പത്തനംതിട്ട- സാമ്പത്തിക തട്ടിപ്പ് കേസിൽ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ പ്രതി. ആറന്മുള സ്വദേശിയിൽനിന്ന് 28.75 ലക്ഷം രൂപ തട്ടിച്ചുവെന്ന കേസിലാണ് കുമ്മനത്തെ അഞ്ചാം പ്രതിയാക്കി ആറന്മുള പോലീസ് കേസെടുത്തത്. കുമ്മനത്തിന്റെ മുൻ പി.എ പ്രവീണാണ് കേസിലെ ഒന്നാം പ്രതി. പ്ലാസ്റ്റിക് രഹിത കോട്ടൺ മിക്‌സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തുവെന്നാണ് ആറന്മള പുത്തേഴത്ത് ഇല്ലം സി.ആർ ഹരികൃഷ്ണൻ പോലീസിൽ പരാതി നൽകിയിരുന്നത്.