കോട്ടയം- ജോസും ജോസഫും പിരിഞ്ഞെങ്കിലും നേതാക്കൾ ഇന്നലെ മുഖാമുഖം കണ്ടു. ഒരേ സ്വരത്തിൽ അഭിപ്രായവും പറഞ്ഞു. കേരള കോൺഗ്രസ് പിറന്ന തിരുനക്കര മൈതാനത്തോ, കേരള കോൺഗ്രസ്-എം ആസ്ഥാനമായ വയസ്‌കര കുന്നിലോ അല്ല. കോടതി മുറിയ്ക്കുള്ളിൽ കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന്.
ജോസും ജോസഫുമായി പാർട്ടി പിളർന്നിട്ട് ഒരു കൊല്ലം കഴിഞ്ഞു. ജോസ് മുന്നണിയെ തന്നെ കൈവിട്ട് എൽ.ഡി.എഫ് പ്രവേശനം കാത്തിരിക്കുന്നു. ഇതിനിടയിലാണ് 2017 ലെ ഒരു കേസ് ജോസ്-ജോസഫ് വിഭാഗങ്ങളെ ഒന്നിപ്പിച്ചത്. കർഷക വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ തീവണ്ടി തടയൽ ഉപരോധം നടത്തിയ കേസിലാണ് നേതാക്കൾ കോടതിയിലെത്തിയത്.
2017 ജൂൺ 23ന് രാവിലെ 11 നായിരുന്നു ശബരി എക്‌സ്പ്രസ് തടഞ്ഞത.് കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമാലായിരുന്നു കേരള കോൺഗ്രസ് ഉപരോധിച്ചത്. കെ.എം മാണിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധസമരം. മരണശേഷം കെ.എം മാണിയെ കേസിൽ നിന്നും ഒഴിവാക്കി. ജോസ് കെ.മാണി എം.പി ആയതിനാൽ അന്നുതന്നെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. എം.പിയായിരുന്ന ജോയി എബ്രഹാമിനെയും സമരത്തിൽ പങ്കെടുത്തെങ്കിലും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ല.
പി.ജെ ജോസഫ്, മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ, ടി.യു കുരുവിള, തുടങ്ങിയവരാണ് ജോസഫ് പക്ഷത്തുനിന്ന് കോടതിയിൽ ഹാജരായത്. ജോസ് പക്ഷത്തുനിന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, പാർട്ടി ജനറൽ സെക്രട്ടറി ജോബ് മൈക്കിൾ തുടങ്ങിയ നേതാക്കൾ കോടതിയിൽ ഹാജരായി. കൃത്യം പതിനൊന്ന് മണിക്ക് തന്നെ കേസ് വിളിച്ചു. പി.ജെ ജോസഫ് അടക്കമുള്ള നേതാക്കൾ കോടതിയിൽ ഹാജരായി. പേര് വിളിച്ചപ്പോഴേക്കും മോൻസ് ജോസഫും തോമസ് ഉണ്ണിയാടനും ഓടിക്കിതച്ച് കോടതിമുറിയിൽ എത്തി. കോടതി കേസ് വിളിച്ചപ്പോൾ മാപ്പു പറഞ്ഞു. പിഴയടയ്ക്കാൻ തയാറാണെന്ന് അറിയിച്ചു.