കണ്ണൂർ- മുസ്‌ലിം ലീഗിന്റെ സമുദായ സ്‌നേഹം കാപട്യമാണെന്ന് മുസ്്‌ലിം സമുദായം തിരിച്ചറിയുമെന്നും ഇതിൽനിന്ന് രക്ഷപ്പെടാൻ മൗദൂദിസ്റ്റുകളെ കൂട്ടുപ്പിടിച്ചിട്ടും കാര്യമില്ലെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു ജയരാജന്റെ വിമർശനം.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി അയോഗ്യനാക്കിയ ലീഗ് എം എൽ എ ഷാജി നടത്തിയ അധോലോക ബന്ധത്തോളമെത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.നേരത്തേ വർഗീയത പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയതിൻറെ പേരിലാണ് എം എൽ എ സ്ഥാനത്തിന് കോടതി അയോഗ്യത കൽപ്പിച്ചത്.
ഇപ്പൊഴാവട്ടെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിലടക്കം അദ്ദേഹം പ്രതിക്കൂട്ടിലാണ്. അതിന്റെ പേരിൽ അന്വേഷണവും നടക്കുകയാണ്.ഇപ്പോ എൻഫോഴ്‌സ്‌മെൻറ് ഡയരക്ടറേറ്റും ഷാജി നേടിയ അനധികൃത സമ്പത്തിനെ കുറിച്ച് അന്വേഷണത്തിലാണ്. ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗം ഷാജിയുടെ മുന്നിലോ പിന്നിലോ ആയുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസിൽ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് തട്ടിയെടുത്ത പണത്തിലൊരു പങ്ക് ലീഗിൻറെ മുഖപത്രത്തിൻറെ ഓഫീസിലടക്കം എത്തിയതായാണ് വേറൊരു കേസ്. അതിൻറെ ഭാഗമായാണ് ലീഗിന്റെ സംസ്ഥാന സെക്രട്ടറി കെ പി എ മജീദും ലീഗിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരിയും ഇഡിയുടെ മുൻപിൽ ഹാജരാകേണ്ടി വന്നത്. അതോടൊപ്പം കാസർക്കോട്ടെ ഖമറുച്ച കേസുകളുടെ എണ്ണത്തിൽ സെഞ്ചുറി അടിക്കാൻ പോകുന്നു.
മുസ്ലിം ന്യൂനപക്ഷത്തിൻറെ സംരക്ഷണം അവകാശപ്പെട്ട് പ്രവർത്തിക്കുന്ന ലീഗ് എത്തിച്ചേർന്നിട്ടുള്ള പതനത്തെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇതോടൊപ്പം വഖഫ് സ്വത്തുക്കളുടെ തിരിമറിയിലും ലീഗ് നേതാക്കൾ പ്രതികളാവുന്നുണ്ട്.ഇക്കാര്യം പ്രത്യേകമായി അന്വേഷിച്ചാൽ ഇനിയും ഒട്ടേറെ കേസുകൾ വരും.ലീഗിൻറെ സമുദായ സ്‌നേഹം കാപട്യമാണെന്ന തിരിച്ചറിവ് മുസ്ലിം സമുദായത്തിൽ ശക്തിപ്പെടും.ഇതിൽ നിന്ന് രക്ഷപ്പെടാൻ മൗദൂദിസ്റ്റുകളെ കൂട്ടുപിടിച്ചാലും സാധിക്കുകയില്ല.മുസ്ലിം സമുദായത്തിൽ നിന്ന് ലീഗ് കൂടുതൽ ഒറ്റപ്പെടാനാണ് പോകുന്നത്.