റിയാദ് - ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കിയ ആശ്രിതര്‍ രാജ്യം വിടാത്ത പക്ഷം രക്ഷകര്‍ത്താവിന്റെ ഇഖാമ പുതുക്കുമ്പോള്‍ ആശ്രിതരുടെ കൂടി ലെവിയും ഇഖാമ പുതുക്കാനുള്ള ഫീസും അടക്കേണ്ടിവരുമെന്ന് ജവാസാത്ത് വ്യക്തമാക്കി. വിദേശിയുടെ ചോദ്യത്തിനു മറുപടിയായാണ് ജവാസാത്തിന്റെ വിശദീകരണം.
തന്റെ ഇഖാമ ഈ മാസം 30 ന് അവസാനിക്കും. ഭാര്യക്കും മക്കള്‍ക്കും 25 ന് ഫൈനല്‍ എക്‌സിറ്റ് നല്‍കും. എന്നാല്‍ ഡിസംബര്‍ 20 നു മാത്രമേ ഭാര്യയും മക്കളും സൗദി അറേബ്യ വിടുകയുള്ളൂ. ഈ സാഹചര്യത്തില്‍ ഈ മാസം 30 ന് തന്റെ മാത്രം ഇഖാമ പുതുക്കാന്‍ കഴിയുമോയെന്നായിരുന്നു ചോദ്യം.
ഭാര്യക്കും മക്കള്‍ക്കും ഫൈനല്‍ എക്‌സിറ്റ് നല്‍കിയാലും രക്ഷകര്‍ത്താവിന്റെ ഇഖാമ പുതുക്കുന്ന സമയത്ത് അവര്‍ രാജ്യം വിട്ടിട്ടില്ലെങ്കില്‍ ആശ്രിത ലെവിയും ഇഖാമ ഫീസും നല്‍കേണ്ടിവരുമെന്ന് ജവാസാത്ത് വ്യക്തമാക്കി.