാണോ അതോ മറ്റു വല്ലവരുമാണോ വാർദ്ധക്യത്തിന്റെ അവശതകൾ പേറുന്നവരുടെ പരിപാലനം നിർവഹിക്കേണ്ടത് എന്ന കാര്യത്തിലുള്ള മുറുമുറുപ്പുകളിലും തർക്കങ്ങളിലും കുടുംബാന്തരീക്ഷങ്ങൾ പുകയുകയാണ്. ആ പുകയിലൂടെ പ്രതീക്ഷകളിലേക്ക് കണ്ണും നട്ടിരിക്കുന്ന പാവങ്ങൾ ശ്വാസം മുട്ടുന്ന വാർത്തകളാണ് ദിനേന നാം കേൾക്കുന്നത്. ഒരു മാതാവിനും പിതാവിനും മക്കളോടുള്ള വാത്സല്യം മരണം വരെയും നിലനിൽക്കും. എന്നാൽ മക്കൾക്ക് മാതാപിതാക്കളോടുള്ള സ്നേഹവും വാത്സല്യവും അതുപോലെ നിലനിൽക്കണമെന്നില്ല എന്നാണ് മാനവചരിത്രം വിളിച്ചുപറയുന്നത്. അതുകൊണ്ടാണ് മാതാപിതാക്കളുടെ കാര്യത്തിൽ അടിക്കടി ഉപദേശങ്ങളും കർശനമായ ശാസനകളും വേദഗ്രന്ഥങ്ങളിലൂടെ നല്കിവന്നിട്ടുള്ളത്. സ്രഷ്ടാവിനോടുള്ള ബാധ്യതാ നിർവഹണത്തോടൊപ്പമാണ് വിശുദ്ധ ഖുർആനിലും പ്രവാചകവചനങ്ങളിലും ഇക്കാര്യങ്ങൾ പരാമർശിക്കപ്പെട്ടിട്ടുള്ളത് എന്നത് അതിന്റെ ഗൗരവം നമ്മെ ബോധ്യപ്പെടുത്തുന്നു.
ഇന്ത്യയിൽ പ്രായം ചെന്നവരിൽ 71 ശതമാനത്തിലധികവും സ്വന്തം കുടുംബങ്ങളിൽ നിന്നും അറിഞ്ഞോ അറിയാതെയോ ഉള്ള അവഗണനകൾക്ക് വിധേയമായി പീഡനങ്ങൾ അനുഭവിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഭൗതികമായ സഹായങ്ങളും പാർപ്പിട സൗകര്യങ്ങളും പ്രായം ചെന്നവരിൽ പലർക്കും ലഭിക്കുന്നുണ്ടെങ്കിലും അവരെ പരിചരിക്കുവാനോ അവരോട് സംസാരിക്കുവാനോ അവരുടെ പ്രശ്നങ്ങൾ കേൾക്കുവാനോ അടുത്ത ബന്ധുക്കൾ പോലും തയ്യാറാവുന്നില്ല എന്നതാണ് അവർ അനുഭവിക്കുന്ന അവഗണനകൾക്കും അവഹേളനങ്ങൾക്കും കാരണമാകുന്നത് എന്നും സർവേകൾ പറയുന്നു. പണം ചൊരിഞ്ഞുകൊടുത്താൽ മതി എന്ന് ചിന്തിക്കുന്ന പുതുതലമുറ അവർക്കുവേണ്ടി സമയം ചിലവഴിക്കാനോ അവരുടെ ആവശ്യങ്ങൾ അറിയാനോ താല്പര്യം കാണിക്കുന്നില്ല എന്നതാണ് മുതിർന്നവർ അനുഭവിക്കുന്ന ഏറ്റവും പ്രധാന പ്രശ്നമെന്നും പഠനങ്ങൾ പറയുന്നു. അത്യാവശ്യം ജീവിത സൗകര്യങ്ങളായി കഴിഞ്ഞാൽ മാതാപിതാക്കളെ ഉപേക്ഷിച്ച് സ്വന്തം ഭാര്യയും മക്കളുമായി കഴിയുന്ന അണുകുടുംബ വ്യവസ്ഥ മുതിർന്നവർ ഒറ്റപ്പെടാൻ കാരണമാകുന്നു. കൂട്ടുകുടുംബ വ്യവസ്ഥ നിലനിൽക്കുന്ന ചില ഗ്രാമ പ്രദേശങ്ങളിലെ പ്രായം ചെന്നവർ അനുഭവിക്കുന്ന സന്തോഷം അണുകുടുംബങ്ങളിലേക്ക് മാറിയ നഗരവത്കൃത സമൂഹത്തിലെ മുതിർന്നവർക്ക് അനുഭവവേദ്യമാകുന്നില്ല.
