Sorry, you need to enable JavaScript to visit this website.

ഗായകനും നടനുമായ സീറോ ബാബു അന്തരിച്ചു

കൊച്ചി- നാടക സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു എന്ന കെ.ജെ. മുഹമ്മദ് ബാബു (80) നിര്യാതനായി. കബറടക്കം ഇന്ന് എറണാകുളം നോർത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ.  വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പി.ജെ. തീയറ്റേഴ്‌സിന്റെ 'ദൈവവും മനുഷ്യനും' എന്ന നാടകത്തിലെ ഗാനം, ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ എന്ന ഗാനവും കെ.ജെ. മുഹമ്മദ് ബാബുവിന്റെ പേരിനു മുമ്പിൽ സീറോ എന്ന് പേര് കൂട്ടിചേർത്തത്. ആദ്യകാലത്ത് നാടക ഗാനങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. 1960 മുതൽ പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. പത്താം വയസ്സിൽ പാടിത്തുടങ്ങി. 'കുടുംബിനി' എന്ന സിനിമയിലെ 'കണ്ണിനു കണ്ണിനെ കരളിന് കരളിനെ തമ്മിലകറ്റി നീ കനിവുറ്റ ലോകമേ' തുടങ്ങി 'പോർട്ടർ കുഞ്ഞാലിയിൽ ബാബുരാജ് ശ്രീമൂലനഗരം വിജയൻ ടീമിന്റെ 'വണ്ടിക്കാരൻ ബീരാൻ കാക്ക രണ്ടാം കെട്ടിന് പുതി വച്ച്', ബാബുരാജിന്റെ തന്നെ സംഗീതത്തിൽ സുബൈദയിൽ മെഹ്ബൂബുമൊത്തു പാടിയ 'കളിയാട്ടക്കാരി കിളിനാദക്കാരി കണ്ടാൽ സുന്ദരി മണവാട്ടി എന്ന കോമഡി ഗാനവും പാടിയിരുന്നു. അറുപതോളം സിനിമാഗാനങ്ങൾ പാടിയിട്ടുണ്ട്. അവസാനമായി അഭിനയിച്ചത് കാബൂളിവാല എന്ന സിനിമയിലാണ്.
ഭാര്യ: ആത്തിക്ക ബാബു. മക്കൾ: സൂരജ് ബാബു, സുൽഫി ബാബു, സബിത സലാം, ദീപത്ത് നസീർ. മരുമക്കൾ: സുനിത സൂരജ്, സ്മിത സുൽഫി, അബ്ദുൽ സലാം, മുഹമ്മദ് നസീർ. 

Latest News