Sorry, you need to enable JavaScript to visit this website.

ട്രംപ് നാട് വിടേണ്ടി വരുമോ?

ഡൊണാൾഡ് ട്രംപിന് ഭരണത്തുടർച്ച ലഭിക്കുമോ? അതോ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ ഭരണത്തിലേറുമോ?  നവബർ 9 നാണ് യുഎസ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്ക് കടന്നിരിക്കുകയാണ് അമേരിക്ക. അമേരിക്കയിൽ പ്രധാനമായും രണ്ട് പാർട്ടികളാണ്. റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും. ഇക്കുറിയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി നിലവിലെ പ്രസിഡന്റായ ഡോണൾഡ് ട്രംപ് തന്നെയാണ്. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മൈക്കൾ റിച്ചാർഡ് പെൻസും മത്സരിക്കുന്നു. ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മുൻ വൈസ് പ്രസിഡന്റ് കൂടിയായ ജോ ബൈഡനാണ്. ഇന്ത്യൻ വംശജയായ കമല ദേവി ഹാരിസ് ആണ് ഡെമോക്രാറ്റ്‌സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി.


ഓരോ നാല് വർഷം കൂടുമ്പോഴാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്കൻ ഭരണഘടന പ്രകാരം ഇലക്ടറൽ കോളേജ് വഴിയാണ് പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തെരഞ്ഞെടുക്കുക. ഓരോ സംസ്ഥാനത്തേയും പ്രതിനിധാനം ചെയ്യുന്ന നിശ്ചിത എണ്ണം ഇലക്ടർമാർ ഉണ്ടാകും. അമേരിക്കയിലെ 50 സ്‌റ്റേറ്റുകളിൽ നിന്നുള്ള 538 ഇലക്ടറൽ വോട്ടുകൾ ഉൾപ്പെടുന്നതാണ് ഇലക്ട്രൽ കോളേജ്. കേവല ഭൂരിപക്ഷത്തിന്  വേണ്ടത് 270 വോട്ടുകളാണ്. ഇലക്ടറൽ കോളേജിലെ അംഗങ്ങളാണ് പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുക. ഇലക്ടറൽ കോളേജിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നവരാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുക. അതായത് ഏറ്റവും കൂടുതൽ ജനകീയ വോട്ട് നേടിയാലും വിജയിക്കില്ലെന്നർത്ഥം. 2016 ൽ ഏറ്റവും കൂടുതൽ പോപ്പുലർ വോട്ടുകൾ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഹിലരി ക്ലിന്റന് ലഭിച്ചിരുന്നുവെങ്കിലും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപിനായിരുന്നു ഏറ്റവും കൂടുതൽ ഇലക്ടറൽ വോട്ടുകൾ ലഭിച്ചത്.
 ഒരു സ്ഥാനാർത്ഥിക്കും കേവല ഭൂരിപക്ഷമായ 270 വോട്ടുകൾ നേടാനായില്ലെങ്കിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ മൂന്ന് സ്ഥാനാർത്ഥികളിൽ നിന്നും ഒരാളെ യുഎസ് പ്രതിനിധി സഭ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കും. അമേരിക്കയുടെ ചരിത്രത്തിൽ രണ്ട് തവണ ഇത്തരത്തിൽ പ്രസിഡന്റിനെ തെരഞ്ഞെടുത്തിട്ടുണ്ട്, 1800, 1824 വർഷങ്ങളിലായിരുന്നു ഇത്. 


അമേരിക്കൻ പൗരനായ, 14 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ, മാതാപിതാക്കളിൽ ആർക്കെങ്കിലും അമേരിക്കൻ പൗരത്വം ഉള്ള, കുറഞ്ഞത് 35 വയസ്സുള്ള ആർക്കും അമേരിക്കൻ പ്രസിഡന്റായി മത്സരിക്കാം. രണ്ട് തവണ മാത്രമേ ഒരാൾക്ക് അമേരിക്കൻ പ്രസിഡന്റാകാൻ സാധിക്കൂ. 18 വയസ്സ് തികഞ്ഞ അമേരിക്കൻ പൗരൻമാർക്ക് വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. 
നാല് ഘട്ടങ്ങളിലായാണ് അമേരിക്കൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം പ്രൈമറി/കോക്കസ്, രണ്ടാം ഘട്ടം ദേശീയ കൺവെൻഷൻ, മൂന്നാം ഘട്ടം പൊതു തെരഞ്ഞെടുപ്പ്, നാലാം ഘട്ടം ഇലക്ടറൽ കോളേജ്. ജനറൽ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്ന ഘട്ടമാണ് പ്രൈമറി. ചർച്ചകളിലൂടെയും വോട്ടെടുപ്പുകളിലൂടെയും പാർട്ടി അംഗങ്ങൾ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്ന ഘട്ടമാണ് കോക്കസ്.