വാർദ്ധക്യം എന്ന അവസ്ഥയെ കുറിച്ചും അതിന്റെ പരാധീനതകളെ കുറിച്ചും ബോധ്യമുള്ള പ്രവാചകനായിരുന്നു മുഹമ്മദ് (സ്വ). പ്രായാധിക്യത്തിന്റെ അവശതകളിൽ നിന്നും, അത്തും വിത്തും തിരിയാത്ത അവസ്ഥകളിൽ നിന്നും പ്രവാചകൻ അല്ലാഹുവിനോട് കാവൽ ചോദിക്കാറുണ്ടായിരുന്നു. സ്വന്തമായി കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കാതെ, മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചുകൊണ്ടു മാത്രം ജീവിക്കാനും, ആരാധനാകർമ്മങ്ങൾ നിർവഹിക്കാൻ സാധിക്കാതെ ശാരീരികമായും മാനസികമായും കഷ്ടപ്പെടുന്ന അവസ്ഥകളിൽ നിന്നും രക്ഷപ്പെടുവാനുള്ള പ്രാർത്ഥനകളാകുന്നു അത്. വാർദ്ധക്യത്തെ അനുഗ്രഹമാക്കി മാറ്റാൻ സാധിച്ചാൽ അത് വലിയ കാര്യവുമാണ്. ജനങ്ങളിൽ വെച്ചേറ്റവും ഭാഗ്യവാൻ ആരെന്ന് പ്രവാചകനോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: "ഒരു പാടുകാലം ജീവിക്കുകയും ഒരു പാട് നന്മകൾ ചെയ്യാൻ സാധിക്കുകയും ചെയ്തവൻ". (തുർമുദി 2330). ഒരു പാട് നന്മകൾ നേടിയെടുത്ത് ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിക്കാൻ സാധിക്കുമ്പോൾ വാർദ്ധക്യം ഒരു മഹാഭാഗ്യമായിത്തീരുന്നു.
വാർദ്ധക്യം എന്ന ജീവിതാവസ്ഥയെ ഇസ്‌ലാം നോക്കിക്കാണുന്നത് ആദരവോടെയാണ്. വാർദ്ധക്യത്തിലെത്തിയവരെ അല്ലാഹുവാണ് ആദരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അവരെ അനാദരിക്കൽ വലിയ തെറ്റാണ്. പ്രവാചകൻ (സ്വ) പറഞ്ഞു: "നര ബാധിച്ച മനുഷ്യനെ ആദരിക്കുന്നത് വഴി ഒരാൾ അല്ലാഹുവിനെ മഹത്വപ്പെടുത്തുകയാണ് ചെയ്യുന്നത്" (അബൂദാവൂദ് 4843). "ചെറിയവരെ സ്നേഹിക്കാത്തവനും മുതിർന്നവരെ ബഹുമാനിക്കാത്തവനും നമ്മിൽ പെട്ടവനല്ല" (തുർമുദി 1919) എന്ന പ്രവാചകവചനവും ഇതോടൊപ്പം വായിക്കുക. മറ്റൊരു വചനത്തിൽ മുതിർന്നവർക്കുള്ള ബഹുമാനം അവരുടെ അവകാശമാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. (അബൂദാവൂദ് 4943).
