Sorry, you need to enable JavaScript to visit this website.

സ്പ്രിംഗ്ലര്‍ കരാറില്‍ ഗുരുതര വീഴ്ച; 1.8 ലക്ഷം പേരുടെ ഡേറ്റ ചോര്‍ന്നു

തിരുവനന്തപുരം-കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവര വിശകലനത്തിന് അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായി ധൃതിപിടിച്ചു കരാറില്‍ ഏര്‍പ്പെട്ടതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട് . കരാറില്‍ തീരുമാനം എടുത്തതും ഒപ്പിട്ടതും ഐടി സെക്രട്ടറിയായ എം ശിവശങ്കറാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കരാര്‍ ഒപ്പിട്ടതെന്നും കരാറിന് മുന്‍പ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം ശിവശങ്കര്‍ തേടിയില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു . കരാറിലെ നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറിന് മുന്‍പ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയില്ല. നിയമ സെക്രട്ടറിയുടെ ഉപദേശം തേടാഞ്ഞത് ഗുരുതരവീഴ്ചയാണ്.
വിവര സുരക്ഷയ്ക്കുള്ള നിര്‍ദേശങ്ങളോ ധാരണയോ ഇല്ലാതെയാണ് വിവരങ്ങള്‍ നല്‍കാനുള്ള നീക്കങ്ങള്‍ ഉണ്ടായതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സ്പ്രിംഗ്ലര്‍ കമ്പനിക്ക് 1.8 ലക്ഷം പേരുടെ വിവരങ്ങളാണ് ലഭിച്ചത്. ഇത് പത്ത് ദിവസത്തിനകം സിഡിറ്റ് സെര്‍വറിലേക്ക് മാറ്റിയെന്നും സമിതി കണ്ടെത്തി. എന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ഒന്നും നഷ്ടമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവരസുരക്ഷ ഉറപ്പാക്കാന്‍ എട്ടിന നിര്‍ദേശങ്ങളും സമിതി സമര്‍പ്പിച്ചിട്ടുണ്ട്. വിവരചോര്‍ച്ച കണ്ടെത്താന്‍ സര്‍ക്കാരിന് സംവിധാനമില്ല. സിഡിറ്റിനെയും ഐടിവകുപ്പിനേയും സാങ്കേതികമായി കൂടുതല്‍ ശക്തമാക്കണം, സിഡിറ്റ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം, കൂടുതല്‍ സാങ്കേതിക വിദഗ്ധരുടെ സേവനം സര്‍ക്കാരിന് ലഭ്യമാക്കണം, സര്‍ക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ മേഖല ശക്തമാക്കണം എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് നല്‍കിയത്. കേന്ദ്രവ്യോമയാന മുന്‍ സെക്രട്ടറി മാധവന്‍ നമ്പ്യാര്‍, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഗുല്‍ഷന്‍ റായി എന്നിവരടങ്ങിയ രണ്ടംഗ സമിതിയാണ് 23 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കോവിഡ് വിവരശേഖരണത്തിനും വിശകലനത്തിനുമായി മാര്‍ച്ച് 25 നാണ് സര്‍ക്കാര്‍ സ്പ്രിംഗ്ലറുമായി കരാറില്‍ ഏര്‍പ്പെട്ടത്. കരാറിനെതിരെ പ്രതിപക്ഷം ആരോപണങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തിയതോടെ ആണ് ഏപ്രില്‍ 22ന് സര്‍ക്കാര്‍ അന്വേഷണ സമിതിയെ നിയോഗിച്ചത്. സ്പ്രിംഗ്ലര്‍ കരാറിനെ തുടരെ ന്യായീകരിച്ചു വന്ന മുഖ്യമന്ത്രിയ്ക്കും അന്വേഷണ സമതി റിപ്പോര്‍ട്ട് തിരിച്ചടിയായി.
 

Latest News