Sorry, you need to enable JavaScript to visit this website.

ദുബായ് വഴി യാത്രയിൽ  സൂക്ഷ്മത അനിവാര്യം

ഇന്ത്യ-സൗദി അന്താരാഷ്ട്ര വിമാന സർവീസ് ഇനിയും പുനരാരംഭിക്കാത്തതിനാൽ അവധിക്കു നാട്ടിൽ പോയി കുടുങ്ങിയ ആയിരങ്ങൾ സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ വിഷമിക്കുകയാണ്. ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുന്നതിനാലും സൗദി ദേശീയ വിമാനക്കമ്പനി അന്താരാഷ്ട്ര സർവീസുകൾ ഭാഗികമായി തുടങ്ങിയെങ്കിലും സർവീസ് നടത്തുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യയെ ഉൾപ്പെടുത്താതിരുന്നതിനാലും ഇന്ത്യയിൽനിന്നുള്ളവർക്ക് നേരിട്ട് സൗദിയിലെത്താൻ മാർഗമില്ലാത്ത അവസ്ഥയാണ്. ഇതു മൂലം വിസാ കാലാവധി കഴിഞ്ഞും ജോലി നഷ്ടപ്പെട്ടും ജോലി രേഖാപരമായി ഉണ്ടെങ്കിലും തിരിച്ചെത്താൻ കഴിയാത്തതിനാൽ ശമ്പളം ലഭിക്കാതെയും വിഷമിക്കുന്നവർ നിരവധിയാണ്. വരും ദിവസങ്ങളിൽ വിസ കാലാവധി അവസാനിക്കുന്നതിനാൽ തീ തിന്നു കഴിയുന്നവരും ഒട്ടേറെയുണ്ട്. കൊറോണയുടെ വരവിനു മുൻപ് അവധിക്കു പോയവരും കോറോണയുടെ വ്യാപനം തുടങ്ങി ആശങ്കയുടെ പുറത്ത് നാടു പിടിച്ചവരും ജോലി പ്രതിസന്ധിയെ തുടർന്ന് നിർബന്ധിത സാഹചര്യത്തിൽ നാടണഞ്ഞവരുമെല്ലാം ഇപ്പോൾ എങ്ങനെയും സൗദിയിൽ തിരിച്ചെത്താനുള്ള വെപ്രാളത്തിലാണ്. ആയിരക്കണക്കിനു പേർ ഇങ്ങനെ പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിലും ഇവരുടെ കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല. 


ഇത്തരമൊരു സാഹചര്യത്തിലാണ് സൗദി അതിർത്തികൾ തുറന്നതും ഗൾഫ് രാഷ്ട്രങ്ങൾ ഉൾപ്പെടെ ചില രാഷ്ട്രങ്ങളിലേക്ക് സൗദിയിൽനിന്ന് സർവീസുകൾ ആരംഭിച്ചതും. ഇതോടെ മറ്റു മർഗങ്ങളിലൂടെ സൗദിയിലെത്തിപ്പെടാനുള്ള അവസരം തുറന്നു കിട്ടുകയായിരുന്നു. അതിനു ഒട്ടേറെ കടമ്പകളും വൻ സാമ്പത്തിക ബാധ്യതകളും ഉണ്ടെങ്കിലും അതെല്ലാം സഹിച്ച് ചിലർ സൗദിയിലെത്താൻ തുടങ്ങിയതോടെ ഇങ്ങനെ വരാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ട്രാവൽ ഏജന്റുമാരും വിമാന കമ്പനികളും ഉൾപ്പെടെ നിരവധി ഏജന്റുമാർ രംഗത്തു വന്നു. എന്നാൽ ഏജന്റുമാരുടെ മോഹന വാഗ്ദാനങ്ങളിൽ വശംവദരായി നിബന്ധനകൾ ശരിയാംവണ്ണം പാലിക്കാത്തതിനാൽ ലക്ഷ്യ സ്ഥാനത്ത് എത്തിപ്പെടാനാവാതെ പലരും ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി. ഇതിൽ ചിലർ മണിക്കൂറുകളുടെ കാത്തിരിപ്പുകൾക്കും നടപടിക്രമങ്ങളുടെ പൂർത്തീകരണത്തിനും ശേഷം പുറത്തിറങ്ങിയെങ്കിലും മറ്റു ചിലർക്ക് ദുബായ് വിമാനത്തവാളത്തിൽനിന്നു തന്നെ നാട്ടിലേക്കു മടങ്ങേണ്ടിയും വന്നു.

