ജിദ്ദ- 'ഇന്ത്യ @ 70' ആഘോഷ പരിപാടികളുടെ ഭാഗമായി കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ജിദ്ദ മലയാളി സമൂഹം അണിയിച്ചൊരുക്കുന്ന 'കേരളോത്സവം-2017'ന് നാളെ കേളികൊട്ടുയരും. കോൺസുലേറ്റ് അങ്കണം അക്ഷരാർഥത്തിൽ രണ്ടു ദിവസം കൊച്ചു കേരളമായി മാറും. കേരളീയ സംസ്‌കൃതിക്ക് ചാരുത പകരുന്ന വൈവിധ്യമാർന്ന കലാ പരിപാടികളും കലാ രൂപങ്ങളും ചിത്രശിൽപങ്ങളും വാണിഭങ്ങളുമെല്ലാം ഒത്തുചേരുന്ന കേരളോത്സവം മറുനാട്ടുകാർക്ക് കേരളത്തെക്കുറിച്ച് അറിയാനുള്ള അവസരം ഒരുക്കും. പുതിയ തലമുറക്ക് പാരമ്പര്യ കലകളെയും കേരളീയ സാംസ്‌കാരിക പാരമ്പര്യത്തെയും അടുത്തറിയാനും ഉത്സവം സഹായിക്കും.
വെള്ളി, ശനി ദിവസങ്ങളിൽ വേകുന്നേരം നാലു മുതൽ രാത്രി 11 വരെ നടക്കുന്ന വൈവധ്യമാർന്ന കലാ പരിപാടികളും പ്രദർശന സ്റ്റാളുകളുകളും ഒത്തുചേർന്ന കാർണിവൽ കേരളീയ സമൂഹത്തിന് പുത്തൻ അനുഭവമാകും സമ്മാനിക്കുക. പ്രവേശനം സൗജന്യമാണ്. സ്റ്റേജിതര പരിപാടികൾക്ക് പ്രാമുഖ്യം നൽകി കാണികൾക്ക് ഏതു സമയവും വന്നു പോകുന്നതിനും ഇഷ്ടമുള്ള പരിപാടികൾ ആസ്വദിക്കുന്നതിനും കഴിയുംവിധമാണ് പരിപാടികൾ സജ്ജീകരിച്ചിരിക്കുന്നത്. കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സംബന്ധിക്കും.
ജിദ്ദ സമൂഹത്തിന് കലാ കൈരളിയുടെ ഒട്ടേറെ പരിപാടികൾ സംഭാവന ചെയ്ത അനിൽ നാരായണയും പ്രശസ്ത നൃത്താധ്യാപിക ഷെൽന വിജയും അണിയിച്ചൊരുക്കുന്ന ദൃശ്യകേരളം പരിപാടിയോടെയായിരിക്കും തുടക്കം. കേരളത്തിന്റെ തനതു കലകളെ കോർത്തിണക്കിയുള്ള ദൃശ്യവിരുന്നായി പരിപാടി മാറും. കൂടാതെ അമ്പതോളം വനിതകൾ ചുവടുവെക്കുന്ന തിരുവാതിരക്കളി, ഇമ്പമാർന്ന ഇശലുകളുടെ അകമ്പടിയോടെ അരങ്ങിലെത്തുന്ന മൊഞ്ചത്തിമാരുടെ ഒപ്പന, കഥകളി, മോഹനിയാട്ടം, കോൽകളി, നൃത്തനൃത്യങ്ങൾ, സംഗീത വിരുന്ന് തുടങ്ങിയ പരിപാടികൾ ഒന്നൊന്നായി വേദികളിലും വേദിക്കു പുറത്തുമായി എത്തിക്കൊണ്ടിരിക്കും.
പതിനഞ്ചിലേറെ സ്റ്റാളുകളായിരിക്കും മറ്റൊരാകർഷണം. കളരിപ്പയറ്റ്, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെ അനുസ്മരിപ്പിക്കുന്ന ആനക്കാഴ്ച, വള്ളംകളി തുടങ്ങിയവയുടെ ദൃശ്യാവിഷ്‌കാരം സ്റ്റാളുകളിലുണ്ടാവും. കൂടാതെ കുട്ടികൾക്കായി കിഡ്‌സ് കോർണർ, ആർക്കും പാടാൻ അവസരമൊരുക്കി മ്യൂസിക് ലൈവ്, രുചിഭേദങ്ങളുടെ കലവറയൊരുക്കി ഭക്ഷ്യമേള തുടങ്ങിയവയും കേരളോത്സവ നഗരിയിലുണ്ടാകും.
ജനങ്ങൾക്ക് വന്നു പോയി പരിപാടികൾ കാണാനാവും വിധം കലാ പരിപാടികൾ ആവർത്തിച്ചു കൊണ്ടിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം നാലിനും 11 നും ഇടയിൽ കാർണിവൽ നഗരിയിലെത്തി ഇഷ്ടമുള്ള പരിപാടികൾ ആസ്വദിച്ചും രുചിഭേദങ്ങൾ രുചിച്ചറിഞ്ഞും പോകാൻ കഴിയും.
കേരളീയ സമൂഹത്തിന്റെ പൊതു പരിപാടിയെന്ന നിലയിൽ കേരളോത്സവവുമായി എല്ലാവരും പരമാവധി സഹകരിക്കണമെന്ന് സംഘാടക സമിതി ചെയർമാൻ കെ.എം. ഷെരീഫ് കുഞ്ഞും കൺവീനർ വി.കെ.എ റഊഫും അഭ്യർഥിച്ചു. കേരളോത്സവത്തിന് സാക്ഷ്യം വഹിക്കാനെത്തുന്നവർ കേരളീയ വേഷവിധാനത്തോടെയായാൽ പരിപാടിക്ക് മാറ്റു കൂട്ടുമെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും ആസ്വദിക്കാനാവും വിധമാണ് കലാ പരിപാടികൾ അണിയിച്ചൊരുക്കിയിട്ടുള്ളതെന്നും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.ടി.എ മുനീർ പറഞ്ഞു. കോൺസുലേറ്റ് കോർഡിനേറ്റർ ബോബി മാനാട്ടിനെ കൂടാതെ അഹമ്മദ് പാളയാട്ട്, പി.പി റഹീം, അബൂബക്കർ അരിമ്പ്ര, ഷിബു തിരുവനന്തപുരം, അബ്ദുൽ മജീദ് നഹ, വി.പി മുസ്തഫ എന്നിവർ കൺവീനർമാരായുള്ള വിവിധ സബ് കമ്മിറ്റികളും കേരളോത്സവം ഒരു ചരിത്ര സംഭവമാക്കുന്നതിനുള്ള ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിച്ചു വരുന്നു. എന്നും ഓർമിക്കാവുന്ന മധുരമൂറുന്ന അനുഭവങ്ങളായിരിക്കും കേരളോത്സവം സമ്മാനിക്കുകയെന്ന് സംഘാടകർ അവകാശപ്പെട്ടു.
ഇതിന്റെ ഭാഗമായി നടന്ന ഫുട്‌ബോൾ, വടംവലി മത്സരങ്ങളിലെ വിജയികൾക്കും ഉപന്യാസ മത്സര വിജയികൾക്കുമുള്ള സമ്മാനങ്ങളുടെ വിതരണം വേദിയിൽ നടക്കും.