പ്രായം ചെന്നവരോടുള്ള സ്നേഹവുമായി ബന്ധപ്പെട്ട് രണ്ടാം ഖലീഫ ഉമർ (റ) വിന്റെ ഒരു സംഭവം നോക്കൂ: ഒരു ഇരുണ്ട രാത്രിയിൽ ഉമർ ജനങ്ങളുടെ കാര്യങ്ങളറിയാൻ പുറപ്പെട്ടപ്പോൾ ത്വൽഹ (റ) വും ഉമർ (റ) അറിയാതെ പിറകെ നടന്നു. ഉമർ ഒരു വീട്ടിൽ കയറി. ഉമർ (റ) വീട്ടിൽ നിന്നും ഇറങ്ങുന്നതുവരെ ത്വൽഹ (റ) കാത്തിരുന്നു. ഉമർ പോയപ്പോൾ ത്വൽഹ കാര്യമറിയാൻ വേണ്ടി വീട്ടിനകത്തേക്ക് കയറി. എന്താണ് രാത്രിയിൽ ഉമറിന് ഈ വീട്ടിൽ കാര്യമെന്ന് അദ്ദേഹം ചിന്തിച്ചു. അവശയായ ഒരു വൃദ്ധയെയാണ് അവിടെ കണ്ടത്. അവർക്ക് കണ്ണുകാണുമായിരുന്നില്ല. ത്വൽഹ അവരോട് ചോദിച്ചു: "ആരാണ് ഇവിടെ വന്നിരുന്നത്, എന്തിനാണ്?" അവർ പറഞ്ഞു: "അയാൾ എത്രയോ കാലമായി ഇവിടെവന്നു എന്നെ ശുശ്രൂഷിക്കുന്നു. എനിക്ക് വേണ്ടതെല്ലാം ചെയ്തു തരുന്നു." രക്തബന്ധമോ കുടുംബബന്ധമോ ഒന്നുമല്ല ഉമറിനെ പ്രേരിപ്പിച്ചത്. വാർദ്ധക്യത്തിന്റെ അവശതകളിൽ ആരോരുമില്ലാത്തവർക്ക് കൂട്ടാവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് 'ഇസ്‌ലാം' ആണ്. ആചാരങ്ങളുടെയും ചടങ്ങുകളുടെയും സമുദായത്തിന്റെയും പേരിലല്ല, മറിച്ച് മനുഷ്യ നന്മകളിലാണ് ഇസ്‌ലാം എന്ന സന്ദേശമാണ് അദ്ദേഹം പകർന്നു നൽകിയത്. ഒരന്യ സ്ത്രീയല്ലേ, അവരെ സ്പർശിക്കുവാനോ ശുശ്രൂഷിക്കുവാനോ പാടുണ്ടോ തുടങ്ങിയ ചർച്ചകളിൽ അവർ കഴിഞ്ഞുകൂടിയില്ല. മക്കളാണോ, കുടുംബാംഗങ്ങളാണോ ഇതെല്ലാം ചെയ്യേണ്ടത് എന്ന കുതർക്കമല്ല, ഹൃദയത്തിൽ സ്നേഹവും കാരുണ്യവുമുള്ള ഏതൊരു മനുഷ്യനിലും ഉണ്ടായിത്തീരേണ്ട ഉത്തരവാദിത്വമാണ് അദ്ദേഹത്തിൽ ഉണർന്നു പ്രവർത്തിച്ചത്.
അബൂബക്കർ സിദ്ദീഖ് (റ) മക്കാ വിജയ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ വയോധികനായ പിതാവ് അബൂഖുഹാഫയുമായി പ്രവാചക സന്നിധിയിലേക്ക് വരികയുണ്ടായി. മകൻ അബൂബക്കറും പേരമകൾ അസ്മയും അവരുടെ മകൻ സുബൈറും അടക്കം അബൂഖുഹാഫയുടെ നാല് തലമുറകൾ ജീവിച്ചിരിക്കുന്ന കാലം. അബൂഖുഹാഫയുടെ പ്രായം ഊഹിക്കാവുന്നതേയുള്ളൂ. അദ്ദേഹം അന്ന് മുസ്‌ലിമായിരുന്നില്ല. അദ്ദേഹത്തെ കണ്ടപ്പോൾ പ്രവാചകൻ എഴുന്നേറ്റു നിന്നുകൊണ്ട് അബൂബക്കറിനോട് പറഞ്ഞു: "ആ വന്ദ്യവയോധികനെ വീട്ടിലിരുത്തിയാൽ പോരായിരുന്നോ? ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ അദ്ദേഹത്തെ കാണാൻ". പ്രവാചകൻ അദ്ദേഹത്തിന്റെ അനിഷ്ടം പ്രകടിപ്പിച്ചു. അബൂബക്കർ പറഞ്ഞു: "പ്രവാചകരെ, അദ്ദേഹമാണ് താങ്കളുടെ അടുക്കലേക്ക് നടന്നുവരാൻ കൂടുതൽ താല്പര്യം പ്രകടിപ്പിച്ചത്". പ്രവാചകൻ അബൂഖുഹാഫയെ കൂടെയിരുത്തി അദ്ദേഹത്തിന്റെ നെഞ്ചിൽ ആദരവോടെ തടവി. (അഹ്‌മദ് 26956 ) മുതിർന്നവർ, അവരേത് വിഭാഗത്തിൽ പെട്ടവരാകട്ടെ, അവരോടുള്ള പ്രവാചകന്റെ ആദരവിന്റെ ഒരു ഉദാഹരണം മാത്രമാണിത്. പ്രവാചകന്റെ ജീവിതസഖിയായിരുന്ന ഖദീജയുടെ പ്രായം ചെന്ന കൂട്ടുകാരികളെ കാണുമ്പോൾ പ്രവാചകൻ എഴുന്നേറ്റ് ചെന്ന് അവരുടെ സുഖവിവരങ്ങൾ ചോദിക്കുമായിരുന്നു. (അൽഹാകിം 40). അനസ് (റ) പറയുന്നു: ഒരിക്കൽ ഒരു വൃദ്ധനെ അദ്ദേഹത്തിന്റെ രണ്ടുമക്കൾ ഇടവും വലവും നിന്ന് നടത്തിക്കൊണ്ടുവരുന്നത് പ്രവാചകൻ കാണുകയുണ്ടായി. പ്രവാചകൻ അവരെ ശാസിച്ചു. ഒരു വാഹനത്തിൽ കൊണ്ടുപോകാൻ കല്പിച്ചു. (മുസ്‌ലിം 1642).
വാർദ്ധക്യം പ്രാപിച്ചവർക്ക് മാനസികമായ ധൈര്യം നൽകി അവരെ സന്തോഷിപ്പിക്കേണ്ടതുണ്ട്. അവശതകളെ കുറിച്ചോ അസുഖങ്ങളെ കുറിച്ചോ അല്ല അവരോട് സംസാരിക്കേണ്ടത്. കുടുംബപ്രശ്നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഒന്നുമല്ല അവരെ അറിയിക്കേണ്ടത്. സമാധാനത്തിന്റെയും ദൈവകാരുണ്യത്തിന്റെയും വർത്തമാനങ്ങളാണ് അവർക്ക് മുമ്പിൽ തുറന്നുവെക്കേണ്ടത്. കൂടെയിരുത്തി കളിതമാശകൾ പറഞ്ഞും മാറോടണച്ചും സന്തോഷനിമിഷങ്ങൾ ചൊരിഞ്ഞുകൊടുക്കുകയാണ് വേണ്ടത്. കിഴവികൾ സ്വർഗത്തിൽ പ്രവേശിക്കില്ലെന്ന് പറഞ്ഞപ്പോൾ അതിൽ ദുഃഖിതയായ വൃദ്ധയോട് സ്വർഗത്തിൽ യുവതിയായിട്ടായിരിക്കും പ്രവേശിപ്പിക്കപ്പെടുക എന്നാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞുകൊണ്ട് കളിതമാശയിലൂടെ അവരെ സന്തോഷിപ്പിച്ച പ്രവാചകമാതൃക എത്ര മഹത്തരമാണ്. ജാഹിലിയ്യത്തിൽ ഒരു പാട് തോന്നിവാസങ്ങൾ ചെയ്ത തനിക്ക് അല്ലാഹു പൊറുത്തുതരുമോ എന്നുചോദിച്ച വൃദ്ധനോട് താങ്കൾ 'ശഹാദത്ത്' അംഗീകരിച്ചില്ലേ, അതുമതി എല്ലാറ്റിനും