ദേശീയ കൺവെൻഷനിലൂടെയാണ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ അന്തിമമായി തീരുമാനിക്കുക. പ്രസിഡന്റ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെടുന്നയാൾ തന്റെ വൈസ് പ്രസിഡന്റിനെ നാമനിർദേശം ചെയ്യും. മൂന്നാം ഘട്ടം സംവാദം. സ്ഥാനാർത്ഥികൾ തമ്മിലുള്ള നേർക്ക് നേർ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഭരണകൂടത്തിന്റെ വീഴ്ചയും നേട്ടങ്ങളും ചർച്ചയിൽ സംവാദ വിഷയമാകും. മുന്നോട്ടുള്ള നയങ്ങളും ഇരുവിഭാഗങ്ങളും സംവാദങ്ങൾക്കിടെ മുന്നോട്ട് വെയ്ക്കും.


ഇത്തവണ സർവേകളിലെല്ലാം ജോ ബൈഡൻ മുന്നിട്ട് നിൽക്കുന്നു. എന്നാൽ കാര്യങ്ങൾ ഡെമോക്രാറ്റിക് പാർട്ടിയിലും കൈവിട്ട് തുടങ്ങിയിരിക്കുകയാണ്. അവർക്ക് ജോ ബൈഡൻ വിജയിക്കുമോ എന്ന കാര്യത്തിൽ ആശങ്കയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിലും ഡൊണാൾഡ് ട്രംപിനും വിജയിക്കുന്ന കാര്യത്തിൽ ആശങ്കയുണ്ടെങ്കിലും ഡെമോക്രാറ്റുകൾ അതിനേക്കാൾ കടുത്ത ആശങ്കയിലാണ്. 2016 ൽ സർവേകളിലെല്ലാം മുന്നിൽ നിന്നിട്ടും ഹിലരി ക്ലിന്റൺ പരാജയപ്പെട്ടതാണ് ഏറ്റവും വലിയ പ്രശ്‌നമായി മുന്നിലുള്ളത്. ട്രംപ് അപ്രതീക്ഷിതമായിട്ടാണ് ആ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
മൂന്ന് നിർണായക സംസ്ഥാനങ്ങളിൽ ചെറിയ വിജയങ്ങളോടെയാണ് ഹിലരിയെ  ട്രംപ് വീഴ്ത്തിയത്. ബൈഡന് അനുകൂലമായ  ചില കാര്യങ്ങളുണ്ട്. 2016 ൽ ഹിലരിയുടെ പ്രതിഛായ ഏറ്റവും മോശമായിരുന്നു. അവർ ജനപ്രിയ ആയിരുന്നെങ്കിലും സ്വകാര്യ ഇമെയിൽ സെർവറുമായി ബന്ധപ്പെട്ട വിഷയത്തിൽ എഫ്ബിഐ അന്വേഷണം തെരഞ്ഞെടുപ്പ് സമയത്ത് നേരിടേണ്ടി വന്നു. മാധ്യമങ്ങൾ ഈ വിഷയത്തിന് നല്ല പ്രാധാന്യം നൽകുകയും ചെയ്തു. ഹിലരിയുടെ പ്രചാരണത്തെ ഇത്  നെഗറ്റീവായി ബാധിച്ചിരുന്നു. ഹിലരിയല്ല, മറ്റേതെങ്കിലും നേതാവായിരുന്നെങ്കിൽ ട്രംപ് വിജയിക്കില്ലായിരുന്നുവെന്നതാണ് വസ്തുത.


ഹിലരിയെ പോലെ യാതൊരു നെഗറ്റീവ് കാര്യങ്ങളും ബൈഡനെതിരെ ഇല്ല. ട്രംപ് ഹിലരിയെ തോൽപിച്ച നിർണായക സ്വിംഗ് സ്‌റ്റേറ്റുകളിൽ ബൈഡൻ ലീഡ് ചെയ്യുന്നുണ്ട്. 
കഴിഞ്ഞ തവണ കൂടി പോപ്പുലർ വോട്ട് ഹിലരിക്ക് തന്നെയായിരുന്നു. പക്ഷേ ഏറ്റവും വലിയ അട്ടിമറിയിൽ ട്രംപ് വിജയിക്കുകയും ചെയ്തു. ഇത്തവണ ട്രംപ് അഞ്ച് മില്യണിൽ അധികം വോട്ടിന് പരാജയപ്പെടുമെന്നാണ് വിലയിരുത്തൽ. എന്നാൽ വിജയിച്ച രീതിയിൽ പ്രവർത്തിക്കരുതെന്ന് ഡെമോക്രാറ്റിക് പാർട്ടി എല്ലാവർക്കും നിർദേശം നൽകിയിട്ടുണ്ട്. ചില സ്വിംഗ് സ്‌റ്റേറ്റുകളിൽ  ശക്തമായ പ്രചാരണമാണ് ഡെമോക്രാറ്റുകൾ നടത്തുന്നത്. ദേശീയ സർവേകൾ ശരിയാവണമെന്നില്ലെന്നാണ് പാർട്ടിയുടെ നിഗമനം. 