 

ഇത്തരക്കാർക്ക് ഇത് കൂനിൻമേൽ കുരു പോലെയായി. സാമ്പത്തിക പ്രയാസത്താൽ എങ്ങനെയെങ്കിലും ജോലിയിൽ തിരച്ചെത്താൻ കടം വാങ്ങി പുറപ്പെട്ടവർ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാതെ മടങ്ങേണ്ടി വരുമ്പോഴുണ്ടാകുന്ന പ്രയാസങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ്. അതിനാൽ ദുബായ് വഴി സൗദിയിലെത്താൻ ശ്രമിക്കുന്നവർ യു.എ.ഇയിലെ മാറിക്കൊണ്ടിരിക്കുന്ന നിബന്ധനകൾ സസൂക്ഷ്മം വീക്ഷിക്കുകയും മതിയായ രേഖകളും ആവശ്യത്തിന് പണവും കരുതി വേണം യാത്ര പുറപ്പെടാൻ. ഏജന്റുമാർ മോഹന വാഗ്ദാനം നൽകി അവതരിപ്പിക്കുന്ന കണക്കുകൾ കണ്ട് അതിൽ പൂർണമായും വിശ്വസിച്ച് വരുന്നവർ ആവശ്യത്തിന് പണവും രേഖകളും ഇല്ലെങ്കിൽ വഴിയിൽ കുടുങ്ങാനുള്ള സാധ്യതകൾ ഏറെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇങ്ങനെ നൂറുകണക്കിനു പേർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. ഇതിൽ മലയാളികളും നിരവധിയായിരുന്നു. ഇതാവർത്തിക്കപ്പെടാതിരിക്കുന്നതിനും സാമ്പത്തിക നഷ്ടം സംഭവിക്കാതിരിക്കാനും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. 


ദുബായ് വഴി സൗദി അറേബ്യയിൽ എത്തിപ്പെടാൻ  ആഗ്രഹിക്കുന്നവർ ദുബായ് വിസിറ്റ് വിസ കരസ്ഥമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വിസയോടൊപ്പം ടിക്കറ്റ്, റിട്ടേൺ ടിക്കറ്റ്, ഒരു മാസത്തെ ഇൻഷുറൻസ് എന്നിവ ഉറപ്പാക്കണം. കേരളത്തിൽനിന്ന് പുറപ്പെടുന്നതിനു മുൻപ് കോവിഡ് പി.സി.ആർ ടെസ്റ്റ് നടത്തിയിരിക്കണം. ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെങ്കിൽ 92 മണിക്കൂറിനു മുൻപ് ദുബായിൽ എത്തിയിരിക്കണം. ദുബായിൽ എത്തുമ്പോൾ റോമിംഗ് ഉള്ള മൊബൈൽ കൈവശം ഉണ്ടാവുകയും ആ നമ്പർ വിമാനത്താവള അധികൃതർക്കു നൽകി കോവിഡ് ടെസ്റ്റിന് വിധേയമാവുകയും വേണം. ഫലം ലഭിക്കുന്നതു വരെ പരമാവധി രണ്ടു ദിവസം ക്വാറന്റൈനിൽ കഴിയണം. താമസ സ്ഥലം ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. ഹോട്ടലുകളിലോ ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ താമസ സ്ഥലം ഇതിനായി തെരഞ്ഞെടുക്കാം. വിമാനത്തവാളത്തിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലായിരിക്കും ടെസ്റ്റ് ഫലം വരിക. തുടർന്ന് ഇന്ത്യയിൽനിന്ന് വരുന്നവർ 14 ദിവസം കോവിഡ് വ്യാപനം കുറവായ രാജ്യത്ത് തങ്ങിയിരിക്കണമെന്ന സൗദിയുടെ നിബന്ധന പാലിക്കുന്നതിന് 14 ദിവസം ദുബായിൽ കഴിച്ചു കൂട്ടണം. ഈ സമയം കഴിയുന്നതും മറ്റുള്ളവരുമായി ഇടപഴകാതെ കഴിയുന്നതായിരിക്കും ഉത്തമം. അതിനു ശേഷം ദുബായിൽനിന്ന് വീണ്ടും കോവിഡ് പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് 72 മണിക്കൂറിനകം സൗദിയിലെത്തിയിരിക്കണം. 72 മണിക്കൂറിനകം സൗദിയിൽ എത്താനാവും വിധത്തിൽ നേരത്തെ തന്നെ വിമാന ടിക്കറ്റും ലഭ്യമാക്കിയിരിക്കണം.


