Sorry, you need to enable JavaScript to visit this website.

സംവരണ അട്ടിമറി: 5000 കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം

കേരള സർക്കാരിന്റെ സംവരണ അട്ടിമറിക്കെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധം  സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വണ്ടൂരിൽ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം- ഇടതു സർക്കാർ കേരളത്തിൽ സംവരണ അട്ടിമറി നടത്തി ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ദളിത്-പിന്നോക്ക സമുദായങ്ങളെ സംവരണ അട്ടിമറി നടത്തി വഞ്ചിക്കുന്ന ഇടതു സർക്കാർ നീക്കത്തിനെതിരെ വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭ പരിപാടികളുടെ ഉദ്ഘാടനം മലപ്പുറം ജില്ലയിലെ വണ്ടൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
മെഡിക്കൽ പി.ജി സീറ്റുകളിൽ ജനസംഖ്യയിൽ 70 ശതമാനം വരുന്ന മുഴുവൻ ഒ.ബി.സി സമുദായങ്ങൾക്കുമായി ആകെ 9 ശതമാനം സീറ്റുകൾ സംവരണം ചെയ്തപ്പോൾ 20 ശതമാനത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള മുന്നോക്ക സമുദായങ്ങൾക്കായി 10 ശതമാനം സീറ്റ് സംവരണം ചെയ്തിരിക്കുന്നു. മുന്നോക്ക സമുദായ സംവരണം പരമാവധി 10 ശതമാനം വരെയാകാം എന്ന പഴുതുപയോഗിച്ച് ഏറ്റവും ഉയർന്ന സംവരണ തോതാണ് കേരളത്തിൽ തൊഴിൽ വിദ്യാഭ്യാസ മേഖലയിൽ പിണറായി സർക്കാർ നടപ്പാക്കിയത്. എൻജിനീയറിംഗ് പി.ജിയിലാകട്ടെ ഒബിസി സമുദായങ്ങൾക്കാകെ 5 ശതമാനം മാത്രമാണ് സീറ്റുള്ളത്. അവിടെയും മുന്നോക്കക്കാർക്ക് 10 ശതമാനമാണ് സംവരണം. പിന്നോക്ക സമൂഹങ്ങളിലെ സാമ്പത്തിക പിന്നോക്കർക്ക് മാത്രമാണ് സംവരണമെങ്കിലും അതിനെ പിന്നോക്ക സംവരണം എന്നേ പ്രയോഗിക്കാറുള്ളൂ. 

മുന്നോക്ക സമൂഹങ്ങൾക്ക് നൽകിയ സംവരണം മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കക്കാർക്ക് മാത്രം എന്ന് പ്രയോഗിക്കുന്നത് തന്നെ ആസൂത്രിതമായ വഞ്ചനയാണ്. തൊഴിൽ മേഖലയിലെ സംവരണത്തോതിൽ പിന്നോക്ക സമുദായങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലും സംവരണം നൽകണം. ലോക്‌സഭ പാസാക്കിയ സംവരണ നിയമത്തിനെതിരെ സുപ്രീം കോടതി തീർപ്പാക്കുന്നതുവരെ മുന്നോക്ക സംവരണം അനുവദിക്കരുത്. നവോത്ഥാന മൂല്യങ്ങളിലൂടെ നേടിയ സാമൂഹ്യമാറ്റത്തെ പിറകോട്ട് നയിക്കാനാണ് സംഘ്പരിവാർ മുന്നോക്ക സംവരണം വേണമെന്ന് വാദിക്കുന്നത്. 

ഇടതുപക്ഷം സംഘ്പരിവാറിനേക്കാൾ ശക്തമായി സവർണ സംവരണത്തിന് വാദിക്കുന്നത് അവരുടെ കാപട്യമാണ് വെളിവാക്കുന്നത്. സംവരണ സമുദായങ്ങൾ ഒന്നിച്ച് നിന്ന് സംവരണ അട്ടിമറിക്കെതിരെയും പിന്നോക്ക വിഭാഗങ്ങളെ അധികാര വിദ്യാഭ്യാസ മേഖലയിലെ പ്രാതിനിധ്യത്തിൽ നിന്ന് തടയാനുള്ള ശ്രമത്തിനെതിരെയും ചെറുത്തു നിൽപ്പുകളുയർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വണ്ടൂരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം സി.എച്ച് സകരിയ അധ്യക്ഷത വഹിച്ചു. വെൽഫയർ പാർട്ടി വണ്ടൂർ മണ്ഡലം പ്രസിഡന്റ് അബ്ദുല്ലകോയ തങ്ങൾ, ഗഫൂർ മോയിക്കൽ എന്നിവർ സംസാരിച്ചു. യാസിർ വാണിയമ്പലം, അജ്മൽ.കെ, ജംഷീർ ചെറുകോട്, അൻവർ പി.സി എന്നിവർ നേതൃത്വം നൽകി.

കേരളത്തിലെ വിവിധ ജില്ലകളിലായി അയ്യായിരത്തിലധികം കേന്ദ്രങ്ങളിൽ കോവിഡ് മാർഗ നിർദ്ദേശങ്ങൾ പാലിച്ച് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാന  ജില്ലാ നേതാക്കൾ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകി.
 

Latest News