പരിഹാരമായിട്ടെന്ന് പ്രവാചകൻ പറഞ്ഞപ്പോൾ ആ മനുഷ്യന്റെ മുഖത്തുണ്ടായ സന്തോഷത്തിന്റെ പ്രതികരണങ്ങൾ പറഞ്ഞറിയിക്കാൻ കഴിയില്ല. (അഹ്‌മദ് 19432). ചർച്ചകളിലും സംസാരങ്ങളിലും പ്രായമുള്ളവർക്കായിരുന്നു പ്രവാചകൻ മുൻഗണന നൽകിയിരുന്നത്. ഭക്ഷണം നൽകുമ്പോഴും അങ്ങനെതന്നെ. ഒരിക്കൽ പ്രവാചകൻ വെള്ളം നൽകുന്ന സന്ദർഭത്തിൽ വലതു ഭാഗത്ത് ഒരു കുട്ടിയായിരുന്നു ഇരുന്നിരുന്നത്. ഇടഭാഗത്ത് പ്രായം ചെന്നവരും. പ്രായമായവർക്ക് വെള്ളം കൊടുത്തു തുടങ്ങാൻ പ്രവാചകൻ ആഗ്രഹിച്ചു. പക്ഷെ വലതു ഭാഗത്തിന് മുൻഗണന നൽകുകയും വേണം. വലതുഭാഗത്തിരിക്കുന്ന കുട്ടിയോട് ചോദിച്ചു ഞാൻ ഈ പ്രായമുള്ളവർക്ക് നൽകി തുടങ്ങട്ടെ എന്ന്. പക്ഷെ കുട്ടി സമ്മതിച്ചില്ല. (ബുഖാരി 2451). "ഇനിമുതൽ എന്നെന്നും നീ യുവാവായിരിക്കും; ഒരിക്കലും നീ വൃദ്ധനാവില്ല". (മുസ്‌ലിം 2837) എന്ന് നാളെ സ്വർഗത്തിൽ വച്ച് അല്ലാഹു നടത്തുന്ന ഒരു പ്രഖ്യാപനമുണ്ട്. സ്വർഗം കാംക്ഷിക്കുന്ന, വാർദ്ധക്യത്തിന്റെ അവശതകളിൽ കഴിയുന്ന ഏതൊരാൾക്കും ഈ വചനം സന്തോഷം നല്കാതിരിക്കില്ല.
സ്നേഹവും കരുണയും പരിഗണനയും പരിലാളനയുമാണ് പ്രായം ചെന്നവർക്ക് വേണ്ടത്. അനാരോഗ്യം, അവശത, മാനസികമായ പ്രശ്നങ്ങൾ എന്നിവ അനുഭവിക്കുന്നവരെ മനസ്സറിഞ്ഞു സ്നേഹിക്കുകയും അവരുടെ കൂടെ നിന്ന് പരിചരിക്കുകയും ചെയ്യുക എന്നതാണ് ഒരു വിശ്വാസിയുടെ ധർമ്മം. സമയമില്ല എന്നതാണ് പലരുടെയും ന്യായം. ചിലർക്ക് അവരുടെ ജോലിയും സോഷ്യൽ സ്റ്റാറ്റസുമാണ് പ്രശ്നം. സ്വന്തം മാതാപിതാക്കളല്ലല്ലോ, മറ്റാരെങ്കിലും നോക്കട്ടെ എന്ന മാനസികാവസ്ഥയാണ് മറ്റു ചിലരുടെ പ്രശ്നം. ഈ ചെറുപ്പകാലവും വാർദ്ധക്യത്തിലേക്കുള്ള യാത്രയാണെന്ന തിരിച്ചറിവുണ്ടെങ്കിൽ ഈ ന്യായങ്ങളൊന്നും ആർക്കും തടസ്സങ്ങളാവില്ല. പ്രായം ചെന്നവരുടെ വിയർപ്പും അധ്വാനവുമാണ് തന്റെ ചെറുപ്പത്തിന്റെ പ്രസരിപ്പിനു നിദാനമെന്ന തിരിച്ചറിവുണ്ടായിരുന്നെങ്കിൽ എല്ലാം ഉപേക്ഷിച്ച് അവരോടിയെത്തും.
പച്ചിലയും പഴുക്കും, ഒരുനാള്‍
ഞെട്ടറ്റു വീഴും കടക്കലെന്നറിയുക!
തിരികെ കൊടുക്കാന്‍ നോക്കുകില്‍
കഴിയായ്കയാല്‍ നീറിടുമന്നുനീ!