സൗദിക്കുള്ള യാത്രക്കിടെ ഇവിടെ നൽകേണ്ട ഫോം ഫിൽ ചെയ്ത് കൈവശം വെക്കുകയും അതും കോവിഡ് ടെസ്റ്റ് ഫലവും കൂടി ഇറങ്ങിയ പാടെ വിമാനത്താവളത്തിൽ നൽകുകയും വേണം. എമിഗ്രേഷൻ നടപടികൾക്കു ശേഷം പുറത്തിറങ്ങി എട്ടു മണിക്കൂറിനകം തവക്കൽന, തത്തമൻ ആപ് ഡൗൺലോഡ് ചെയ്യുകയും വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യണം. തുടർന്ന് കുറഞ്ഞത് മൂന്നു ദിവസമെങ്കിലും ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം ആപ് വഴി കോവിഡ് ടെസ്റ്റിന് അപേക്ഷിക്കുകയും നെഗറ്റീവ് ടെസ്റ്റ് ഫലം കൈവശം സൂക്ഷിക്കുകയും ചെയ്യുമ്പോഴായിരിക്കും നിങ്ങൾ സുരക്ഷിതരാവുക. നാട്ടിലെ കോവിഡ് ടെസ്റ്റ്, ദുബായിൽ രണ്ടു തവണ നടത്തേണ്ട കോവിഡ് ടെസ്റ്റ്, ദുബായിലെ താമസം, മൊബൈൽ റോമിംഗ്, ഭക്ഷണം ഉൾപ്പെടെ മറ്റു ചെലവുകൾ, ടിക്കറ്റ്, ഇൻഷുറൻസ്, കൈവശം കരുതേണ്ട 2000 ദിർഹം എന്നിവക്കു വേണ്ട മതിയായ പൈസ ഉണ്ടെങ്കിൽ മാത്രേമ ദുബായ് വഴിയുള്ള യാത്ര തെരഞ്ഞെടുക്കാൻ പാടുള്ളൂ. ദുബായിലെത്തുമ്പോൾ റിട്ടേൺ ടിക്കറ്റും രണ്ടായിരം ദിർഹവും കൈവശം ഉണ്ടായിരിക്കൽ നിർബന്ധമാണ്.

ഈ നിബന്ധന പാലിക്കാതെ വന്നവരാണ് വിമാനത്താവളത്തിൽ കുടങ്ങിയത്. ദുബായിൽ താമസിക്കാൻ ഇടമില്ലാത്തവർക്ക് ഹോട്ടലിൽ തങ്ങി ദുബായ് വഴി വരണമെങ്കിൽ കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും വേണ്ടിവരും. അതിനിടെ കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയാൽ തുടർന്നുണ്ടാകാവുന്ന മറ്റു ചെലവുകൾ വേറെയും. അതിനാൽ ദുബായ് വഴിയുള്ള യാത്ര തെരഞ്ഞെടുക്കുന്നവർ ഇതെല്ലാം മുൻകൂട്ടി കണ്ട് വ്യക്തമായ പ്ലാനിംഗോടു കൂടി മാത്രമേ അതിനു മുതിരാവൂ. ഒളിഞ്ഞിരിക്കുന്ന അപ്രതീക്ഷിത ചെലവുകളെക്കുറിച്ച് ഏജന്റുമാർ ഒരു പക്ഷേ പറഞ്ഞെന്നു വരില്ല. ദുബായ് വഴി സൗദിയിലെത്തിപ്പെടാനാവുമെങ്കിലും അതിനാവശ്യമായ മതിയായ ഫണ്ട് കൈവശം ഉള്ളവരും നടപടിക്രമങ്ങൾ ശരിയാംവണ്ണം അറിയാവുന്നവരും മാത്രമേ ഈ വഴി തെരഞ്ഞെടുക്കാൻ പാടുള്ളൂ. അതല്ലെങ്കിൽ നിങ്ങൾ കബളിപ്പിക്കപ്പെടാനും കൂടുതൽ പ്രയാസങ്ങളിൽ അകപ്പെടാനും സാധ്യതയേറെയാണ്. 

Latest News