അധികാരത്തിലേറിയാൽ 11 മില്യൺ ആളുകൾക്ക് പൗരത്വം നൽകുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ പറഞ്ഞിരുന്നു.  കുടിയേറ്റ പ്രതിസന്ധികൾ പരിഹരിക്കേണ്ടതുണ്ട്. 11 ദശലക്ഷം ആളുകൾക്ക് പൗരത്വം ലഭ്യമാക്കുന്ന ബിൽ അവതരിപ്പിക്കും. ഈ പ്രഖ്യാപനം വോട്ടിംഗിനെ നന്നായി സ്വാധീനിക്കുന്ന ഘടകമാണ്. കുടിയേറ്റ വിഷയങ്ങളിൽ ട്രംപ് നിലപാട് കടുപ്പിക്കുമ്പോഴാണ് ബൈഡന്റെ പ്രഖ്യാപനങ്ങൾ എന്നത് ശ്രദ്ധേയമാണ്. ഇന്ത്യക്കാർക്ക് ഉൾപ്പെടെ ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തെരഞ്ഞെടുപ്പിനു മുന്നോടിയായ സർവേകളിൽ ജോ ബൈഡൻ ഏറെ മുന്നിലാണ്. നിലവിലെ സാഹചര്യത്തിൽ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ അത്ഭുതങ്ങൾ സംഭവിക്കണമെന്നാണ് തെരഞ്ഞെടുപ്പ് വിദ്ഗ്ധരുടെ അഭിപ്രായം. കുടിയേറ്റം സംബന്ധിച്ച നയങ്ങളും ന്യൂനപക്ഷങ്ങളോടുള്ള നിലപാടുകളുമാണ് ട്രംപ് ഭരണകൂടത്തിനെതിരായ വികാരത്തിന് കാരണമെന്നാണ് സർവേയിൽ തെളിഞ്ഞത്.  വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡൻ കമല ഹാരിസിനെ തെരഞ്ഞെടുത്തതും അനുകൂല തരംഗം ഉണ്ടാക്കി. 


പ്രതിരോധത്തിൽ നിൽക്കുന്ന ഡൊണാൾഡ് ട്രംപ് പുതിയ തന്ത്രവുമായി എതിരാളി ജോ ബൈഡനെ നേരിടുന്നുണ്ട്.  ഡെമോക്രാറ്റിക് പാർട്ടിയെ കുറിച്ച് ഭയ പ്രചാരണമാണ് ട്രംപ് തെരഞ്ഞെടുത്തിരിക്കുന്നത്. അമേരിക്കൻ ചരിത്രത്തെ ഇല്ലാതാക്കാനും രാജ്യത്തിന്റെ മൂല്യങ്ങളെ ഇല്ലാതാക്കി, അമേരിക്കൻ ജീവിത രീതി തന്നെ ഇല്ലാതാക്കാനുമാണ് ഡെമോക്രാറ്റുകളുടെ ശ്രമമെന്നും ട്രംപ് ആരോപിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം മിഷിഗണിൽ നടത്തിയ പ്രചാരണത്തിലാണ് ട്രംപ് പുതിയ മാർഗത്തിലേക്ക് കടന്നത്. നിങ്ങൾ മനസ്സിലാക്കിയിരുന്ന ഡെമോക്രാറ്റിക് പാർട്ടി ഇപ്പോൾ ഇല്ലെന്നും അദ്ദേഹം വോട്ടർമാരോട് പറഞ്ഞു.


ഒരാഴ്ച മുമ്പ് എ.ബി.സി ന്യൂസും വാഷിങ്ടൺ പോസ്റ്റ് പത്രവും നടത്തിയ സർവേയുടെ കാര്യമെടുക്കാം. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനേക്കാൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ മുന്നിലെന്നാണ്  ഫലം.  അൻപത്തിമൂന്ന് ശതമാനം പേർ ബൈഡനെ പിന്തുണയ്ക്കുമ്പോൾ നാൽപത്തിയൊന്ന് ശതമാനം മാത്രമാണ് ട്രംപിനെ പിന്തുണച്ചത്.
പുരുഷ വോട്ടുകളിൽ 48 ശതമാനം നേടി ബൈഡനും ട്രംപും തുല്യത പാലിച്ചപ്പോൾ സ്ത്രീകൾക്കിടയിൽ 59 ശതമാനം പേരും ബൈഡനൊപ്പമാണ്. 36 ശതമാനം മാത്രമാണ് സ്ത്രീ വോട്ടർമാർക്കിടയിലെ ട്രംപിന്റെ പിന്തുണ. ജോ ബൈഡനെ പോലൊരു എതിരാളിയോട് തോൽക്കുന്നതിലും ഭേദം നാട് വിടുകയാണെന്ന് ട്രംപ് തെരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിച്ചിരുന്നു. ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധികാരിയായി ആര് തെരഞ്ഞെടുക്കപ്പെടുമെന്നറിയാൻ അധിക നാൾ കാത്തിരിക്കേണ്ടതില്ല. 

Latest News